ആഗസ്റ്റ് 7: ദ്രാവിഡ രാഷ്ട്രീയത്തിലെ അതികായൻ, എം. കരുണാനിധിയുടെ ഓർമ്മദിനം

സി.ആർ. സുരേഷ്

രാഷ്ട്രീയം, നാടകം, കവിത, തിരക്കഥ, നോവൽ, ചരിത്ര നോവലുകൾ, ജീവചരിത്രം, സിനിമാ ഗാനങ്ങൾ എന്നിങ്ങനെ നിരവധി മേഖലകളിൽ മികവ് തെളിയിച്ച് സമകാലിക തമിഴ് സാഹിത്യത്തിനും സിനിമയ്ക്കും നിസ്തുലമായ സംഭാവനകൾ നൽകിയ ബഹുമുഖ പ്രതിഭയായിരുന്നു എം. കരുണാനിധി.

കലയിലെയും സാഹിത്യത്തിലെയും ഉന്നതസ്ഥാനീയൻ എന്ന് തമിഴിൽ അർത്ഥം വരുന്ന ‘കലൈഞ്ജർ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. സിനിമയും രാഷ്ട്രീയവും അതിർവരമ്പുകളില്ലാത്ത തമിഴകത്ത് നാഗപ്പട്ടണത്തെ തിരുക്കുവല്ലെയ് ഗ്രാമത്തിൽ ജനനം. ദക്ഷിണാമൂർത്തിയെന്നായിരുന്നു മാതാപിതാക്കൾ കരുണാനിധിയ്ക്ക് ഇട്ട പേര്.

വളരെ ചെറിയ പ്രായത്തിൽ തന്നെ നാടകത്തിലും സിനിമയിലും താത്പര്യം പ്രകടിപ്പിച്ച കരുണാനിധി 14-ാം വയസുമുതൽ സാമൂഹ്യ വിഷയങ്ങളിൽ ഇടപെട്ടു തുടങ്ങി. സിനിമയിൽ തിരക്കഥ രചിച്ചുകൊണ്ടാണ് കരുണാനിധി തന്റെ കരിയർ ആരംഭിക്കുന്നത്. ഇരുപതാമത്തെ വയസിൽ ജ്യൂപിറ്റർ പിക്ച്ചേഴ്സിന്റെ കൂടെ തിരക്കഥാകൃത്തായി ചേർന്നു. രാജകുമാരിയായാണ് ആദ്യസിനിമ. ഈ സിനിമയിൽ മുഖ്യ വേഷം ചെയ്ത എം.ജി.ആറുമായി അദ്ദേഹം പിന്നീട് സൗഹൃദത്തിലായി.

ഗാന്ധിജിയുടെ ആരാധകനായിരുന്ന എം.ജി.ആറിനെ ദ്രാവിഡൻ ആശയങ്ങളിലേക്കാകർഷിച്ചത് കരുണാനിധിയായിരുന്നു. കണ്ണമ്മ, മണ്ണിന്‍ മൈന്തൻ, പരാശക്തി, പുതിയ പരാശക്തി, മന്ത്രികുമാരി, പാസ പറൈവകൾ, പൂംപുഹാര തുടങ്ങി നിരവധി സിനിമകൾക്ക് രചന നടത്തി.

ചരിത്രത്തോടൊപ്പം സാമൂഹിക മുന്നേറ്റത്തിന് ഉതകുന്ന കഥകളാണ് അദ്ദേഹം സിനിമയിലൂടെ പറഞ്ഞത്. ഇത് ദ്രാവിഡ മുന്നേറ്റ രാഷ്ട്രീയത്തിന് സഹായകരവുമായിരുന്നു. പരാശക്തി എന്ന അദ്ദേഹത്തിന്റെ സിനിമ ബ്രാഹ്മണിസത്തെ വിമർശനാത്മകമായി സമീപിക്കുന്നതായിരുന്നു. യാഥാസ്ഥിതികരായ ഹിന്ദുസമൂഹത്തിൽ നിന്ന് ഇതിനേറെ എതിർപ്പുകളും നേരിടേണ്ടി വന്നു. 1950-കളിൽ അദ്ദേഹം എഴുതിയ രണ്ട് നാടകങ്ങൾ നിരോധിച്ചിട്ടുണ്ട്.

1957 ൽ തന്റെ 33-ാമത്തെ വയസിൽ കുളിത്തലൈ എന്ന സ്ഥലത്ത് നിന്നാണ് അസംബ്ലി സീറ്റിലേക്ക് കരുണാനിധി മത്സരിച്ച് തമിഴ്നാട് അസംബ്ലിയിലേക്ക് വിജയിക്കുന്നത്.

1961 ൽ പാർട്ടിയുടെ ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1962 ൽ പ്രതിപക്ഷ ഉപനേതാവ്, 1967ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി, 1969-ൽ ഡി.എം.കെയുടെ സ്ഥാപക നേതാവായ സി.എൻ. അണ്ണാദുരൈ അന്തരിച്ചതിനെ തുടർന്ന് കരുണാനിധി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുത്തു. മുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുത്തു.

1969-71, 1971-74, 1989-91, 1996-2001, 2006-2011 എന്നീ വർഷങ്ങളിലായി അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി.

കുറളോവിയം, നെഞ്ചുക്ക് നീതി, തെല്‍പാപ്പിയ ഉരൈ, സംഗ തമിഴ്, റോമാപുരി പാണ്ഡ്യൻ, തെൻപാണ്ടി സിങ്കം, വെള്ളിക്കിഴമൈ, ഇനിയവൈ ഇരുപത് തുടങ്ങി നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. മാക്‌സിം ഗോർക്കിയുടെ ‘മദറി’ന്റെ തമിഴ് പരിഭാഷ രചിച്ചത് കരുണാനിധിയാണ്.1971-ൽ അണ്ണാമലൈ സർവകലാശാല ഓണററി ഡോക്ടേറ്റ് നൽകി ആദരിച്ചു.