‘ഐ കാണ്‍ഡ് അണ്ടര്‍സ്റ്റാന്റ് ഹിന്ദി’ എന്ന് പറഞ്ഞാല്‍ സഹായം വേണ്ടെന്നാണോ അര്‍ത്ഥം? വി മുരളീധരനോട് മുഖ്യമന്ത്രി

‘ഐ കാണ്‍ഡ് അണ്ടര്‍സ്റ്റാന്റ് ഹിന്ദി’ എന്ന് പറഞ്ഞാല്‍ സഹായം വേണ്ടെന്നാണോ അര്‍ത്ഥമെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയക്കെടുതി നേരിടുന്നതിന് കേന്ദ്ര സഹായം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തില്‍ മുരളീധരന്റെ പ്രസ്താവന തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി വിളിച്ചിരുന്നു എന്നത് സത്യമാണെന്നും തങ്ങള്‍ ഇരുവരും ആകെ സംസാരിച്ചത് ഒരു കാര്യം മാത്രമാണെന്നും പിണറായി പറഞ്ഞു.

പ്രളയക്കെടുതിയെക്കുറിച്ച് സംസാരിക്കാന്‍ അദ്ദേഹം വിളിച്ചിരുന്നു. എന്നാല്‍ ഹിന്ദിയിലാണ് സംസാരിച്ചത്. തനിക്കൊന്നും മനസ്സിലായില്ല എന്നും ഇക്കാര്യം ഇംഗ്‌ളീഷില്‍ അറിയിച്ചു. തനിക്ക് അത്ര ഇംഗ്‌ളീഷ് പരിജ്ഞാനമില്ല. എന്നാല്‍ ‘ഐ കാണ്ട് അണ്ടര്‍സ്റ്റാന്റ് ഹിന്ദി’ എന്നു പറഞ്ഞു. അദ്ദേഹം ഫോണ്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറി. തന്റെ പ്രൈവറ്റ് സെക്രട്ടറി സംസാരിക്കുമെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിച്ചു. പിന്നീട് കേന്ദ്ര പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണില്‍ തന്റെ പ്രൈവറ്റ് സെക്രട്ടറി വിളിക്കുകയായിരുന്നു.

ഇങ്ങിനെ ഒരു വാക്കു മാത്രം സംസാരിച്ചത് എങ്ങിനെ മുരളീധരന് തെറ്റിദ്ധാരണയായി മാറിയെന്ന് അറിയില്ല. താന്‍ പറയാത്ത ഒരു കാര്യം മനസ്സിലാക്കാനുള്ള വൈഭവം ഈ സഹമന്ത്രിക്കുണ്ടോ എന്ന് അറിയില്ല. കേന്ദ്രസഹായം താന്‍ ഒരിക്കലും വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും പ്രളയം നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ട മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും പിണറായി പറഞ്ഞു. കേന്ദ്രത്തില്‍ നിന്നും നല്ല രീതിയില്‍ സഹായം കിട്ടി. പ്രളയക്കെടുതിയില്‍ കേന്ദ്രത്തിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്നും പറഞ്ഞു.