നിലവിൽ വേറെ പണിയൊന്നുമില്ലാത്ത രാഹുൽ തിരക്കാണെന്ന നാട്യം നിര്‍ത്തി വയനാട്ടില്‍ തങ്ങുകയാണ് വേണ്ടത്: എന്‍.എസ് മാധവന്‍

പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച വയനാട്ടില്‍ എം.പിയായ രാഹുല്‍ ഗാന്ധി ആദ്യ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്താതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നീട് അദ്ദേഹം എത്തിയെങ്കിലും രണ്ട് ദിവസം കൊണ്ട് മടങ്ങുകയും ചെയ്തു. മണ്ഡലത്തില്‍ തുടരാതെ മടങ്ങിയ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. വേറെ പണിയൊന്നുമില്ലാത്ത രാഹുല്‍ തിരക്കെന്ന നാട്യം അവസാനിപ്പിച്ച് വയനാട്ടില്‍ തുടരണമായിരുന്നെവെന്ന് എന്‍.എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു.

‘തിരക്കുള്ളയാളെന്ന നാട്യം രാഹുല്‍ ഗാന്ധി അവസാനിപ്പിക്കണം. നിലവില്‍ അദ്ദേഹത്തിന് ഒരു ജോലിയുമില്ല. അദ്ദേഹം വരുന്നതും നോക്കി കാത്തിരിക്കാന്‍ ഭാര്യയോ കുട്ടികളോ ഇല്ല. അദ്ദേഹം വയനാട്ടില്‍ തുടര്‍ന്നു പണിയെടുക്കണം. എങ്ങനെ പണിയെടുക്കണമെന്ന് അറിയാന്‍ സ്ഥലം എം.എല്‍.എ സി.കെ ശശീന്ദ്രനെ പോലെയുള്ള ആളുകളുടെ മാതൃക സ്വീകരിക്കാവുന്നതാണ്.’ എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

വയനാട്ടിലെ എം.പിയായ രാഹുല്‍ ഗാന്ധി മഴക്കെടുതിയുടേയും ഉരുള്‍ പൊട്ടലിന്റേയും പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം സ്ഥലത്ത് സന്ദര്‍ശനം നടത്തിയിരുന്നു. മലപ്പുറത്തേയും വയനാട്ടിലേയും ക്യാപുകളിലെത്തിയ അദ്ദേഹം ദുരിത ബാധിതരുമായി സംസാരിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നിന്നു ദുരന്തത്തെ നേരിടണമെന്ന് അഭിപ്രായപ്പെട്ട രാഹുല്‍ അടുത്ത ദിവസം മടങ്ങുകയും ചെയ്തു