എസ്‌സി-എസ്ടി വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ പരീക്ഷാ ഫീസിസ്‌ 24 മടങ്ങ് വര്‍ദ്ധിപ്പിച്ചു

പട്ടികജാതി- പട്ടിക വര്‍ഗ വിദ്യാര്‍ഥികളെ ദ്രോഹിക്കുന്ന തീരുമാനവുമായി സിബിഎസ്ഇ. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷാ ഫീസ് 24 മടങ്ങ് വര്‍ധിപ്പിച്ചു. അഞ്ച് പേപ്പറുകള്‍ ഉള്‍പ്പെട്ട പരീക്ഷയ്ക്കുള്ള ഫീസ് 50 രൂപയില്‍ നിന്നും 1200 രൂപയാക്കി വര്‍ധിപ്പിച്ചു.

ജനറല്‍ വിഭാഗത്തിലെ കുട്ടികളുടെ ഫീസ് 1500 രൂപയാക്കിയും ഉയര്‍ത്തി. കഴിഞ്ഞ ആഴ്ച്ചയാണ് ഇത് സംബന്ധിച്ച വിജ്ഞാപനം സിബിഎസ്ഇ പുറപ്പെടുവിച്ചത്. നേരത്തെ ഫീസ് ഒടുക്കിയവര്‍ വര്‍ധിപ്പിച്ച തുക ഉടന്‍ അടച്ചില്ലെങ്കില്‍ പരീക്ഷാ എഴുതാന്‍ അനുവദിക്കില്ലെന്നാണ് സിബിഎസ്ഇ അധികൃതര്‍ വ്യക്തമാക്കിയത്.

നേരത്തെ പട്ടികജാതി- പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അധിക പേപ്പറുകളുടെ പരീക്ഷ എഴുതുന്നതിന് ഫീസ് അടയ്‌ക്കേണ്ടതില്ലായിരുന്നു. ഇപ്പോള്‍ അധിക പേപ്പറുകള്‍ക്ക് 300 രൂപ നല്‍കണം. ജനറല്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് നേരത്തെ 150 രൂപ ആയിരുന്നത് ഇപ്പോള്‍ 300 രൂപയാക്കി ഉയര്‍ത്തി.

മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഫീസ് 150 രൂപയില്‍ നിന്നും 350 ആക്കി ഉയര്‍ത്തി. വിദേശരാജ്യങ്ങളിലെ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാ ഫീസ് 5000 രൂപയില്‍ നിന്നും പതിനായിരമാക്കി ഉയര്‍ത്തി. അധിക പേപ്പറുകള്‍ക്കുള്ള ഫീസ് ആയിരം രൂപയില്‍ നിന്നും 2000 രൂപയാക്കി ഉയര്‍ത്തി.