ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം: കോണ്‍ഗ്രസ് എം പി. ശശി തരൂരിന് അറസ്റ്റ് വാറണ്ട്

ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് എം പി. ശശി തരൂരിന് അറസ്റ്റ് വാറണ്ട്. കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. തരൂരിന്റെ പ്രസ്താവന രാജ്യത്തെ അപമാനിക്കുന്നതും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്ന് ആരോപിച്ച് അഭിഭാഷകനായ സുമീത് ചൗധരി ഫയല്‍ ചെയ്ത കേസിലാണ് ഉത്തരവ്.

ഹിന്ദു പാക്കിസ്ഥാന്‍ രൂപവത്കരിക്കപ്പെടാന്‍ അനുകൂലമായ സാഹചര്യമാണ് രാജ്യത്ത് രൂപപ്പെടുന്നതെന്ന് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ തിരുവനന്തപുരത്ത് വച്ച് തരൂര്‍ നടത്തിയ പരാമര്‍ശമാണ് നടപടിക്ക് കാരണമായത്. ബി ജെ പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഭരണഘടന ഭേദഗതി ചെയ്യുമെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ മാനിക്കാത്ത പാക്കിസ്ഥാന്‍ പോലുള്ള രാജ്യത്തിലേതിന് സമാനമായ അവസ്ഥയിലേക്ക് ഇന്ത്യയെ കൊണ്ടുപോകുമെന്നുമായിരുന്നു പരാമര്‍ശം.

ഹിന്ദു രാഷ്ട്രത്തില്‍ അധിഷ്ഠിതമായ പുതിയ ഭരണഘടന ബി ജെ പി നടപ്പിലാക്കുമെന്നും ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങളും തുല്യതയും ഇല്ലാതാക്കി ഹിന്ദു പാക്കിസ്ഥാന്‍ രൂപവത്കരിക്കപ്പെടുമെന്നും തരൂര്‍ പറഞ്ഞിരുന്നു.