നിപ ഭീതി വേണ്ട: ആലപ്പുഴയില്‍ വവ്വാലുകൾ കൂട്ടത്തോടെ ചത്തത് പട്ടിണി മൂലം; ആമാശയം കാലി

ആലപ്പുഴയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ നിപ ആശങ്ക വേണ്ടെന്ന് റിപ്പോര്‍ട്ട്. കൂട്ടത്തോടെ ചത്ത വവ്വാലുകളുടെ ആമാശയം കാലിയായിരുന്നുവെന്നും അവ ചത്തത് പട്ടിണി കിടന്നാണെന്നുമുള്ള മൃഗസംരക്ഷണ വകുപ്പിന്റെ തിരുവല്ലയിലെ ഏവിയന്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയുടെ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.

ആലപ്പുഴ തെക്ക് പഞ്ചായത്തില്‍ കുറുപ്പംകുളങ്ങര ചിന്നന്‍കവലയ്ക്ക് സമീപം പൂട്ടിക്കിടന്ന കയര്‍ ഗോഡൗണിലാണ് കഴിഞ്ഞ ദിവസം വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. പ്രവര്‍ത്തനം നിലച്ച ഗോഡൗണിന്റെ ഒരു വാതില്‍ തുറന്നു കിടന്നിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. ഇതുവഴിയാണ് വവ്വാലുകള്‍ ഉള്ളില്‍ കടന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം മനുഷ്യര്‍ ആരെങ്കിലുമോ, അല്ലെങ്കില്‍ കാറ്റിലോ മഴയിലോ വാതില്‍ അടഞ്ഞുപോയി വവ്വാലുകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെ വരികയും വെള്ളവും തീറ്റയുമില്ലാതെ ചത്തുപോകുകയും ആയിരിക്കമെന്നാണ് അധികൃതരുടെ കണ്ടെത്തല്‍.

ഗോഡൗണിനുള്ളില്‍ 150 ലേറെ വവ്വാലുകളെയാണ് കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തിയത്. രൂക്ഷമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് ഗോഡൗണ്‍ തുറന്നു നോക്കിയപ്പോഴാണ് പ്രദേശവാസികള്‍ ഈ കാഴ്ച കണ്ടത്.

ശ്വാസകോശ ഭാഗങ്ങള്‍ പുഴുവരിച്ചു പോയതിനാല്‍ വവ്വാലുകള്‍ ശ്വാസംമുട്ടിയാണ് ചത്തതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല, വലിയ വവ്വാലുകള്‍ മാത്രമാണ് നിപ വാഹകരെന്നും നിപ ബാധിച്ച് വവ്വാലുകള്‍ ചാകില്ലെന്നും അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു.