കവളപ്പാറയില്‍ ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, മരണസംഖ്യ 30 ആയി; സംസ്ഥാനത്താകെ 104 മരണം

കനത്ത ഉരുള്‍പ്പൊട്ടലിലും കവളപ്പറയില്‍ മണ്ണിനടിയില്‍ അകപ്പെട്ട് ഏഴു പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെടുത്തു. ആറു മുതിര്‍ന്നവരുടെയും ഒരു കുട്ടിയുടെയും മൃതദേഹമാണ് ലഭിച്ചത്. ഇതോടെ കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. വയനാട് പുത്തുമലയില്‍ പത്ത് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 104 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ദുരന്ത മേഖലയില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ അടക്കമുള്ളവ എത്തിച്ചാണ് മണ്ണുനീക്കി രക്ഷാപ്രവര്‍ത്തനം തുടരുന്നത്. പ്രദേശത്ത് വീടുകള്‍ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന്റെ സ്‌കെച്ചുകള്‍ തയ്യാറാക്കിയാണ് തെരച്ചില്‍ നടത്തുന്നത്. രണ്ടു ദിവസമായി പ്രകൃതി തെളിഞ്ഞുനിന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായിരുന്നു. ഇന്ന് വീണ്ടും മഴ തുടങ്ങിയത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. മഴ മൂലം വൈകിയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഇടയ്ക്ക് നിര്‍ത്തിവച്ചുവെങ്കിലും മഴയ്ക്ക് ശേഷം പുനരാരംഭിച്ചു.

അതിനിടെ, കവളപ്പാറയില്‍ ദിവസങ്ങളോളം മണ്ണിനടിയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പോത്തുകല്ലിലെ മുസ്ലീം പള്ളി തുറന്നുകൊടുത്തിരിക്കുകയാണ് പള്ളി അധികൃതര്‍. മണ്ണിനടിയില്‍ കിടന്ന മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി നിലമ്പൂര്‍ താലൂക്ക് ആശുപത്രി വരെ കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടും ആശുപത്രി ദുവന്തസ്ഥലത്തുനിന്നും 45 കിലോമീറ്റര്‍ അകലെയാണെന്നതിനാല്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ വൈകുന്നതിന് കാരണമാകുമെന്നും തിരിച്ചറിഞ്ഞാണ് പള്ളിയുടെ ഒരു ഭാഗം വിട്ടുനല്‍കിയത്.

പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രമുണ്ടെങ്കിലും സൗകര്യങ്ങള്‍ തീരെയില്ലാത്തത് തിരിച്ചടിയായിരുന്നു. സമീപത്തുള്ള സ്‌കൂളുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നതയിനാല്‍ അവിടെയും പോസ്റ്റുമോര്‍ട്ടം നടത്താന്‍ കഴിഞ്ഞില്ല. ഇതേതുടര്‍ന്നാണ് ദുരന്ത സ്ഥലത്തുനിന്നും പത്തുമിനിറ്റ് മാത്രം ദൂരത്തുള്ള മുജാഹിദ് പള്ളി ഭാരവാഹികളെ സമീപച്ചത്. പൂര്‍ണ്ണസമ്മതം അറിയിച്ച പള്ളി അധികൃതര്‍ പോസ്റ്റുമോര്‍ട്ടത്തിനുള്ള ടേബിളുകളും ലൈറ്റുമടക്കം എല്ലാ സജ്ജീകരണങ്ങളും ചെയ്തുനല്‍കി.

വെള്ളിയാഴ്ചകളില്‍ സ്ത്രീകള്‍ നിസ്‌കരിക്കുന്ന ഹാളാണ് പോസ്റ്റുമോര്‍ട്ടം മുറിയായി സജ്ജീകരിച്ചത്. ചൊവ്വാഴ്ച മാത്രം ഇവിടെ നാലു മൃതദേഹങ്ങളാണ് പോസ്റ്റുമോര്‍ട്ടം ചെയ്തത്. നാലു ദിവസംകൊണ്ട് ഏഴു മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരമാണ് പള്ളിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തയെന്ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നുള്ള ഡോക്ടര്‍ പറയുന്നു. ആളെ തിരിച്ചറിയാന്‍ പോലും കഴിയാത്ത നിലയിലായിരുന്നു പല മൃതദേഹങ്ങളും അതുകൊണ്ട് ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിയാനാണ് ശ്രമിക്കുന്നതെന്ന് മെഡിക്കല്‍ സംഘം പറയുന്നു.