യുക്തിയെയും ശാസ്ത്രത്തെയും ദൈവമായി കാണുന്ന മറ്റൊരു തരം ഹീനമായ ദൈവവിശ്വാസം

പ്രൊഫ. വി.വിജയകുമാർ (ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്, കെമിസ്ട്രി Dpt)

ശാസ്ത്രം ആപേക്ഷികമായ മെച്ചങ്ങളുള്ള വ്യവഹാരമാണ്. എന്നാല്‍, മനുഷ്യന്റെ എല്ലാ വ്യവഹാരങ്ങളുടേയും മാനദണ്ഡമാകാനുള്ള അംഗീകാരമല്ലത്. ഓരോ വ്യവഹാരവും വ്യതിരിക്തവും അവയുടെ മേഖലകളില്‍ പ്രസക്തവുമാണ്. അവ പരസ്പരം പ്രതിപ്രവര്‍ത്തിക്കുന്നതും പലതും പങ്കുവയ്ക്കപ്പെടുന്നതുമാണു താനും. പരസ്പരവിമര്‍ശവും അത്യാവശ്യമാണ്. എന്നാല്‍, ഏതെങ്കിലും ഒരു വ്യവഹാരത്തിന്റെ മൂല്യങ്ങളിലേക്ക് ഇതരവ്യവഹാരങ്ങളെ ചുരുക്കാനുള്ള ശ്രമങ്ങള്‍ അനുലോമമല്ല.

വൈദ്യശാസ്ത്രം വസ്തുനിഷ്ഠതയുടെ ആശയലോകത്തിനു പുറത്താണ്. വസ്തുനിഷ്ഠതയെ കുറിച്ചുള്ള പുത്തന്‍ ധാരണകള്‍ക്കുള്ളില്‍ അതിനെ ഉള്‍പ്പെടുത്താനാകില്ല. വൈദ്യശാസ്ത്രം പ്രയോജനാത്മകമായ സമീപനത്തില്‍ നില്‍ക്കുന്നതാണ്. രോഗങ്ങളെ ചികിത്സിക്കുന്നതിന് വിവിധ സങ്കേതങ്ങളെ പല കാലങ്ങളില്‍ മനുഷ്യര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം അതാത് ചരിത്രഘട്ടങ്ങളില്‍ അതിന്റേതായ പങ്കു നിര്‍വ്വഹിച്ചിട്ടുമുണ്ട്. ആധുനിക ശാസ്ത്രസാങ്കേതികവിദ്യയുടെ മികവുകളെ ഉപയോഗപ്പെടുത്തുന്നതിനുള്ള അവസരം ലഭിച്ചത് അലോപ്പതിക്കാണ്. അതുകൊണ്ട് അതിന് കൂടുതല്‍ ഫലപ്രദമായ ചില ഇടപെടലുകള്‍ക്കു കഴിയുന്നുണ്ട്.

ഇതിന്നര്‍ത്ഥം നേരത്തെ ഫലപ്രദമെന്നു ബോദ്ധ്യപ്പെട്ടിരുന്ന നാട്ടുമരുന്നുകള്‍ അപ്രസക്തമായെന്നല്ല. നാട്ടുമരുന്നുകള്‍ എങ്ങനെ പ്രവര്‍ത്തനക്ഷമമാകുന്നുവെന്ന് ശാസ്ത്രീയാന്വേഷണങ്ങള്‍ നടത്തുന്നതില്‍ ഒരു തെറ്റുമില്ല. അത് പരസ്പരപ്രതിപ്രവര്‍ത്തനത്തിന്റെയോ പങ്കുവയ്ക്കലിന്റെയോ ഭാഗമായിട്ടാണെങ്കില്‍. മറിച്ച്, നാട്ടുമരുന്നിനു നിലനില്‍ക്കണമെങ്കില്‍ അലോപ്പതിയുടെ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്നു വാദിക്കുന്നുവെങ്കില്‍ അതൊരു കടന്നാക്രമണമാണ്. സാഹിത്യം ശാസ്ത്രീയമായിരിക്കണമെന്നു വാദിക്കുന്നതു പോലെയുള്ള ആക്രമണം. ആയുര്‍വ്വേദത്തിനും ഹോമിയോപ്പതിക്കും എതിരെ ഇപ്പോള്‍ ആധുനികവൈദ്യന്മാരുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ആക്രോശങ്ങള്‍ ഇത്തരത്തിലുള്ളതാണ്.

