മലയാളികളടങ്ങിയ ഒമ്പതംഗ വ്യാജ അന്വേഷണ സംഘം മംഗളുരുവില്‍ പിടിയില്‍

അഞ്ച് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒമ്പതംഗ വ്യാജ അന്വേഷണ സംഘം മംഗളുരുവില്‍ പിടിയില്‍. പിടിയിലായവരില്‍ നാല് പേര്‍ കര്‍ണാടക സ്വദേശികളാണ്. നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പേരില്‍ ഹോട്ടലില്‍ മുറിയെടുത്ത സംഘത്തെ പോലീസ് പിടികൂടുകയായിരുന്നു.

ഇതേ പേരില്‍ ബോര്‍ഡ് വെച്ച ഇവരുടെ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. എന്ത് ഉദ്ദേശത്തോടുകൂടിയാണ് ഇവര്‍ മംഗളുരുവില്‍ എത്തിയതെന്ന കാര്യം പോലീസ് പുറത്തുവിട്ടിട്ടില്ല. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.