സാമൂഹ്യ പ്രവര്‍ത്തകനും മഗ്സസെ അവാര്‍ഡ് ജേതാവുമായ സന്ദീപ് പാണ്ഡെയെയും ഭാര്യ അരുന്ധതി ധുരുവിനെയും അറസ്റ്റ് ചെയ്ത് വീട്ട് തടങ്കലിലാക്കി. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ലഖനൗവില്‍ ധര്‍ണ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് യുപി പൊലീസാണ് അറസ്റ്റ് ചെയ്തത്. കശ്മീരിനായി നിലകൊള്ളുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്.
ഇന്നലെ രാവിലെ സന്ദീപ് പാണ്ഡെയുടെ വീട്ടിലെത്തിയ സംഘം ഇരുവരെയും അറസ്റ്റ് ചെയ്തു. നഗരത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതുകൊണ്ട് ധര്‍ണ സംഘടിപ്പിക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിന് ശേഷം മാത്രമേ നിരോധനാജ്ഞ മാറ്റുകയുള്ളൂവെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ അതിന് ശേഷം ധര്‍ണ സംഘടിപ്പിക്കുമെന്ന് പൊലീസിനോട് പറഞ്ഞതായി സന്ദീപ് പാണ്ഡെ ടെലിഫോണിലൂടെ വ്യക്തമാക്കി. സന്ദീപ് പാണ്ഡയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.