ദുരിതാശ്വാസ ക്യാമ്പിലും ജാതി: ജനറല്‍, എസ് സി എസ്ടി, മറ്റുള്ളവര്‍ ; ജാതി തിരിച്ച് മൂന്ന് ക്യാമ്പ്

കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് വീടു വിട്ട് ഇറങ്ങിപ്പോരേണ്ടി വന്ന ജനങ്ങള്‍ക്കായി ജാതി മേല്‍ക്കോയ്മയ്ക്ക് അനുസരിച്ച് തരം തിരിച്ച് ദുരിതാശ്വാസ ക്യാമ്പില്‍ സൗകര്യം. കര്‍ണാടകയിലെ ബാഗല്‍ക്കോട്ടിലെ കടാര്‍ക്കി ദുരിതാശ്വാസ കേന്ദ്രത്തില്‍ നിന്നുമാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. പട്ടികജാതി, പട്ടിക വര്‍ഗ്ഗത്തില്‍ പെടുന്നവരെ സവര്‍ണ്ണര്‍ ക്യാമ്പില്‍ കയറ്റാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് ഇവര്‍ക്കായി വേറെ ക്യാമ്പ് വെയ്ക്കാന്‍ അധികൃതര്‍ നിര്‍ബ്ബന്ധിതരായി. ഇതോടെ ജനറല്‍ പട്ടികജാതി, മറ്റുള്ളവര്‍ എന്നിങ്ങനെ മൂന്ന് ക്യാമ്പ് ഉണ്ടാക്കി.

വെള്ളപ്പൊക്കം ബാധിച്ച 5000 പേര്‍ക്ക് വേണ്ടിയാണ് ക്യാമ്പ് തുറന്നത്. ബാഗല്‍ക്കോട്ടെ ജില്ലാ കേന്ദ്രത്തില്‍ നിന്നും 35 കിലോമീറ്റര്‍ മാറി ബിലാഗി താലൂക്കില്‍ ിന്നും 20 കിലോമീറ്റര്‍ അകലെയുമായി സ്ഥിതി ചെയ്യുന്ന കടാര്‍ക്കി ക്യാമ്പില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നും 500 പേരും ബാക്കി സവര്‍ണ്ണ വിഭാഗത്തില്‍ നിന്നുള്ളവരും ആയിരുന്നു. എന്നാല്‍ സവര്‍ണ്ണജാതിക്കാരായവര്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗത്തില്‍ പെടുന്നവരെ തങ്ങളുടെ കൂടെ കൂട്ടാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഇവര്‍ക്ക് വേണ്ടി വേറെ ക്യാമ്പ് ഉണ്ടാക്കേണ്ട സ്ഥിതി വന്നു അധികൃതര്‍ക്ക്.

നാലു ദിവസം മുമ്പാണ് ജാതി തിരിച്ച് മൂന്ന് ക്യാമ്പുകള്‍ അധികൃതര്‍ തുറന്നത്. ഘട്ടപ്രഭ നദി കരകവിഞ്ഞൊഴുകുകയും നദീതടത്തില്‍ താമസിക്കുന്നവരുടെ വീടുകളില്‍ വെള്ളം കയറുകയും ചെയ്തതോടെയാണ് ജില്ലാ ഭരണകൂടം ദുരിതാശ്വാസ ക്യാമ്പ് തുറന്നത്. ക്യാമ്പിലെ സവര്‍ണ്ണര്‍ ജാതിമേല്‍ക്കോയ്മാ വാദം ഉന്നയിച്ചതോടെ ജാതി തിരിച്ച് മൂന്ന് ക്യാമ്പ് തുറക്കേണ്ട സ്ഥിതിയായി അധികൃതര്‍ക്ക്. ഒരു ജ്യാമ്പ് ജനറല്‍ വിഭാഗത്തില്‍ ഉള്ളവര്‍ക്കും മറ്റൊന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്കും മൂന്നാമതൊരെണ്ണം മറ്റു വിഭാഗക്കാര്‍ക്കും വേണ്ടിയുള്ളതാണ്. ക്യാമ്പുകളില്‍ സവര്‍ണ്ണര്‍ സവര്‍ണ്ണര്‍ക്കൊപ്പം മാത്രമേ കഴിയൂ എന്നും പട്ടികജാതി വിഭാഗത്തില്‍ പെട്ടവരെ കയറ്റില്ല എന്ന് കര്‍ശന നിലപാട് എടുക്കുകയുമായിരുന്നു.

സവര്‍ണ്ണജാതിയില്‍ പെട്ടവരുടെ ക്യാമ്പില്‍ 1000 പേരാണ് ഉള്ളത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ പെടുന്നവരുടെ ക്യാമ്പില്‍ 350 പേരോളമുണ്ട്. അതേസമയം ഇത്തരം ആരോപണങ്ങളെല്ലാം ജില്ലാ കമ്മീഷണര്‍ തള്ളി. ദുരിതസാഹചര്യത്തിലും ഇത്തരം അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ പുറത്തു വിട്ട് സാമൂഹിക ഒത്തൊരുമയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ചിലര്‍ നടത്തുന്നുണ്ടെന്നും അവരെ കയ്യോടെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നുമാണ് ജില്ലാ കമ്മീഷണര്‍ പറഞ്ഞിട്ടുള്ളത്.