ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥം മലയാളികളെ ലളിതമായി പഠിപ്പിച്ച ടി. രാമലിംഗം പിള്ള

ആഗസ്റ്റ് 1: ടി. രാമലിംഗം പിള്ള (1880 – 1968)യുടെ ഓർമ്മ ദിനം .

സി.ആർ.സുരേഷ്

അസാമാന്യ വ്യക്തിത്വമായിരുന്നു ടി. രാമലിംഗം പിള്ള. പക്ഷേ ഇന്നോളം യാതൊരു അംഗീകാരവും നമ്മൾ ടി.രാമലിംഗം പിള്ളയ്ക്ക് നൽകുകയുണ്ടായില്ല. ഒരു ജീവിതകാലം മുഴുവൻ കൈരളിയ്ക്കായ് ചെലവഴിച്ചു അദ്ദേഹം. സ്മാരകമോ സ്ഥാപനമോ ഒന്നുമില്ല… ഒരു പക്ഷേ, 1500 രൂപ മാത്രമായിരിക്കും അദ്ദേഹം കൈപ്പറ്റിയ പ്രതിഫലം…

പതിറ്റാണ്ടുകളായി ഒരു സർക്കാർ വകുപ്പ് സർവ്വവിജ്ഞാനകോശമുണ്ടാക്കാൻ തുടങ്ങിയിട്ട്.ഇപ്പോഴും എവിടെയുമെത്തിയിട്ടില്ല. ഉണ്ടാക്കിയതോ പലതും അബദ്ധപ്പഞ്ചാംഗങ്ങൾ .. ഈ സുഖസമൃദ്ധിയിലിരുന്ന്, എല്ലാ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി അങ്ങനെ പോകുന്നു.

അതെ,ചിലരുടെ ഏകാന്ത ധ്യാനങ്ങളാണ് മഹത്തായ സൃഷ്ടികളാവുന്നത്…അവയ്ക്കാണ് കാലാതീതമഹത്വമുണ്ടാകുന്നത്.ശബ്ദഘോഷങ്ങളാൽ മുഖരിതമായ ഈ അന്തരീക്ഷത്തിൽ നാലുവരിയെഴുതുന്നവർ പോലും പ്രതിഭ എന്ന വലിയ പദത്താൽ ആദരിക്കപ്പെടുമ്പോൾ അർഹിക്കുന്നവർ അവഗണിക്കപ്പെടുന്നു.

ബൃഹത്തായ ഒരു ഇംഗ്ലീഷ് – മലയാളം ശബ്ദകോശത്തിന്റെ അഭാവം പരിഹരിക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ് രാമലിംഗം പിള്ള നിഘണ്ടു നിർമ്മാണത്തിലേക്കു തിരിഞ്ഞത്. ചേമ്പേഴ്‌സ് ട്വന്റിയത്ത് സെഞ്ച്വറി ഡിക്ഷ്ണറി, അന്നാ ഡെയിൽസ് ഡിക്ഷ്ണറി, കൺസൈസ് ഓക്സ്ഫഡ് ഡിക്ഷ്ണറി തുടങ്ങി അന്ന് പ്രചാരമുള്ള നിഘണ്ടുക്കളിൽ നിന്ന് ആവശ്യമായ ഇംഗ്ലീഷ് പദങ്ങൾ അദ്ദേഹം സമാഹരിച്ചു.

160 പേജുകളുള്ള സഞ്ചികകളായാണ് നിഘണ്ടു പ്രസിദ്ധീകരിച്ചത്. ആദ്യഭാഗം 1938 സെപ്തംബറിൽ പുറത്തുവന്നു.1956 ഒക്ടോബറിൽ പൂർത്തിയായി. അതേവർഷം നിഘണ്ടുവിന്റെ ഒരു പ്രതി അന്നത്തെ ഗവർണർ ബി.രാമകൃഷ്ണറാവുവിന് സമ്മാനിക്കുകയും തിരിച്ചു സമ്മാനമായി 1500 രൂപ ലഭിക്കുകയും ചെയ്തു.

1916 – ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ മലയാളം റീഡർ തസ്തികയിൽ വന്ന ഒഴിവിലേക്ക് രാമലിംഗം പിള്ള അപേക്ഷ നൽകിയെങ്കിലും യോഗ്യതയുണ്ടായിട്ടും, അന്ന് സെനറ്റ് മെമ്പർ ആയിരുന്ന ജസ്റ്റിസ് ശങ്കരൻനായർ ‘തിരുനെൽവേലിക്കാരനായ ഒരു തമിഴൻ’ റീഡറാകുന്നത് എതിർത്തതിനെ തുടർന്ന് 35 വർഷത്തെ കഠിന പരിശ്രമത്തിന്റെ ഫലമാണ് ഈ ശബ്ദകോശം.

ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെടുന്ന ദ്വിഭാഷാ നിഘണ്ടുവാണ്,
‘ഇംഗ്ലീഷ് – ഇംഗ്ലീഷ് – മലയാളം നിഘണ്ടു’.ടി.രാമലിംഗം പിള്ളയുടെ മറ്റൊരു പ്രശസ്ത കൃതിയാണ് ‘മലയാളം ശൈലീ നിഘണ്ടു’. ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ച ആദ്യ പുസ്തകവും (1975) അതായിരുന്നു.ഇംഗ്ലീഷ്, മലയാളം, തമിഴ് എന്നീ ഭാഷകളിലായി ഏതാനും കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്.

1901-ൽ പ്രസിദ്ധീകരിച്ച വിവർത്തന കൃതിയായ ‘പത്മിനി’, സ്വതന്ത്ര കൃതികളായ ലേഖന മഞ്ജരി (1928), ആധുനിക മലയാള ഗദ്യ രീതി, ദേശബന്ധു സി.ആർ.ദാസിന്റെ ജീവചരിത്രസംക്ഷേപം (1922), ഷെക്സ്പിയറുടെ പന്ത്രണ്ടു നായികമാർ തുടങ്ങിയ കൃതികൾ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ നിദർശനങ്ങളാണ്.

‘English idioms and Phrases with Meanings in English and Equivalents in Malayalam’ എന്നൊരു നിഘണ്ടുവിന്റെ പണി അദ്ദേഹം ആരംഭിച്ചെങ്കിലും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല.