കശ്മീര്‍ പുനഃസംഘടന: ഇന്ത്യയുടെ ഏകപക്ഷീയ തീരുമാനത്തെ വിമര്‍ശിച്ച് ചൈന

ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളായി പുനഃസംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിച്ച് ചൈന. ജമ്മു കശ്മീരിനെ സംബന്ധിച്ച് ഏകപക്ഷീയമായ നടപടികളില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ചൈന ആവശ്യപ്പെട്ടു. മേഖലയില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ഇത് അനിവാര്യമാണെന്നും ചൈന കൂട്ടിച്ചേര്‍ത്തു. ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിച്ച നടപടി അസ്വീകാര്യമാണെന്നും ചൈന പ്രതികരിച്ചു. വെവ്വേറെയുള്ള രണ്ട് പ്രസ്താവനകളിലൂടെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരണം അറിയിച്ചത്.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച അമിത് ഷാ പാക് അധിനിവേശ കശ്മീരും ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള അക്‌സായി ചിന്നും ഇന്ത്യുടെ ഭാഗമാണെന്ന് പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇന്തോ-ചൈന അതിര്‍ത്തിയിലുള്ള ചൈനീസ് അധിനിവേശ പ്രദേശങ്ങള്‍ ഇന്ത്യയുടെ അധികാര പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എല്ലാക്കാലത്തും എതിര്‍ത്തിട്ടുണ്ടെന്നും ആ എതിര്‍പ്പ് തുടരുമെന്നും ചൈന പ്രസ്താവനയില്‍ വ്യക്തമാക്കി.

അതിര്‍ത്തി സംബന്ധിച്ച് ചൈനയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടികളാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഏതാനും നാളുകളായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ഏകപക്ഷീയ നടപടികള്‍ അംഗീകരിക്കാനാകില്ല. ഇത്തരം നടപടികളിലൂടെ യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്നും ചൈന വിമര്‍ശിച്ചു. കശ്മീരിലെ നിലവിലെ സാഹചര്യത്തില്‍ ചൈനയ്ക്ക് ആശങ്കയുണ്ട്. കശ്മീര്‍ വിഷയത്തില്‍ ചൈനയുടെ നിലപാട് വ്യക്തവും സുസ്ഥിരവുമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.