ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പദവി താല്‍ക്കാലിക സംവിധാനം മാത്രം: പ്രധാനമന്ത്രി

ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പദവി താല്‍ക്കാലിക സംവിധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മോഡി ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീരില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തുമെന്നും ലഡാക്ക് കേന്ദ്രഭരണപ്രദേശമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കി. സര്‍ദാര്‍ പട്ടേല്‍, ബാബ സാഹിബ് അംബേദ്കര്‍, ശ്യാമപ്രസാദ് മുഖര്‍ജി, അടല്‍ ബിഹാരി വാജ്‌പേയി എന്നിവരുടെ സ്വപ്‌നം ഇതിലൂടെ യാഥാര്‍ഥ്യമായിരിക്കുന്നെന്നും മോഡി പറഞ്ഞു. ചരിത്രപരമായ തീരുമാനമാണിത്. ആര്‍ട്ടിക്കിള്‍ 370 ജമ്മു കശ്മീരിലെ ജനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതു സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകള്‍ ഒന്നും നടന്നിരുന്നില്ല. ജമ്മുകശ്മീരിനെ കേന്ദ്രഭരണപ്രദേശമാക്കാനുള്ള തീരുമാനം സര്‍ക്കാര്‍ നന്നായി ആലോചിച്ചെടുത്തതാണെന്നും മോഡി പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ വിനോദ സഞ്ചാരകേന്ദ്രമായി മാറാനുള്ള കെല്‍പ്പ് കശ്മീരിനും ലഡാക്കിനുമുണ്ട്. ഒരിക്കല്‍ ബോളിവുഡ് സിനിമാ നിര്‍മാതാക്കളുടെ ഇഷ്ട ലൊക്കേഷനായിരുന്നു കശ്മീര്‍. ഇനി അന്താരാഷ്ട്ര സിനിമകള്‍ വരെ ഇവിടെ ചിത്രീകരിക്കും.

ജമ്മുകശ്മീരില്‍ പതിറ്റാണ്ടുകളായി നടന്നുവരുന്ന കുടുംബഭരണം യുവാക്കളെ രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്നതിന് വിഘാതമായി. ഇനി ജമ്മുകശ്മീരിന്റെ വികസനത്തെ യുവാക്കള്‍ നയിക്കും. പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുമെന്നും മോഡി പറഞ്ഞു. എന്നാല്‍ ജമ്മുകശ്മീരിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ സംബന്ധിച്ച് ~ഒരുവാക്കുപോലും പറയാന്‍ മോഡി തയ്യാറായില്ല.