ആഗസ്റ്റ് 5: മാർക്സിനൊപ്പം, ലോകത്തെ മാറ്റിമറിച്ച മഹാദാർശനികൻ

സി. ആർ. സുരേഷ്

“ഒരു വർഗം മറ്റൊന്നിനു മേൽ നടത്തുന്ന അടിച്ചമർത്തലിന്റെ ഉപകരണമല്ലാതെ മറ്റൊന്നുമല്ല ഭരണകൂടം – രാജവാഴ്ചയിൽ നിന്ന് അത് ഒട്ടും കുറവല്ല ജനാധിപത്യ രാജ്യത്തും”.(എംഗൽസ്)

ജർമനിയിൽ ഒരു സമ്പന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും എംഗൽസിന്റെ മനസ്സ് എപ്പോഴും സമൂഹത്തിലെ കഷ്ടപ്പെടുന്ന അവശതയനുഭവിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ കൂടെയായിരുന്നു. തന്റെ കുടുംബംകൂടി ഉൾപ്പെടുന്ന വിഭാഗമാണ് ഈ തൊഴിലാളികളുടെ മോശം ജീവിത സാഹചര്യങ്ങൾക്ക് കാരണമെന്ന ചിന്ത എംഗൽസിനെ വളരെയധികം ചിന്തിപ്പിച്ചു. കൂടാതെ ഇംഗ്ലണ്ടിലെ ചേരികളിൽകണ്ട ബാലവേലപ്പോലുള്ള കൊടും ക്രൂരതകൾ അദ്ദേഹത്തെ വിഷമവൃത്തത്തിലാക്കി. കുടുംബത്തിന് സ്വന്തമായുണ്ടായ പരുത്തിമില്ലിൽ മേൽനോട്ടം വഹിക്കുന്നതിനായി 1840-ലാണ് അദ്ദേഹം ഇംഗ്ലണ്ടിലെത്തിയത്.

1844-ൽ കാൾ മാർക്സിന്റെ പത്രാധിപത്യത്തിൽ ‘ഫ്രാങ്കോ-ജർമൻ ഇയർ ബുക്സ്’ എന്ന ഒറ്റ ലക്കം മാത്രം പുറത്തിറങ്ങിയ പ്രസിദ്ധീകരണത്തിൽ രാഷ്ട്രീയ സമ്പദ് ശാസ്ത്രത്തെപ്പറ്റി എംഗൽസ് ഒരു ലേഖനമെഴുതി. ഇരുവരുടെയും പരിചയം ആരംഭിക്കുന്നത് അവിടെ നിന്നാണ്. അങ്ങനെ ലോകത്തെ മാറ്റിമറിച്ച ഒരു ബൗദ്ധീക സൗഹൃദത്തിന്റെയും നിസ്വാർത്ഥമായ ആത്മസമർപ്പണത്തിന്റെയും അത്യപൂർവമായ ഗുരുഭക്തിയുടെയും സാഹോദര്യത്തിന്റെയും ഉദാത്ത മാതൃകയായി മാർക്സിനൊപ്പമുള്ള എംഗൽസിന്റെ ജീവിതം. മരണത്തിനു മാത്രം വേർപ്പെടുത്താൻ കഴിഞ്ഞ ആ ബന്ധത്തിന്റെ ഗുണഫലം തത്വചിന്തയുടെയും രാഷ്ട്രീയ ചിന്തയുടെയും ചരിത്രത്തെ ഇളക്കി പ്രതിഷ്ഠിച്ച മഹത്തായ ഗ്രന്ഥങ്ങളായിരുന്നു.

കടുത്ത പട്ടിണിയിലായിരുന്ന മാർക്സ് കുടുംബത്തെ നിരന്തരം സാമ്പത്തികമായി സഹായിച്ചത് എംഗൽസായിരുന്നു. അങ്ങനെയല്ലായിരുന്നെങ്കിൽ മാർക്സിന്റെ മിക്ക കൃതികളും ഇന്നത്തെ രീതിയിൽ വെളിച്ചം കാണുമായിരുന്നില്ല.

1845 മുതൽ 1847 വരെ പാരീസിലും ബ്രസൽസിലും താമസിച്ചു കൊണ്ട് എംഗൽസ് ജർമൻ കുടിയേറ്റക്കാരായ തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചു. ബ്രസൽസിൽ വച്ച് കമ്യൂണിസ്റ്റ് ലീഗ് എന്ന രഹസ്യ സംഘടനയിൽ മാർക്സിനൊപ്പം അംഗമായി. സംഘടനാപ്രവർത്തനവുമായി ബന്ധപ്പെട്ട് 1848-ൽ ചരിത്രപ്രസിദ്ധമായ ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റാ’ ഇരുവരും ചേർന്നു രചിച്ചു.

പടിഞ്ഞാറൻ യൂറോപ്പിലെ പല രാജ്യങ്ങളിലും തൊഴിലാളി വിപ്ലവങ്ങൾ ആരംഭിച്ചപ്പോൾ ഇരുവരും ജനങ്ങളുടെ സായുധ കലാപത്തിൽ പങ്കെടുത്തു. പ്രഷ്യൻ പൗരത്വം നഷ്ടപ്പെട്ട മാർക്സിനെ ഇംഗ്ലണ്ടിലേക്ക് നാടുകടത്തി. കലാപം പരാജയപ്പെട്ടതോടെ എംഗൽസ് സ്വിറ്റ്സർലണ്ട് വഴി ഇംഗ്ലണ്ടിലേക്ക് പലായനം ചെയ്തു.

മാർക്സിനെയും എംഗൽസിനെയും ഇംഗ്ലണ്ടിൽ നിന്നും പുറത്താക്കാൻ പ്രഷ്യൻ ഭരണകൂടം സമ്മർദ്ധം ചെലുത്തിയെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കല്ലിച്ചിരുന്ന അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ജോൺ റസ്സൽ വഴങ്ങിയില്ല.

ഇംഗ്ലണ്ടിലെ അധ്വാനിക്കുന്ന വർഗത്തിന്റെ സ്ഥിതി (1844), ജർമനിയിലെ കർഷകസമരം (1850), ആന്റി-ദൂറിങ് (1878), കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം എന്നിവയാണ് എംഗൽസിന്റെ പ്രധാനപ്പെട്ട സ്വതന്ത്ര കൃതികൾ.

മാർക്സിന്റെ ‘മൂലധനം’ രണ്ടാം ഭാഗം 1885-ലും മൂന്നാം ഭാഗം 1894-ലും എംഗൽസാണ് പ്രസിദ്ധീകരിച്ചത്. കൂടാതെ മാർക്സിന്റെ നിരവധി കൃതികൾ വിവർത്തനവും എഡിറ്റും ചെയ്തു.