ഇന്ത്യകണ്ട ഒരു വലിയ തോന്ന്യവാസക്കാരൻറെ ഓർമ്മദിനം

ലിബി. സി.എസ്

എല്ലാവരും നടക്കുന്ന വഴിയിലൂടെ നടക്കൽ വളരെ എളുപ്പമാണ്. എന്നാൽ അതിനിടയിൽ വേറിട്ട വഴികളിലൂടെ നടക്കുന്ന ചിലരുണ്ട് അങ്ങിനെ ഒരാളുടെ ഓർമദിനമാണ് ഇന്ന്. പിഎസ്‌സി എഴുതി എങ്ങനെയെങ്കിലും ഒരു ജോലിവാങ്ങണം എന്ന യുവാക്കളുടെ ഏറ്റവും വലിയ ആഗ്രഹം പോലെ അക്കാലത്തെ യുവാക്കളുടെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു അന്നത്തെ ബ്രിട്ടീഷ് ഭരണത്തിന് കീഴിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായ റെയിൽവേ ബോർഡിൻറെ പരീക്ഷയെഴുതി ഒരു ജോലി സമ്പാദിക്കുക എന്നത്.

എന്നാൽ എല്ലാവരും നടന്ന ആവഴി തിരഞ്ഞെടുക്കാതെ ബ്രിട്ടീഷ് ഗവൺമെന്റിന് ശിപായിമാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ പദ്ധതിക്ക് ബദലായി തൻറെ പിതാവിൽനിന്നും ഷെയറായി ലഭിച്ച സ്ഥലത്ത് കാട്ടു പ്രദേശത്ത് ഒരു സ്‌കൂളുണ്ടാക്കി ബ്രിട്ടീഷ് കരിക്കുലത്തിനും സിലബസിനും വിരുദ്ധമായി എല്ലാ തോന്നിയവാസങ്ങളുമാണ് ഇവിടെ പഠിപ്പിക്കേണ്ടത് എന്ന് തീരുമാനിച്ച ആളാണ്.രബീന്ദ്ര നാഥ ടാഗോർ.. ലോകത്ത് ഏറ്റവും ആദരിക്കപ്പെടുന്ന നോബൽ സമ്മാനം ആദ്യമായി ഇന്ത്യയിൽ എത്തിച്ചേർന്നതും അദ്ദേഹം ഇങ്ങനെ ഒരു തോന്നിയവാസി ആയിരുന്നതുകൊണ്ടാണ്.

കുട്ടി ആകാശത്തോളം വളരണം എന്ന സങ്കൽപ്പത്തിൽ മേൽക്കൂരയില്ലാത്ത വിദ്യാലയങ്ങളാണ് അദ്ദേഹം സ്ഥാപിച്ചത് അവിടെ അദ്ദേഹത്തിന് തോന്നുന്നതൊക്കെയായിരുന്നു സിലബസ് പാട്ടും നൃത്തവും സംഗീതവും കളികളും എല്ലാമുള്ള ആ വിദ്യാലയത്തിലാണ് ഇംഗ്ലണ്ടിൽ പഠിച്ച നെഹ്‌റുവിന്റെ ഏക മകളെയും അദ്ദേഹം ചേർത്തത് എന്നതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ടായിരുന്നെങ്കിലും ശാന്തിനികേതൻറെ പ്രോഡക്റ്റായിരുന്ന ഇന്ദിരാഗാന്ധിക്ക് ചില ക്വളിറ്റികളും ഉണ്ടായിരുന്നുവല്ലോ?

ഇൻഡ്യയുടെയും ബംഗ്ലാദേശിന്റെയും ദേശീയഗാനങ്ങളുടെ കർത്താവ് , നോബൽ സമ്മാനം ലഭിച്ച ആദ്യ ഏഷ്യാക്കാരൻ, സാമൂഹ്യ പരിഷ്കർത്താവ്, തത്വചിന്തകൻ, കഥാകാരൻ, നോവലിസ്റ്റ് ചിത്രകാരൻ, സംഗീതജ്ഞൻ, സ്വാതന്ത്ര്യ സമര നായകൻ തുടങ്ങി നിരവധി വിശേഷണങ്ങൾക്കർഹനായ രബീന്ദ്ര നാഥ ടാഗോറിന്റെ എഴുപത്തി എട്ടാം ചരമവാർഷിക ദിനമാണ് ഇന്ന്.

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ സമ്മാനിച്ച നൈറ്റ് ഹുഡ് പട്ടം വലിച്ചെറിഞ്ഞ ടാഗോർ മനുഷ്യത്വത്തിനു തന്നെ അപമാനമായ ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു എന്നാൽ അതേസമയം തന്നെ അതി ദേശീയവാദത്തിനെതിനെ അന്നേ അശ്ലീലം എന്നു വിശേഷിപ്പിച്ച അദ്ദേഹം ജാതിവ്യവസ്ഥയിൽ പ്രതിഷേധിച്ച് താഴ്ന്നജാതിക്കാരോട് കാട്ടുന്ന ക്രൂരത ആദ്യം അവസാനിപ്പിക്കാനും അവരോട് മാപ്പുപറയാനും ആവശ്യപ്പെട്ടു. ഇതദ്ദേഹത്തിൻറെ നോബൽ സമ്മാനത്തിന് അർഹമായ കൃതിയിലും ഉൾപ്പെടുത്തി. ഗാന്ധിജിയുടെ നിസഹകരണ പ്രസ്ഥാനത്തെയും ഇതിന്റെപേരിൽ അദ്ദേഹം എതിർത്തിരുന്നു. ഇത്തരത്തിൽ എല്ലവിധേനയും തോന്നിയവാസിയായിരുന്ന കലയെ സ്നേഹിച്ച സംഗീതത്തെ സ്നേഹിച്ച സൗന്ദര്യാരാധകനായ ഒരാളുടെ ഓർമ്മദിനമാണ് ഇന്ന്.