ഹോമിയോപ്പതിയും ആയുര്‍വ്വേദവും അവയുടെ പരിമിതികള്‍ക്കുള്ളില്‍ സാമൂഹികമായ പ്രസക്തി തെളിയിച്ചവയാണ്. അവ ചുരുങ്ങിയ മണ്ഡലങ്ങളില്‍ മാത്രമേ പ്രസക്തമാകുന്നുള്ളൂവെന്നതു ശരിയായിരിക്കാം. ന്യൂട്ടോണിയന്‍ ഭൗതികം ക്വാണ്ടം ഭൗതികത്തെ അപേക്ഷിച്ച് പരിമിതമായ ക്ഷമതയുള്ളതാണല്ലോ. അതിനാല്‍ ന്യൂട്ടോണിയന്‍ ഭൗതികം അപ്രസക്തമാകുന്നുണ്ടോ? ഇല്ല. മറ്റു വൈദ്യശാസ്ത്രവ്യവസ്ഥകളെ അടിച്ചൊതുക്കാന്‍ ശ്രമിക്കാതെ, ആധുനികവൈദ്യവ്യവസ്ഥ സ്വയം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ചികിത്സിക്കാന്‍ ശ്രമിക്കുകയാണ് ആദ്യം വേണ്ടത്. മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍, ഒരു രോഗത്തിന്റെ ചികിത്സ മറ്റു രോഗങ്ങളെ സൃഷ്ടിക്കുന്ന സ്ഥിതിവിശേഷങ്ങള്‍, സവിശേഷവല്‍ക്കരണം സൃഷ്ടിച്ചിരിക്കുന്ന കുഴപ്പങ്ങള്‍, ഔഷധവ്യവസായം സൃഷ്ടിക്കുന്ന അനീതികള്‍…ഇങ്ങനെ എത്രയെത്ര പ്രശ്‌നങ്ങളെ അതിനു സ്വയം പരിഹരിക്കാനുണ്ട്. ആധുനികവൈദ്യം ഉപയോഗിക്കുന്ന ചില രീതികളെ പഴയ വൈദ്യശാസ്ത്രങ്ങള്‍ സ്വീകരിക്കുന്നതു പോലെ അവയില്‍ നിന്നും ചിലതെല്ലാം ആധുനികവൈദ്യത്തിനും സ്വീകരിക്കാനുണ്ടാകും.

കേരളത്തിലെ യുക്തിവാദികൾ ശാസ്ത്രത്തെ കുറിച്ച് സ്വീകരിക്കുന്ന അബദ്ധജടിലമായ ഒരു സമീപനത്തിന്റെ തുടർച്ചയാണ് ഇതര വൈദ്യശാസ്ത്രശാഖകൾക്കെതിരെ അവർ നടത്തുന്ന പ്രചാരണങ്ങൾഎന്നു കാണാൻ കഴിയും. യാഥാർഥ്യത്തിനു ഒരു ഒറ്റമുഖമേയുള്ളൂവെന്നു കരുതുന്ന,ഒരൊറ്റ രീതിയിൽ മാത്രമേ അതിനെ എത്തിപ്പിടിക്കാൻ കഴിയൂ എന്ന വളരെ പ്രതിലോമകരമായ ഒരു സമീപനമാണിത്. വിജ്ഞാനത്തിന്റെ മേഖലയിലെ ഫാസിസത്തിന്റെ രൂപമാണിത്.

വൈദ്യശാസ്ത്രത്തെക്കുറിച്ച് ചിലതുകൂടി

വൈദ്യശാസ്ത്രമെന്നു വിളിക്കുമ്പോഴും അത് ശാസ്ത്രപദവിക്ക്‌ അർഹമല്ല. ഗണിതശാസ്ത്രവുമായി ബന്ധപ്പെടാത്ത ഒരു ശാസ്ത്രശാഖയും ഭൗതികശാസ്ത്രത്തിന്റെ നിലയിലുള്ള ശാസ്ത്രമാകുന്നില്ല. exact science എന്ന അർത്‌ഥത്തിൽ കൂടുതൽ കൂടുതൽ വ്യക്തമായി കൊണ്ടിരിക്കുന്ന കാര്യമാണിത്. ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠമായ അറിവുകളുടെ  ഉറവിടം അതിന്റെ algorathmic language അഥവാ  ഗണിതശാസ്ത്രഭാഷയാണ്. വൈദ്യശാസ്ത്രത്തിന് അത് അവകാശപ്പെടാനാകില്ല  ജീവശാസ്ത്രങ്ങളെയും വൈദ്യശാസ്ത്രത്തെയും  ഒരേ ചരടിൽ ബന്ധിക്കുന്നതും ശരിയല്ല. ചില ന്യൂനീകരണതന്ത്രങ്ങളിലൂടെ ജീവശാസ്ത്രങ്ങളെ  ചിലർ രസതന്ത്രത്തിലേക്കും ഭൗതികശാസ്ത്രത്തിലേക്കും  മറ്റും ചുരുക്കുകയെങ്കിലും ചെയ്യുന്നുണ്ട് (ശരിയായ വീക്ഷണമാണോ എന്നത് മറ്റൊരു പ്രശ്നമാണ് )

