പെരുമഴ: ഒമ്പത്‌ ജില്ലകളില്‍ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും മഴ കനത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കോഴിക്കോട്, തൃശുര്‍, വയനാട്, മലപ്പുറം, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. പത്തനംതിട്ടയിലും പാലക്കാടും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രം അവധിയായിരിക്കും.

കണ്ണൂര്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്ക് അവധിയില്ല. മറ്റ് ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ക്കും അങ്കണവാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്. സ്വകാര്യ ട്യൂഷന്‍ സെന്ററുകളും തുറക്കരുതെന്ന് വിവിധ ജില്ലകളിലെ കലക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വയനാട് ജില്ലയിലെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല. കേരള സര്‍വകലാശാല പരീക്ഷകളും പി.എസ്.സിയുടെ വകുപ്പ് തല പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതിയ തീയതി പിന്നീട് അറിയിക്കും.

ശനിയാഴ്ച വരെ കനത്ത മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നത്. രണ്ട് ജില്ലകളില്‍ നാളെ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. റെഡ് അലേര്‍ട്ട് ഇല്ലാതെ ഒരു ദിനം കടന്നുപോയെങ്കിലും ഇന്ന് വീണ്ടും മഴ കനക്കുകയായിരുന്നു. ആറ് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാകാത്തതിനാലാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.

റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതും പല വിദ്യാലയങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതും, വിദ്യാര്‍ത്ഥികളില്‍ പലരും ദുരിതാശ്വാസക്യാമ്പുകളിലായതും പരിഗണിച്ചാണ് കോഴിക്കോട് ജില്ലക്ക് അവധി.

മലപ്പുറം ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും, തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷക്കെടുതിയിലെ ദുരിതാശ്വാസ ക്യാമ്പുകളും ദുരിതാശ്വാസ പ്രവര്ത്തനങ്ങളും തുടര്‍ന്നുവരുന്നതിനാലും മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം) ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.