വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രകൃതിയുണ്ടാകണം ഇല്ലെങ്കിൽ വികസനം വെള്ളത്തില്‍ മുങ്ങിപ്പോകുകയേയുള്ളു: ബിനോയ് വിശ്വം എം പി

പ്രകൃതിയെ ഒഴിവാക്കിക്കൊണ്ടുള്ള വികസനം അസാധ്യമാണെന്ന് ബിനോയ് വിശ്വം എംപി. പരിസ്ഥിതിയേയും പ്രകൃതിയേയും മാറ്റിവെച്ചുകൊണ്ട് ഒരു സര്‍ക്കാറിനും മുന്നോട്ട് പോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വികസനം, വികസനം എന്ന് മുറവിളി കൂട്ടിയതുകൊണ്ട് ഒരു കാര്യവുമില്ല. വികസനത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രകൃതിയുണ്ടാകണം. ഇതിനെ പരിഗണിക്കാതെ നടത്തുന്ന വികസനം വെള്ളത്തില്‍ മുങ്ങിപ്പോകുകയേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ സി അച്യുതമേനോന്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ പ്രളയകാലത്ത് ആഗോളതാപനം യക്ഷിക്കഥയാണെന്ന് പറയാനാവില്ല. പശ്ചിമഘട്ടം എന്നാല്‍ കേവലം കാടുകളും മലകളും മാത്രമല്ല, നമ്മുടെ പുഴകളും വയലുകളും ജീവിതവും എല്ലാം പശ്ചിമഘട്ടമാണെന്ന് കാലം തെളിയിച്ചിരിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

കെല്‍ട്രോണ്‍, സിഡബ്ലിയു.ആര്‍ഡിഎം, കെഎഫ്ആര്‍എല്‍, ശ്രീചിത്ര സെന്റര്‍, കുസാറ്റ് തുടങ്ങിയ കേരളത്തിലെ പ്രഗല്‍ഭമായ സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ച ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയായിരുന്നു സി അച്യുതമേനോന്‍. തേക്കിന്‍കാട്ടില്‍ പിന്‍നിരയിലിരുന്ന് പ്രസംഗം കേള്‍ക്കുന്നയാള്‍, വീട്ടിലേക്ക് പച്ചക്കറി വാങ്ങിക്കുന്നയാള്‍ എന്നിങ്ങനെയുള്ള അസാമാന്യമായ ലളിതവത്ക്കരണം കൊണ്ട് സി അച്യുതമേനോനെ ഒതുക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. 69ലെ ഭരണകാലത്ത് ഇടതുപക്ഷ സര്‍ക്കാറിന് മാത്രം സാധിക്കുന്ന പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്ന അതുല്യനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. വിലയിരുത്തുന്നവരുടെ കാഴ്ചപ്പാടിലെ സങ്കുചിതത്വം കൊണ്ട് അതെല്ലാം തമസ്‌ക്കരിക്കപ്പെടുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

‘കേരള വികസനം സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ ഐആര്‍ടിസി സോഷ്യല്‍ സയന്‍സ് വിഭാഗം സീനിയര്‍ ഫെല്ലോ ഡോ. കെ രാജേഷ് പ്രഭാഷണം നടത്തി. മന്ത്രി വി എസ് സുനില്‍കുമാര്‍, ചീഫ് വിപ്പ് കെ രാജന്‍, മുന്‍ എം പി സി എന്‍ ജയദേവന്‍ തുടങ്ങിയവരും പങ്കെടുത്തു.

സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷനായി. പി ബാലചന്ദ്രന്‍ സ്വാഗതം പറഞ്ഞു. കൃഷ്ണപ്രസാദ് പി, എബിന്‍ പി ബി, ഡിനിറ്റ് ഡാനി എന്നീ വിദ്യാര്‍ഥികള്‍ക്ക് ചീഫ് വിപ്പ് കെ രാജന്‍ സി അച്യുതമേനോന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ സമ്മാനിച്ചു. തൃശൂരിൽ സി അച്യുതമേനോന്‍ അനുസ്മരണസമ്മേളനം ബിനോയ് വിശ്വം എംപി ഉദ്ഘാടനം ചെയ്യുന്നു.