വൈദ്യശാസ്ത്രം ഭൗതികശാസ്ത്രത്തിന്റെ കഴിവുകളെ ഉപയോഗിക്കുന്നുവെന്നല്ലാതെ അത് ഭൗതികശാസ്ത്രത്തിലേക്കു എങ്ങനെ ചുരുക്കപ്പെടാനാണ്? ആധുനിക വൈദ്യവും ഒരു രോഗത്തിന് മരുന്ന് നിർദ്ദേശിക്കുന്നത് മിക്കവാറും പ്രയോജനവാദ സമീപനങ്ങളിൽ നിന്നു കൊണ്ടാണ്. “ഇതാണ് യാഥാർഥ്യം, ഇതിനുള്ള സിദ്ധാന്തം ഈ മരുന്നിനെ നിർദ്ദേശിക്കുന്നു. യാഥാർഥ്യം ഈ പ്രയോജനത്തെ സർവാത്മനാ പിൻതുണയ്ക്കുന്നു” എന്ന രീതിയിൽ. (ഭൗതികശാസ്ത്രത്തിലെ പരസ്പരബന്ധങ്ങൾ പോലെ)

വൈദ്യശാസ്ത്രത്തിൽ സിദ്ധാന്തയാഥാർഥ്യവും പ്രയോജനവും തമ്മിൽ പരസ്പരബന്ധങ്ങൾ കണ്ടെത്തുക വളരെ തുച്ഛമായേ സംഭവിക്കൂ  അഥവാ ആയുർവേദത്തിലെന്ന പോലെ ആധുനിക വൈദ്യത്തിലും ചെയ്യുന്നത് രോഗിക്ക് പ്രയോജനപ്പെടുന്ന ഒരു മരുന്ന് നിർദ്ദേശിക്കുന്നുവെന്നതാണ് .
ആധുനികവൈദ്യത്തിൽ അവ കൃത്യമായ  അളവുകളെ സ്വീകരിക്കുന്നതു കൊണ്ട് സ്റ്റാറ്റിസ്റ്റിക്കൽ പരീക്ഷണങ്ങളിൽ വിജയിക്കുന്നു. അളവുകളെ കുറിച്ച് ഭൗതികശാസ്ത്രസിദ്ധാന്തങ്ങൾ രൂപപ്പെടാത്ത കാലത്തു രൂപപ്പെട്ട മരുന്നുകളിൽ സ്റ്റാറ്റിസ്റ്റിക്‌സ് ഫലപ്രദമാകുന്നില്ല.

ഹോമിയോ, ആയുർവേദം എന്നിവ അല്ലോപ്പതിയെ അപേക്ഷിച്ചു പഴഞ്ചനാണെന്ന കാര്യത്തിൽ തർക്കമില്ല.അതിനർത്ഥം അവ ഒട്ടും ഫലപ്രദമല്ലെന്നല്ല സ്റ്റാറ്റിസ്റ്റിക്‌സ് ഭൗതികശാസ്ത്രങ്ങളെ പോലെയാണെന്ന അഭിപ്രായത്തോട് യോജിപ്പില്ല. സ്റ്റാറ്റിസ്റ്റിക്‌സ് സാമൂഹികശാസ്ത്രങ്ങളിലും ഉപയോഗിക്കുന്നുണ്ട് പലപ്പോഴും വിജയകരമായി. സാമൂഹികശാസ്ത്രങ്ങളെ പ്രകൃതിശാസ്ത്രങ്ങളോടൊപ്പം ചേർത്തുവെയ്ക്കാൻ കഴിയുമോയെന്നത് പ്രശ്നസങ്കീർണമായ ഒരു കാര്യമാണ് വൈദ്യശാസ്ത്രത്തിനു സാമൂഹികശാസ്ത്രങ്ങളോടാണ് കൂടുതൽ ചേർച്ച.പല രോഗങ്ങൾക്കും വ്യക്തികളെയല്ല ചികിൽസിക്കേണ്ടത് സാമൂഹികമായ പരിഹാരങ്ങളാണ് വേണ്ടതെന്ന എംഗൽസ് വിർചൗ തീസിസ് ഓർക്കുക ക്ഷയരോഗത്തിനു കീഴ്പ്പെടുന്ന ശരീരങ്ങൾക്കു
കാരണമാകുന്ന ദാരിദ്ര്യത്തെ ചികിൽസിക്കുക

