സെപ്റ്റംബര്‍ 8 ന് മകളുടെ വിവാഹം; പ്രളയത്തിൽ വീട് ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ട് ഒരു കുടുംബം

സെപ്റ്റംബര്‍ 8 ന് മകളുടെ വിവാഹം നടക്കാനിരിക്കെ പ്രളയത്തില്‍ വീട് തകര്‍ന്ന് പെരുവഴിയിലായ ഒരു കുടുംബം സന്മനസുള്ളവരുടെ കാരുണ്യത്തിനായി കേഴുന്നു. ചാത്തമംഗലം പഞ്ചായത്തില്‍ ചെത്തുക്കടവ് പുഴയരികില്‍ പടിഞ്ഞാറെ പട്ടോത്ത് രാജശേഖരന്റെ പ്ലാസ്റ്റിക് ഷീറ്റിട്ട ഒറ്റമുറി വീടാണ് പ്രളയത്തില്‍ തകര്‍ന്നത്. ഇദ്ദേഹത്തിന്റെ മകള്‍ ജീഷ്മയും ചേളന്നൂര്‍ സ്വദേശി ബൈജുമായുള്ള വിവാഹം അടുത്ത മാസം എട്ടിന് ചേളന്നൂര്‍ മുതുവാട്ട്താഴം നരസിംഹ ക്ഷേത്രത്തില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ചിരുന്നു. തലേ ദിവസം വീട്ടില്‍ വെച്ച് സൗഹൃദ വിരുന്നും നടത്താന്‍ തീരുമാനിച്ചിരുന്നു.

ഇതിന്റെ ഒരുക്കങ്ങള്‍ നടത്തി വരുന്നതിനിടെയാണ് പ്രളയം ഈ കുടുംബത്തിന്റെ പ്രതീക്ഷകള്‍ തകര്‍ത്തെറിഞ്ഞത്. നാലുമാസം മുമ്പാണ് രാജശേഖരനും ഭാര്യ കോമളവല്ലിയും രണ്ടു ആണ്‍മക്കളും ഒരു മകളുമടങ്ങുന്ന കുടുംബം ചെത്തുകടവില്‍ സ്വന്തമായി വാങ്ങിയ സ്ഥലത്ത് വീട് നിര്‍മ്മിക്കാന്‍ നിര്‍മ്മിച്ച തറക്ക് മുകളില്‍ ഷെഡ് കെട്ടി താമസം തുടങ്ങിയത്. ഇവര്‍ താമസിക്കുന്ന ഒറ്റമുറി ഷെഡിലേക്ക് ചെറുപുഴയില്‍ നിന്ന് വെള്ളം ഇരച്ചുകയറിയപ്പോള്‍ വെള്ളപൊക്കം പരിചിതമല്ലാത്ത ഇവര്‍ക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളു. വീട്ടിലുണ്ടായിരുന്ന സാധാങ്ങളെല്ലാം പ്രളയം കൊണ്ടുപോയി. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെയാണ് ഇവര്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിലെത്തിയത്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി പല സ്ഥലങ്ങളിലായി വാടകക്ക് താമസിച്ച ഇവര്‍ക്ക് ഇവിടെ താമസിക്കുന്നതിന് രേഖകള്‍ ഒന്നും കയ്യിലില്ല. ഇപ്പോള്‍ ചാത്തമംഗലം എ.യു.പി സ്‌കൂളിലെ ക്യാമ്പില്‍ കഴിയുന്ന ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് സഹായങ്ങള്‍ ലഭ്യമാകണമെങ്കില്‍ ആദ്യം താമസ രേഖ ലഭിക്കണം. രാജശേഖരന്‍ കോമളവല്ലി ദമ്പതിമാരുടെ സ്വപ്നമായിരുന്നു ഏകമകള്‍ ജീഷ്മയുടെ വിവാഹം. കൂലിപ്പണി ചെയ്ത് ജീവിതം പുലര്‍ത്തി വന്നിരുന്ന രാജശേഖരന്‍ അസുഖം കാരണം പത്തു വര്‍ഷത്തോളമായി ജോലിക്കൊന്നും പോകുന്നില്ല. രണ്ടു മക്കള്‍ കൂലിപ്പണി ചെയ്ത് ജീവിതം പുലര്‍ത്തി വന്നിരുന്ന രാജശേഖരനും കുടുംബത്തിനും പ്രളയം വലിയ നഷ്ടമാണ് വരുത്തിയത്. എങ്കിലും സന്മസുള്ളവരുടെ കാരുണ്യമുണ്ടെങ്കില്‍ വിവാഹം നടത്താനാവുമെന്ന പ്രതീഷയിലാണ് രാജശേഖരനും കുടുംബവും.