കാശ്മീർ ജനതയോടുള്ള കേരളീയരുടെ സാമൂഹ്യ ഉത്തരവാദിത്വം കാണുമ്പോൾ ആകപ്പാടെ കോൾമയിർ….!

ലിബി. സി.എസ്

എൻഡിഎ വീണ്ടും അധികാരമേറ്റ് രണ്ടുമാസം പിന്നിടുമ്പോൾ നരേന്ദ്ര മോദി പോലും നിഷ്പ്രഭനാകുന്നുവെന്നതാണ് യാഥാർഥ്യം. ആര്‍ എസ് എസ്സിന്റെ അടിസ്ഥാന അജന്‍ഡകള്‍ നടപ്പാക്കാനുള്ള ഇച്ഛാശക്തി തനിക്കാണെന്ന് സംഘ്പരിവാരത്തെ അമിത് ഷാ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളാണ് അന്ന് പ്രധാനമന്ത്രിയുടെ പത്രസമ്മേളനം എന്നപേരിൽ മോദിയെ മിണ്ടാനനുവദിക്കാതെ നടത്തിയ പത്രസമ്മേളനം മുതൽ നടന്നുവരുന്നതെന്ന് ശ്രദ്ധിച്ചാൽ മനസിലാകും. അമിത്ഷാ രണ്ടാമനായി പുതിയ മന്ത്രിസഭ അധികാരമേറ്റ് രണ്ടുമാസം പിന്നിടുമ്പോൾ അമ്പത്തിയാറിഞ്ച് നെഞ്ചളവ് അവകാശപ്പെടുന്ന നേതാവ് അരങ്ങിന്റെ പാര്‍ശ്വത്തിലേയുള്ളൂ ഇപ്പോള്‍. കേന്ദ്ര സ്ഥാനത്ത് അമിത് ഷായാണ്. ഇനിയങ്ങോട്ട് ജനാധിപത്യമെന്നത് കേവലമൊരു വിശേഷണ പദം മാത്രമാണ്. ഭരണഘടനാ സ്ഥാപനങ്ങളെയൊക്കെ വരുതിയിലാക്കിക്കഴിഞ്ഞ ഭരണകൂടത്തിന്റെ ദയ മാത്രമാണ് ആ പദം. വരും കാലത്ത് ആ പദത്തിന്റെ മറയില്ലാതെ തന്നെ ഫാസിസം ഇന്ത്യന്‍ യൂനിയനെ ഭരിക്കുമെന്ന് കൂടിയാണ് ജമ്മു കശ്മീരും യുഎപിഎ ഭേദഗതി ബില്ലും പറഞ്ഞു തരുന്നത്.

എങ്കിലും. കേരളത്തിൽ സ്ത്രീകളുടെ മൗലീകാവകാശത്തിനെതിരെ (പ്രത്യേക അവകാശമല്ല) ഭരണഘടനയെയും നിയമവ്യവസ്ഥയെയും പൊതുസമൂഹത്തെയും വെല്ലുവിളിച്ച് ഫാസിസം തെരുവിലിറങ്ങിയത് കാണാതിരുന്നവർ ഭരണഘടനാ ബെഞ്ചിന്റെ വിധിവന്നു 10 മാസം കഴിഞ്ഞിട്ടും മനുഷ്യന്റെ ഏറ്റവും പ്രാഥമീകമായ സഞ്ചാരസ്വാതന്ത്ര്യം പോലും തടയപ്പട്ടിട്ടും കാണാതിരിക്കുന്നവർ, ശബരിമലയിൽ പോയസ്ത്രീകളും പോകാൻ ശ്രമിച്ച സ്ത്രീകളും അവർക്കനുകൂലമായി അഭിപ്രായം പറഞ്ഞ സ്ത്രീകളും പോലും അക്രമിക്കപ്പെട്ടപ്പോൾ, അവരുടെ വീടുകൾ അക്രമിക്കപ്പെട്ടപ്പോൾ, അവരുടെ തൊഴിലിടങ്ങളിൽ പ്രശ്നങ്ങളുണ്ടാകുകയും പലർക്കും തൊഴിൽനഷ്ടപ്പെടുകയും വാടകവീടുകളിൽ താമസിച്ചിരുന്നവരെ വീട്ടുടമസ്ഥനെ ഭീഷണിപ്പെടുത്തി തെരുവിലിറക്കിവിടുകയും ചെയ്തപ്പോൾ സാമൂഹ്യ ഉത്തരവാദിത്വം കാണിക്കുകയോ സാമൂഹ്യ സുരക്ഷ ഒരുക്കുകയോ ചെയ്യാൻ തയ്യാറാവാതെ സ്വന്തം സുരക്ഷ നോക്കി മാളത്തിലൊളിച്ചവർ കശ്മീരിന്റെ പ്രത്യേകാവകാശത്തിന് വേണ്ടി മലപ്പുറത്തെങ്കിലും തെരുവിലിറങ്ങിയതും കാശ്മീരിലെ ജനതയോടുള്ള സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്നതും കാണുമ്പോൾ ആനന്ദ തന്തുലിതരാകാതെ എങ്ങനെയിരിക്കും?