ഇനി, മരുന്നുകളുടെ കാര്യം ആന്റിബയോട്ടിക്കുകളെ (അവ കൊല്ലുന്നവയാണല്ലോ) ഒഴിവാക്കിയാൽ  ഏതെങ്കിലും മരുന്നുകൾ സവിശേഷമായ ചികിത്സക്ക് പറ്റുന്നതാണെന്നു തെളിയിക്കുന്നതു ഭൗതികശാസ്ത്രങ്ങളുടെ സിദ്ധാന്തവിശകലനങ്ങളുടെ തുടർച്ചയിലല്ല. മറിച്ചു നേരത്തെ പറഞ്ഞു കഴിഞ്ഞ സംഭാവ്യതാപഠനങ്ങളിലൂടെയാണ് . ലബോറട്ടറികളിലെ സംഭാവ്യതാപരീക്ഷണങ്ങളിൽ വിജയിക്കുന്നവ മാത്രമാണ് സ്വീകാര്യമായവ എന്ന സമീപനത്തോട് ഞാൻ യോജിക്കുന്നില്ല.സംഭാവ്യതാ പഠനങ്ങൾ പ്രകൃതിയിലും ജീവിതത്തിലും നടക്കാം .

ജീവിതത്തിൽ, നിരവധി അനുഭവങ്ങളിൽ നിന്നു വന്ന മരുന്നുകളും ഇതേ സംഭാവ്യതാപരീക്ഷണങ്ങളിൽ വിജയിച്ചവയാണ്  കൂടുതൽ സംഭാവ്യതയോടെ പ്രവർത്തിച്ചവയാണ്. അതുകൊണ്ട് ആയുർവേദത്തിന്നെതിരെ ഉന്നയിക്കുന്ന അത്തരം ആരോപണങ്ങളിൽ ഒരു കഴമ്പുമില്ല. കീഴാർനെല്ലി ചില തരം മഞ്ഞപ്പിത്തങ്ങൾക്കു ഫലപ്രദമായി ഉപയോഗിക്കാമെന്നത് എത്രയോ അനുഭവങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരാൾക്കു പച്ചിലച്ചാറുകൾ കരളിനെ കേടുവരുത്തുമെന്നു പറയാം കേട്ടുവരുത്തൽ ഏറെ യോജിക്കുക അലോപ്പതി മരുന്നുകൾക്കാണ്

പാരസെറ്റമോൾ നിരോധിക്കപ്പെട്ടിട്ടും അത് രോഗിക്ക് നിർദ്ദേശിക്കുകയും , നൽകുകയും ചെയ്യുന്നവരും അശാസ്ത്രീയമായ പ്രവൃത്തിയാണ് ചെയ്യുന്നത് അലോപ്പതിയുടെ ദർശനം ആധുനികമാണെന്നതിൽ തർക്കമില്ല. (അതിന്റെ പ്രശ്നങ്ങൾ അത് കൂടെ കൊണ്ടുവരുന്നുണ്ടെങ്കിലും) വാതം പിത്തം കഫം എന്ന സംവർഗങ്ങളിലൂടെയുള്ള
പഠനങ്ങളെക്കാൾ ആധുനിക ഭൗതികശാസ്ത്രം നൽകിയ സംവർഗങ്ങളെ അത് ഉപയോഗിക്കുന്നുണ്ടെന്നത് ആ ചികിത്സാപദ്ധതിക്കു ആപേക്ഷികമായ മെച്ചങ്ങൾ നൽകുന്നുണ്ട്. ഇതിനർത്ഥം മറ്റൊരു പദ്ധതി പ്രകാരം നിർദ്ദേശിക്കുന്നതെല്ലാം തകരാറിൽ ആണെന്നല്ല. കാര്യകാരണബന്ധം പോലുള്ള ചില ആധുനികസംവർഗങ്ങളെ ആയുർവേദവും ഉപയോഗിക്കുന്നുണ്ട്

