കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാരിന് സമയം നല്‍കണമെന്ന് സുപ്രീം കോടതി

ജമ്മു കശ്മീരിലെ സര്‍ക്കാര്‍ നടപടികളെ പിന്തുണച്ച് സപ്രീം കോടതി. കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. മാധ്യമ നിയന്ത്രണവും ഇന്റര്‍നെറ്റ് ഉള്‍പ്പെടയുള്ള സൗകര്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത കേന്ദ്ര നടപടിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് നേതാവ് ടെഹ്‌സീന്‍ പൂനവാലയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

വാര്‍ത്താവിനിയമ സംവിധാനങ്ങള്‍ക്കും പ്രതിഷേധ പ്രകടനങ്ങള്‍ക്കടക്കം മറ്റ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയ നടപടികളില്‍ ഇടപെടണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാരിന്റെ ദൈനംനിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വാര്‍ത്താ വിനിമയ, ആശയവിനിമയ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം പ്രധാനമാണ്. എന്നാല്‍ അതിനോക്കാള്‍ പ്രധാനമാണ് കശ്മീരിനെ സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

കശ്മീരിനെ സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാരിന് സമയം നല്‍കണം. നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ ഇടപെടുന്ന കാര്യം അപ്പോള്‍ തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി എന്തെങ്കിലും ഉത്തരവുകള്‍ പുറപ്പെടുവിക്കാനും തയ്യാറായില്ല.

2016ല്‍ മൂന്ന് തീവ്രവാദികളെ വെടിവച്ച് കൊന്നതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം മൂന്ന് മാസം നീണ്ടുനിന്നു. അന്ന് 44 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്് ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് കശ്മീരില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും വേണുഗോപാല്‍ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് കൂടി കേട്ട ശേഷമാണ് കശ്മീര്‍ വിഷയത്തില്‍ ഇപ്പോള്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത്.