ആഗസ്റ്റ് 18: ജനമനസ്സുകളിൽ ഇപ്പോഴും അമരനായ നേതാജിയുടെ ഓർമ്മദിനം

“നിങ്ങൾ എനിക്ക് രക്തം തരൂ.
ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം”

സാഹിത്യത്തിലായാലും ചരിത്രത്തിലായാലും ജീവിതത്തിലായാലും അകാലത്തിൽ രക്തസാക്ഷികളാവുന്നവർക്ക് ജനമനസ്സുകളിൽ അമരത്വം സിദ്ധിക്കാറുണ്ട്. മിടുക്കനായ ഒരു വിദ്യാർത്ഥി, ബ്രിട്ടനിൽ ചെന്ന് അവിടത്തെ സിവിൽ സർവീസ് പരീക്ഷയിൽ ബ്രിട്ടീഷുകാരെ ജയിച്ച് മികച്ച ഒരുദ്യോഗത്തിലേറി സുഖദമായ അധികാരജീവിതം നയിച്ചുകൊണ്ടിരിക്കെ അതെല്ലാം വലിച്ചെറിഞ്ഞ് ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തിന്റെ കെടുതികളിലേക്ക് എടുത്തുചാടുന്നു. 

മഹാത്മാ ഗാന്ധി എന്ന യുഗപ്രഭാവനായ നേതാവിന്റെ സ്ഥാനാർത്ഥിയെ സംഘടനാ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്  എന്നൊരു  വലിയ രാഷ്ട്രീയ പാർട്ടിയുടെ നേതൃനിരകളിലൂടെ വളരെപ്പെട്ടെന്ന് മുകളിലേക്കെത്തുന്നു. ബ്രിട്ടീഷുകാരുടെ തടവിൽ നിന്നും രക്ഷപ്പെട്ട ഒളിവിൽ ഇന്ത്യൻ യുവതയെ സംഘടിപ്പിച്ച് സായുധ സേനകളുണ്ടാക്കി ഗറില്ലായുദ്ധങ്ങൾക്ക് കോപ്പുകൂട്ടുന്നു. കാണാതായി എഴുപത്തഞ്ചു വർഷങ്ങൾക്കിപ്പുറവും നേതാജി സുഭാഷ് ചന്ദ്ര ബോസ് എന്ന വിപ്ലവകാരി ഇന്നും ഭാരതത്തിലെ  അനേകായിരങ്ങളുടെ ആരാധനാ പാത്രമായി തുടരുന്നു. പിറന്ന നാട്ടിൽ സ്വതന്ത്രരായി ജീവിക്കാനുള്ള സമരം നയിക്കുന്ന തന്റെ സഹോദരന്മാരോട് അന്നദ്ദേഹം  പറഞ്ഞ വാക്കുകൾ ഇന്നും  ജനം  ആവർത്തിക്കുന്നു, “Freedom is not given, it is taken..”

ഇന്ത്യയുടെ സ്വാതന്ത്ര്യമെന്ന ലക്ഷ്യത്തിനു വേണ്ടി പോരാടിയ ഈ ബംഗാളി റാഡിക്കൽ ദേശീയതാ വാദി അതിനായി അഹിംസാ മാർഗ്ഗമൊഴിച്ച് മറ്റെല്ലാ വഴിക്കും പരിശ്രമിച്ചു. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നതുകൊണ്ടാവും, ബ്രിട്ടീഷുകാരെ തകർക്കാൻ ജപ്പാന്റെയും ജർമ്മനിയുടെയും കൂടെ വരെ നേതാജി സഖ്യമുണ്ടാക്കിയത്.

മരിക്കുന്നതിന് മുമ്പുള്ള കുറച്ചുകാലം അദ്ദേഹത്തിന്റെ ജീവിതം വളരെ സാഹസികമായ അനുഭവങ്ങൾ നിറഞ്ഞതായിരുന്നു. കൊൽക്കത്തയിലെ ഹൗസ് അറസ്റ്റ്, ഹിറ്റ്‌ലറുമായുള്ള കൂടിക്കാഴ്ച, ജർമ്മൻ മുങ്ങിക്കപ്പലിൽ ജപ്പാൻ നിയന്ത്രണത്തിലുള്ള സുമാത്രയിലേക്കുള്ള സാഹസിക യാത്ര, തെക്കുകിഴക്കൻ ഏഷ്യയിൽ ഇന്ത്യൻ സൈനികരെ സംഘടിപ്പിച്ചുള്ള പടപ്പുറപ്പാട്, ഒടുവിൽ 1945 ആഗസ്റ്റ് 18ന് തായ്‌വാനിലെ സൈഗോമിൽ നിന്നും ടോക്കിയോവിലേക്ക് ഒരു കൊച്ചു വിമാനത്തിൽ രക്ഷപ്പെട്ടു പോകുമ്പോൾ ടേക്ക് ഓഫിനിടയിൽ വിമാനം നെടുകെ പിളർന്നുള്ള മരണം. അന്ന് അദ്ദേഹം മരണപ്പെട്ടുവോ…? അതോ അത് വെറും കെട്ടുകഥ മാത്രമായിരുന്നോ..?

