ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുക, അല്ലെങ്കില്‍ കൂടുതല്‍ ദുരന്തങ്ങള്‍ക്ക് കാത്തിരിക്കുക: വി എസ്

സംസ്ഥാനത്തെ പ്രകൃതി ദുരന്തങ്ങളില്‍ കര്‍ശന മുന്നറിയിപ്പുമായി മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍. വയല്‍ നികത്തലും കുന്നിടിക്കലും അനിയന്ത്രിതമായ പാറ ഖനനവും കുന്നിന്‍മുകളിലെ തടയണ നിര്‍മ്മാണവുമെല്ലാം ദുരന്ത കാരണം. അതിന്റെ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കാക്കാന്‍ ജനപ്രതിനിധികള്‍ക്ക് കഴിഞ്ഞിട്ടില്ല. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവുകള്‍ വരുത്തുന്നതും, പാറ ഖനനത്തിന് യഥേഷ്ടം അനുമതി നല്‍കുന്നതും അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കുന്നതുമെല്ലാം ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളാവുമ്പോള്‍ ജനങ്ങള്‍ നിസ്സഹായരായിപ്പോവുകയാണ്. ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ ക്വാറികള്‍ക്ക് അനുമതി നിഷേധിക്കും എന്ന പ്രഖ്യാപനം ആശ്വാസകരമാണ്. പക്ഷെ, അനുമതി നല്‍കിയതുകൊണ്ടാണ് അവിടെ പാറമടകളുണ്ടായതും അതെല്ലാം ദുരന്തകാരണമായതും എന്ന വസ്തുത മറന്നുകൂട.

പശ്ചിമഘട്ട മലനിരകളില്‍ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണം അവസാനിപ്പിക്കാന്‍ അടിയന്തര ഇടപെടലുകളുണ്ടാകണം ഇല്ലെങ്കില്‍ കേരളത്തില്‍ വരാനിരിക്കുന്ന ദുരന്തങ്ങള്‍ക്ക് നാം തന്നെയായിരിക്കും ഉത്തരവാദികള്‍. പശ്ചിമ ഘട്ടത്തെ സംരക്ഷിക്കാന്‍ ആവശ്യപ്പെടുന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ജനകീയാവശ്യം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ അടുത്ത പ്രളയം വരെ കാത്തിരിക്കേണ്ട കാര്യമില്ല. പരിസ്ഥിതിലോല മേഖലകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലക്കണമെന്നും കുന്നിന്‍മുകളിലെ തടയണകള്‍ പൊളിച്ചുനീക്കാന്‍ നടപടി സ്വീകരിക്കണമെന്നും വി എസ് ഫേസ് ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് അനുഭവപ്പെടുന്നത്. ഇതേക്കുറിച്ചെല്ലാം ശാസ്ത്രീയ പഠനങ്ങളും നടന്നിട്ടുണ്ട്. പക്ഷെ, ശാസ്ത്രീയ പഠനങ്ങളെ ചില സൗകര്യങ്ങളുടെ പേരില്‍ നാം അവഗണിക്കുകയായിരുന്നു. അതിവര്‍ഷവും വരള്‍ച്ചയും തുടര്‍ച്ചയായി അനുഭവിക്കേണ്ടി വരുന്ന കേരളത്തിന്, ഓരോ വര്‍ഷവും ദുരന്തങ്ങളെക്കൂടി അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യമാണ് വന്നുചേര്‍ന്നിട്ടുള്ളത്.

ഈ ദുരന്തങ്ങളുടെ യഥാര്‍ഥ കാരണം ഈ മേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ പറഞ്ഞു തന്നിട്ടുണ്ട്. മാധവ് ഗാഡ്ഗിലിനെ പോലുള്ള വിദഗ്ധരുടെ പഠന റിപ്പോര്‍ട്ടുകള്‍ നമ്മുടെ മുമ്പിലുണ്ട്. വയല്‍ നികത്തലും കുന്നിടിക്കലും അനിയന്ത്രിതമായ പാറ ഖനനവും കുന്നിന്‍മുകളിലെ തടയണ നിര്‍മാണവുമെല്ലാം ദുരന്ത കാരണമാണെന്ന് ഇന്ന് കേരളത്തിലെ ഏത് കൊച്ചു കുട്ടിക്കും അറിയാം. ഇനിയും അതിന്റെ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കാത്തത് ജനപ്രതിനിധികളാണെന്നാണ് ഇതപര്യന്തമുള്ള പ്രതികരണങ്ങളില്‍ നിന്ന് ജനങ്ങള്‍ വായിച്ചെടുക്കുന്നത്.

നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവുകള്‍ വരുത്തുന്നതും, പാറ ഖനനത്തിന് യഥേഷ്ടം അനുമതി നല്‍കുന്നതും അനധികൃത നിര്‍മാണങ്ങള്‍ സാധൂകരിക്കുന്നതുമെല്ലാം ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരുകളാവുമ്പോള്‍ ജനങ്ങള്‍ നിസ്സഹായരായിപ്പോവുകയാണ്. ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ ക്വാറികള്‍ക്ക് അനുമതി നിഷേധിക്കും എന്ന പ്രഖ്യാപനം ആശ്വാസകരമാണ്. പക്ഷെ, അനുമതി നല്‍കിയതു കൊണ്ടാണ് അവിടെ പാറമടകളുണ്ടായതും അതെല്ലാം ദുരന്ത കാരണമായതും എന്ന വസ്തുത മറന്നുകൂടാ.

അതിനാല്‍, ശാസ്ത്രീയ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായതും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നതുമായ എല്ലാ നടപടികളും കര്‍ശനമായി വിലക്കപ്പെടുക തന്നെ വേണം. പാറമടകള്‍ ജനവാസ മേഖലയില്‍ നിന്നും ഇരുനൂറ് മീറ്ററെങ്കിലും ദുരം പാലിക്കണം എന്നും, പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തണമെന്നും, കുന്നിന്‍ മുകളിലെ തടയണകളും ഇതര നിര്‍മിതികളും പൊളിച്ചുമാറ്റണമെന്നുമെല്ലാം തീരുമാനിക്കാന്‍ ഇനിയുമൊരു പ്രളയം വരെ കാത്തിരിക്കേണ്ടതില്ല.

കഴിഞ്ഞ പ്രളയത്തില്‍ വീടുകളാണ് ഒലിച്ചു പോയതെങ്കില്‍, ഇത്തവണ ഗ്രാമങ്ങള്‍ തന്നെ ഒലിച്ചുപോയി. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ജനകീയ ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. കേരളത്തെ കേരളമാക്കി നിലനിര്‍ത്തിപ്പോന്ന പശ്ചിമഘട്ട മലനിരകളില്‍ നടന്നുകൊണ്ടിരിക്കുന്ന കടന്നാക്രമണം അവസാനിപ്പിക്കാന്‍ അടിയന്തരമായ ഇടപെടലുകളുണ്ടായില്ലെങ്കില്‍ വരാനിരിക്കുന്ന ദുരന്തങ്ങള്‍ക്ക് നാം തന്നെയായിരിക്കും ഉത്തരവാദികള്‍.