സ്വാതന്ത്ര്യദിനത്തില്‍ തരംഗമായി ഉലകനായകന്റെ ഇന്ത്യന്‍ 2ന്റെ പോസ്റ്റര്‍

തമിഴര്‍ക്കൊപ്പം മലയാളികളും ആഘോഷിച്ച ചിത്രമാണ് ശങ്കര്‍ കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ എത്തിയ ഇന്ത്യന്‍. ഇതിന്റെ രണ്ടാം ഭാഗത്തിന്റെ കാത്തിരിപ്പിലായിരുന്ന ആരാധകര്‍ക്ക് ആകാംഷയുണര്‍ത്തുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്ന ഇന്ത്യന്‍ എന്ന കഥാപാത്രമായി കമല്‍ഹാസന്‍ തകര്‍ത്തഭിനയിച്ച ‘ഇന്ത്യന്‍’ 1996ലാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിച്ച കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടരുകയാണിപ്പോള്‍. ഇതിനിപ്പോള്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യന്‍ 2ന്റെ പ്രത്യേക പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റര്‍ വൈറല്‍ ആയിരിക്കുകയാണ്.

200 കോടി രൂപ ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മന്‍് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്.