മരണത്തെക്കുറിച്ച് ഇപ്പോഴും ആശയക്കുഴപ്പം തുടരുകയാണ് – ഈ വിധത്തിൽ ഒരു ഐതീഹ്യ പുരുഷനു സമാനം ജനഹൃദയങ്ങളിൽ നിറഞ്ഞ നേതാവായിരുന്നു സുഭാഷ് ചന്ദ്രബോസ്.

ഐ.സി.എസ്.പ്രൊബേഷണറായിരിക്കുമ്പോൾ ജോലി രാജിവച്ച് 1921-ൽ രാഷ്ട്രീയത്തിലിറങ്ങി. ദീനബന്ധു ചിത്തരഞ്ജൻ ദാസിൽ ആകൃഷ്ടനായതാണ് വഴിതിരിവായത്. ചിത്തരഞ്ജൻ ദാസും അദ്ദേഹത്തെപ്പോലെ തന്നെ സായുധ  വിപ്ലവ ചിന്തകൾ ഉള്ളിലുള്ള ഒരാളായിരുന്നു എന്നത് യാദൃച്ഛികം. അക്കാലത്താണ് അദ്ദേഹം സ്വരാജ് എന്ന പത്രം തുടങ്ങുന്നത്. കൽക്കത്താ മുനിസിപ്പൽ കോർപ്പറേഷന്റെ സിഇഒ ആയും അദ്ദേഹം അക്കാലത്ത് പ്രവർത്തിച്ചിരുന്നു. 1925ൽ ബോസ് അറസ്റ്റിലാകുന്നു. 1927ൽ ജയിൽ മോചിതനായ ബോസ് കോൺഗ്രസ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി നെഹ്രുവിനോപ്പം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കുന്നുണ്ട്. സായുധ വിപ്ലവ ചിന്തകളുമായി കോൺഗ്രസ്സ് നേതൃത്വം യോജിക്കാതെ വരുമ്പോൾ അദ്ദേഹം അവരുമായി വേർപിരിയുന്നു. തുടർന്ന് അന്താരാഷ്ട്ര തലത്തിൽ സ്വാതന്ത്ര്യസമരത്തിന് പിന്തുണ സംഘടിപ്പിക്കാനായി അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ. ജപ്പാനുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും ഐഎൻഎ രൂപീകരണവും ഒക്കെ അതിനുശേഷമുള്ള സംഭവ വികാസങ്ങളാണ്. 1921-ൽ ആദ്യമായി അറസ്റ്റിലായി. പിന്നീട് നിരവധി തവണ ജയിൽവാസമനുഷ്ഠിച്ചു.

1945ൽ ജപ്പാൻ രണ്ടാം ലോകമഹായുദ്ധത്തിൽ പരാജയപ്പെടുന്നതോടെയാണ് നേതാജി തായ്‌വാനിൽ നിന്നും രക്ഷപ്പെടാൻ തീരുമാനിക്കുന്നത്. നെടുകെ പിളർന്ന് അഗ്നിനാളങ്ങൾ വിഴുങ്ങിയ വിമാനത്തിൽ നിന്നും പുറത്തെടുത്ത നേതാജിക്ക് ഗുരുതരമായ പൊള്ളലേറ്റിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഏതാനും മണിക്കൂറുകൾക്കകം മരിച്ചു എന്നും രണ്ടാം ദിവസം ദഹിപ്പിക്കപ്പെട്ടു എന്നുമാണ് ജപ്പാൻ ഗവണ്മെന്റിന്റെ വാദം. എന്നാൽ അന്നത്തെ അദ്ദേഹത്തിന്റെ സന്തത സഹചാരികൾ ആരെയും അന്ന് ആ വിമാനത്തിൽ കൂടെപ്പോവാൻ അനുവദിച്ചിരുന്നില്ല. ആരും തന്നെ അപകടശേഷം അദ്ദേഹത്തെ കണ്ടിട്ടില്ല. മരിച്ച ശേഷവും അദ്ദേഹത്തെ കാണാൻ ആർക്കും അവസരം കൊടുത്തില്ല. ഒന്നിന്റെയും ഒരു ഫോട്ടോഗ്രാഫ് പോലും ഇല്ല. മരണസർട്ടിഫിക്കറ്റോ പോസ്റ്റുമോർട്ടം റിപ്പോർട്ടോ ഒന്നുമില്ല. അതുകൊണ്ടു തന്നെ നേതാജിയുടെ ജീവൻ രക്ഷിക്കാനായി ജപ്പാൻ നടത്തിയ ഒരു നാടകമായിരുന്നു ഈ വിമാനാപകടം എന്നുവിശ്വസിക്കുന്നവർ കുറവല്ല. 