ചില മേഖലകളിൽ, ചില ചികിത്സകൾക്ക് മാത്രമേ  അത് പ്രവർത്തനക്ഷമമാകുന്നുള്ളൂയെന്നത് അതിന്റെപരിമിതിയാണ്. അത് രൂപം കൊണ്ട കാലത്തിന്റെയും പരിമിതിയാണ് എന്നാൽ കാലം അതിനു നൽകിയ അനുഭവസമ്പത്ത് പ്രധാനമാണ് അത് പൂർണമായും ഉപയോഗകരമല്ല എന്ന വാദം എനിക്ക് സ്വീകാര്യമായി തോന്നുന്നില്ല.ഏതു കാര്യത്തിന്റെയും വികലനത്തിനു ചരിത്രപരമായ വീക്ഷണം ഉണ്ടാകുന്നത് നല്ലതാണ്‌ മാർക്സ് നൽകിയ പാഠമാണത്
ചരിത്രവൽക്കരിക്കുക വീണ്ടും ചരിത്രവൽക്കരിക്കുക എന്ന് ഫ്രഡറിക് ജെയിംസൺ

യുക്തിയെയും ശാസ്ത്രത്തെയും ദൈവമായി കാണുന്ന മറ്റൊരു തരം ഹീനമായ ദൈവവിശ്വാസം കേരളത്തിലെ യുക്തിവാദികൾ പ്രചരിപ്പിക്കുന്നുണ്ട്. അത് പലപ്പോഴും ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവും വിജ്ഞാനവിരുദ്ധവും ആധിപത്യപരവും സർഗാത്മകമായ പ്രവർത്തനങ്ങൾക്ക്‌ എതിർ നിൽക്കുന്നതും ആണെന്നു കാണാം. മനുഷ്യരുടെ ഇതര വ്യവഹാരങ്ങൾ നിരോധിക്കപ്പെടേണ്ടതാണെന്ന നിലയിലാണ് അതിന്റെ വാദഗതികൾ നീളുന്നത്

കപടമായവയുടെ അന്ത്യം കുറിക്കുന്നത് നല്ലതാണ് മോഹനന്മാരെ പൊളിച്ചു കാട്ടണം ആധുനിക വൈദ്യം ഉപയോഗിക്കുകയും നിരോധിക്കുകയും ചെയ്ത മരുന്നുകൾക്ക് പിന്നിൽ പ്രവർത്തിച്ച കാപട്യവും കൂടി ചർച്ചക്ക് വിധേയമാക്കണം.

ഭൗതികശാസ്ത്രത്തിലെ ബോയില്‍ നിയമത്തെ കുറിച്ചു പറയുമ്പോള്‍ എംഗല്‍സ് ഇങ്ങനെ എഴുതി.- “…. നിശ്ചിതപരിധിക്കുള്ളില്‍ മാത്രമേ ബോയില്‍ നിയമം ശരിയായിട്ടുള്ളുവെന്ന് തെളിയിക്കപ്പെട്ടു. പക്ഷേ, ആ പരിധികള്‍ക്കുള്ളില്‍ തന്നെയും അത് കേവലമായും അന്തിമമായും ശരിയാണെന്നു പറയാന്‍ പറ്റുമോ? അങ്ങനെ തറപ്പിച്ചു പറയാന്‍ ഒരു ഭൗതികശാസ്ത്രജ്ഞനും തയ്യാറാവുകയില്ല. … … അതിനാല്‍ യഥാര്‍ത്ഥത്തില്‍ ശാസ്ത്രീയമായിട്ടുള്ള കൃതികള്‍ സാധാരണഗതിയില്‍ സത്യം, അസത്യം തുടങ്ങിയ വരട്ടുതത്ത്വവാദപരമായ പ്രയോഗങ്ങള്‍ ഒഴിവാക്കുകയാണ് ചെയ്യുക…”പരമ്പരാഗത സത്യസങ്കല്‍പ്പനങ്ങളില്‍ നിന്നും സത്യാത്മകതയുടെ യുക്തിയില്‍ നിന്നും ശാസ്ത്രീയതയും ശാസ്ത്രത്തിന്റെ യുക്തിയും വേര്‍പിരിയുന്നതെങ്ങനെയെന്ന് വ്യക്തമാക്കുന്ന സമീപനമാണിത്.