കാമുകിയെ ചൊല്ലി കാമുകന്മാർ തമ്മിൽ തര്‍ക്കം; യുവാവിനെ കൗമാരക്കാരന്‍ കുത്തി കൊലപ്പെടുത്തി

കാമുകിയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ബിരുദ വിദ്യാര്‍ത്ഥിയെ കൗമാരക്കാരന്‍ കുത്തി കൊലപ്പെടുത്തി. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥി ശുഭം ശ്രീവാസ്തവാണ് കൊല്ലപ്പെട്ടത്. ഡല്‍ഹി പട്ടേല്‍ നഗറിലെ പാര്‍ക്കില്‍ വെച്ചാണ് സംഭവം. അമന്‍ എന്ന കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശ്രീവാസ്തവും ഒരു പെണ്‍കുട്ടിയും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്തിടെ ഇരുവരും തമ്മില്‍ അകന്നു. ഈ പെണ്‍കുട്ടിയെ അമന്റെയൊപ്പം കണ്ടെന്ന് തിങ്കളാഴ്ച സുഹൃത്ത് ശ്രീവാസ്തവിനോട് പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള ചിത്രവും സുഹൃത്ത് ശ്രീവാസ്തവിനെ കാണിച്ചിരുന്നു. അന്ന് വൈകിട്ട് ശ്രീവാസ്തവും സുഹൃത്തുക്കളായ രണ്ട് പേരും ചേര്‍ന്ന് അമനെ മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയുമായുള്ള സൗഹൃദം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ബുധനാഴ്ച വിഷയം ഒത്തുതീര്‍ക്കുന്നതിനായി പട്ടേല്‍ നഗറിലെ റോക് ഗാര്‍ഡനിലേക്ക് അമന്‍, ശ്രീവാസ്തവിനെ വിളിച്ചുവരുത്തി. അമന്റെ സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഇവിടെ വെച്ച ഇരു കൂട്ടരും തമ്മില്‍ വഴക്കുണ്ടാകുകയും അത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

സംഘര്‍ഷത്തില്‍ ശ്രീവാസ്തവിനും ഒപ്പമുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ശ്രീവാസ്തവ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.