“കാശ്മീരിനുവേണ്ടി കേരളത്തിൽ മുദ്രാവാക്യം മുഴക്കുന്ന ദേശദ്രോഹികളെ ദേശസ്നേഹികളായ സവർക്കർമാർ തെരുവിൽ നേരിടും” എന്ന് ദേശസ്‌നേഹത്തിന്റെ മൊത്തം കുത്തകയേറ്റെടുത്തിരിക്കുന്ന സംഘടനയുടെ സംസ്ഥാന കാര്യവാഹ് ഒരു പ്രസ്താവന ഇറക്കിയാൽ കേരളത്തിലെ തെരുവിലെ കോപ്രായങ്ങളും പ്രതിഷേധങ്ങളും ഫെയ്സ് ബുക്കിലേക്ക് ഉൾവലിയുന്ന മനോഹരമായ കാഴ്ചയ്ക്ക് കേരളം സാക്ഷ്യം വഹിക്കുന്നതും കാണാം!

ഒരു പക്ഷെ ഉന്നാവ കേസിൽ നിന്നും മാധ്യമ ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രവുമാവാം ഇപ്പോൾ ഇത്ര തിടുക്കപ്പെട്ടുള്ള ഈ തീരുമാനത്തിന് പിന്നിൽ.എങ്കിലും ആർട്ടിക്കിൾ 370 പണ്ഡിറ്റുകളെ കുറിച്ചോ മുസ്ലിങ്ങളെ കുറിച്ചോ ഉള്ളതല്ല. ജമ്മു കാഷ്മീർ എന്ന വെറും ഭൂപ്രദേശത്തെ കുറിച്ചും അല്ല. ഹരിസിംങ് രാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്ന ജമ്മു കാഷ്മീർ ഇന്ത്യാ ഡൊമിനിയനിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കരാറുകളുടെ തുടർച്ചയായി ആ സംസ്ഥാനത്തിന് നൽകിയ പ്രത്യേക പദവിയാണ് 370. 371 A മുതൽ J വരെയുള്ള വകുപ്പുകൾ. മറ്റ് സംസ്ഥാനങ്ങൾക്ക് ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള പ്രത്യേക പദവി നൽകുന്നു. നാഗാലാന്റ്, ആസ്സാം, മണിപ്പൂർ, ആന്ധ്രാപ്രദേശ്, സിക്കിം, മിസ്സോറാം, അരുണാചൽ പ്രദേശ്, ഗോവ എന്നിവയാണ് ആ സംസ്ഥാനങ്ങൾ. ഇതിലൊന്നിലും ഏതെങ്കിലും ഒരു പ്രത്യേക മതത്തെ കുറിച്ച്‌ യാതൊരു പരാമർശവുമില്ല.

ഇത് രണ്ട് മതങ്ങൾ തമ്മിലുള്ള വിഷയമാക്കുന്നത് രാഷ്ട്രീയക്കാരാണ്. ഇതിങ്ങനെ പരിഹരിക്കപ്പെടാതെ നിലനിൽക്കേണ്ടത് അവർക്കാണ്. സുപ്രധാനമായ വിഷയത്തിൽ ഒരു തീരുമാനമെടുക്കുമ്പോൾ വിമർശനങ്ങളും പ്രതിഷേധങ്ങളും സ്വാഭാവികമാണ്. അതാണ് ജനാധിപത്യം. ചില കഥകൾക്ക് ഒരിക്കലും ശുഭപര്യവസാനമുണ്ടാവാറില്ല”. 70 വർഷമായിട്ടും പരിഹരിക്കപ്പെടാത്ത ഈ വിഷയത്തിന് ഇതൊരു പരിഹാരമാകുമെങ്കിൽ ആകട്ടെ.ഞാൻ തല്ക്കാലം സ്റ്റാൻഡ് വിത്ത് കശ്മീർ അല്ല സ്റ്റാൻഡ് ഇൻ കേരളം ആണ് ആദ്യം കെരളത്തിൽ ഒന്ന്  സ്റ്റാൻഡ് ഉറപ്പിക്കാനായിട്ട് വേണ്ടേ കാശ്മീരിൽ പോയി നില്ക്കാൻ!