അദ്ദേഹത്തിൻറെ ഓർമ്മകൾക്കും ചിന്തകൾക്കും തോന്നിയവാസങ്ങൾക്കും മുമ്പെന്നത്തേക്കാൾ പ്രസക്തിയേറുന്ന ഒരു സന്ദർഭത്തിലാണ് ഈ ഓർമ്മദിനം കടന്നുപോകുന്നത് എന്നതും പ്രസക്തമാണ്.

ജീവിത രേഖ

കൊല്‍ക്കത്തയില്‍ 1861 മെയ് 7ന് ദേബേന്ദ്രനാഥ് ടാഗോറിന്റെയും ശാരദാ ദേവിയുടെയും പതിനാലു മക്കളില്‍ പതിമ്മൂന്നാമനായാണ് രബീന്ദ്രനാഥ് ടാഗോര്‍ ജനിച്ചത്..സാഹിത്യത്തിലും രാഷ്ട്ര സേവനത്തിലും തത്പരരായിരുന്നു ടാഗോർ കുടുംബം. ബംഗാളിലെ നവോത്ഥാന കാലഘട്ടം ടാഗോറിനെയും കാര്യമായി സ്പർശിച്ചിരുന്നു. തുടര്‍ന്ന് വീടിനടുത്തുള്ള പ്രാഥമിക വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം തുടങ്ങിയത്. പിതാവിനോടൊപ്പം നടത്തിയ ഭാരത പര്യടനത്തില്‍ ടാഗോര്‍ ജീവചരിത്രങ്ങള്‍, ചരിത്രം, ഖഗോള ശാസ്ത്രം, ആധുനിക ശാസ്ത്രം, സംസ്‌കൃതം, കാളിദാസ കൃതികള്‍ തുടങ്ങിയവ പഠിച്ചു.

8-ം വയസ്സിലാണ് ആദ്യ കവിത പുറത്തുവരുന്നത്. പതിനാറാം വയസ്സിൽ ഭാനുസിംഹൻ എന്ന തൂലികാ നാമത്തിൽ കവിതാസമാഹാരം പ്രസിദ്ധീകരിക്കപ്പെട്ടു . പിന്നീട് , മൂവായിരത്തിലധികം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ , അൻപത് നാടകങ്ങൾ , രണ്ടായിരത്തോളം ഗാനങ്ങൾ , തത്വചിന്താപരമായ ലേഖനങ്ങൾ , എട്ടോളം നോവലുകൾ തുടങ്ങി വിശാലമായ സാഹിത്യസഞ്ചയം തന്നെ ടാഗോർ സൃഷ്ടിച്ചു .

സംഗീതത്തിൽ ‘രബീന്ദ്ര സംഗീതം‘ എന്ന സവിശേഷ ശൈലി വാർത്തെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ടാഗോറിന്റെ കൃതികൾ ലോകത്തിലെ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട് . ലോക പ്രശസ്തരായ പല ചിന്തകന്മാരും എഴുത്തുകാരും ടാഗോർ കൃതികളാൽ സ്വാധീനിക്കപ്പെട്ടിട്ടുണ്ട് .

കവി, തത്ത്വചിന്തകന്‍, ദൃശ്യ കലാകാരന്‍,കഥാകൃത്ത്, നാടക കൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ് , സാമൂഹികപരിഷ്‌കര്‍ത്താവ് തുടങ്ങി നാനാമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന് 1913ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ചു.

1877ല്‍ ടാഗോര്‍ തന്റെ കൃതികളുടെ ഒരു സമാഹാരം പുറത്തിറക്കി. ബംഗാളിയിലെ ആദ്യത്തെ ചെറുകഥയായ ‘ഭിഖാറിണി’ 1877ല്‍ രചിച്ചു. അഭിഭാഷകനാകണമെന്ന മോഹത്തോടെ 1878ല്‍ ടാഗോര്‍ ഇംഗ്ലണ്ടിലെ ബ്രൈറ്റണ്‍ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ചേര്‍ന്നു. ലണ്ടന്‍ സര്‍വ്വകലാശാല കലാലയത്തില്‍ നിയമ വിദ്യാര്‍ത്ഥിയായി പഠനം ആരംഭിച്ചുവെങ്കിലും ബിരുദമെടുക്കാതെ 1880ല്‍ ബംഗാളിലേക്കു മടങ്ങി. 1910ല്‍ ബംഗാളിയില്‍ ഗീതാഞ്ജലിയും പുറത്തുവന്നു. 1912ല്‍ ഗീതാഞ്ജലിയുടെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചു.

തന്റെ അവസാന വര്‍ഷങ്ങളില്‍ ആധുനിക ശാസ്ത്രത്തോട് താല്‍പര്യം കണിച്ച ടാഗോര്‍ ‘വിശ്വ പരിചയ്’ എന്ന ശാസ്ത്ര ലേഖനങ്ങളുടെ ഒരു സമാഹാരം 1937ല്‍ രചിച്ചു. ജീവശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും ടാഗോര്‍ നടത്തിയ പഠനങ്ങള്‍ അദ്ദേഹത്തിന്റെ കവിതകളിലും കഥകളിലും പ്രതിഫലിച്ചിരുന്നു. നീണ്ട കാലത്തെ രോഗാവസ്ഥയ്ക്കു ശേഷം ടാഗോര്‍ 1941 ഓഗസ്റ്റ് 7ന് തന്റെ ജന്മ ഗൃഹമായ ജൊറസങ്കോവില്‍ വച്ച് മരണമടഞ്ഞു