കെവിൻറെ ജാതിക്കൊലപാതകം: വിസ്താരം പൂർത്തിയായി; ഓഗസ്റ്റ് 14ന് വിധി പറയും

സംസ്ഥാനത്തെ ഞെട്ടിച്ച ജാതിക്കൊലപാതകമായ കോട്ടയം കുമാരനല്ലൂർ സ്വദേശി കെവിന്‍ വധക്കേസിൻറെ വിസ്തരം പൂർത്തിയായി. ഓഗസ്റ്റ് 14നാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയുന്നത്. കേസിലെ 14 പ്രതികളുടെയും അന്തിമ വിചാരണ ഇന്ന് പൂര്‍ത്തിയായി. മൂന്നു മാസം നീണ്ടുനിന്നതായിരുന്നു വിചാരണ.

കെവിന്റെത് ദുരഭിമാന കൊലയാണെന്ന് തന്നെയാണ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നത്. നരഹത്യ ഉള്‍പ്പെടെ 10 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നത്. 179 സാക്ഷിമൊഴികളും 176 പ്രമാണങ്ങളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍, സിസിടിവി ദൃശ്യങ്ങള്‍, ആക്രമിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ അടക്കമുള്ള 56 തെളിവുകളും പ്രോസിക്യൂഷന്‍ വിചാണയ്ക്കിടെ ഹാജരാക്കിയിരുന്നു. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുമടക്കമുള്ളവരാണ് കേസിലെ പ്രതികള്‍.

കഴിഞ്ഞവര്‍ഷം മേയ് 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയ വിവാഹത്തിന്റെ പേരില്‍ കെവിനെ നീനുവിന്റെ വീട്ടുകാര്‍ ഉള്‍പ്പെടുന്ന സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. നീനുവിനെ വിട്ടുകിട്ടാന്‍ പരാതിയുമായി ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി. കെവിനെയും നീനുവിനെയും സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പോലീസുകാര്‍ വീട്ടുകാര്‍ക്കൊപ്പം പോകാന്‍ നീനുവിനെ നിര്‍ബന്ധിച്ചു. രജിസ്റ്റര്‍ വിവാഹത്തിന്റെ രേഖകള്‍ കാണിച്ചിട്ടും പോലീസ് വഴങ്ങിയില്ല.

നീനു വിസമ്മതിച്ചതോടെ വീട്ടുകാര്‍ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചു. ബഹളം കേട്ട് നാട്ടുകാര്‍ തടിച്ചുകൂടിയതോടെ വീട്ടുകാര്‍ പിന്‍വാങ്ങുകയായിരുന്നു. മേയ് 27ന് കെവിനെയും ബന്ധു അനീഷിനെയും ബന്ധുവീട്ടില്‍ നിന്ന് നീനുവിന്റെ സഹോദരന്‍ ഷാനുവിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി.

കെവിനെയും ബന്ധുവിനെയും കൊല്ലം തെന്മന ഭാഗത്തേക്ക് കൊണ്ടുപോയ സംഘം മര്‍ദ്ദിച്ച് അവശരാക്കി. ഇതിനിടെ ബന്ധുവിനെ വിട്ടയച്ചു. കെവിന്റെ മൃതദേഹം പിറ്റേന്ന് ആറ്റില്‍ കണ്ടെത്തി. കെവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം ആറ്റില്‍ തള്ളുകയായിരുന്നു. കെവിന്റെത് കൊലപാതകമാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ മൊഴി നല്‍കിയിരുന്നു. വിചാരണയ്ക്കിടെ അഞ്ച് സാക്ഷികള്‍ കൂറുമാറി. സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന് രണ്ട് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.