നേതാജിയുടെ അടുത്ത ബന്ധുക്കൾ പലരും ആ വിമാനാപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ നേതാജി മരണപ്പെട്ടുവെന്നും. അന്നുതന്നെ ദഹിപ്പിക്കപ്പെട്ട അദ്ദേഹത്തിന്റെ ചിതാഭസ്മം ജപ്പാനിലേക്ക് വിമാനമാർഗ്ഗം കൊടുത്തയച്ചെന്നും അത് അവിടത്തെ  റെങ്കോജി ടെംപിൾ എന്നൊരു ബുദ്ധക്ഷേത്രത്തിൽ ഇന്നും സൂക്ഷിക്കപ്പെടുന്നുണ്ടെന്നും അവർ വിശ്വസിക്കുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ചില ബന്ധുക്കളും അദ്ദേഹത്തിന്റെ സായുധ വിപ്ലവമാർഗ്ഗത്തിന്റെ ആരാധകരും ഇന്നും കരുതുന്നത് അദ്ദേഹം അന്ന് മരിച്ചിട്ടില്ല എന്നുതന്നെയാണ്. അദ്ദേഹത്തിന്റെ മരണത്തെപ്പറ്റി അനേകം കഥകൾ പ്രചാരത്തിലുണ്ട്.  1956നും 99നും ഇടയ്ക്ക് ഈ സമസ്യ പരിഹരിക്കാനായി മൂന്നു കമ്മീഷനുകൾ നിയമിക്കപ്പെട്ടിട്ടുണ്ട്. 1956-ൽ ഷാനവാസ് കമ്മിറ്റി, 1970-ൽ ജസ്റ്റിസ് ജി ഡി  ഖോസ്‌ലാ കമ്മീഷൻ, 1999-ൽ ജസ്റ്റിസ് മുഖർജി കമ്മീഷൻ എന്നിവ.  

1964-ൽ അമേരിക്കൻ ചാരസംഘടനയായ CIA പോലും കരുതിയിരുന്നത് 1945-ൽ നേതാജി കൊല്ലപ്പെട്ടിരുന്നില്ല എന്നുതന്നെയാണ്.  പിൽക്കാലത്ത് ഡീക്‌ളാസിഫൈ ചെയ്യപ്പെട്ട ചില CIA രേഖകളിൽ അവരുടെ ഒരു ഏജന്റ് തന്റെ മേലുദ്യോഗസ്ഥന് നേതാജി ജീവനോടുണ്ട് എന്നുള്ള സൂചനകളോടെ ഒരു കത്തെഴുതുന്നതായി പറയുന്നു. ” ബോസ് ഇന്ത്യയിലേക്ക് തിരിച്ചു ചെന്നാൽ പിന്നെ ഇന്ത്യയെ നിയന്ത്രിക്കുക എളുപ്പമാവില്ല.. ” എന്ന് അദ്ദേഹം കത്തിൽ കുറിക്കുന്നുണ്ട്. ഏതോ ഒരു രഹസ്യകേന്ദ്രത്തിൽ സന്യാസി വേഷത്തിൽ ജീവിതം നയിക്കുന്നുണ്ട് ബോസ്  എന്ന സംശയവും ഈ കത്തുകളിൽ പങ്കുവെക്കപ്പെടുന്നുണ്ട്.  

തായ്‌വാനിൽ നിന്നും നേതാജി കടന്നത് അന്നത്തെ USSRലേക്കാണ് എന്നാണ് മറ്റൊരു കഥ. അന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ ബ്രിട്ടീഷുകാരാൽ വധിക്കപ്പെടാതെ സുരക്ഷിതമായി പാർക്കാൻ കഴിയുന്ന ഒരേയൊരു സ്ഥലം റഷ്യയാണെന്ന് നേതാജി കരുതിയിരുന്നു എന്നും. മേജർ ജനറൽ ജി ഡി ബക്ഷി എഴുതിയ ‘Bose: The Indian Samurai – Netaji and the INA Military Assessment’ എന്ന പുസ്തകത്തിൽ പറയുന്നത് വിമാനാപകടം എന്ന നാടകത്തിന്റെ മറവിൽ റഷ്യയിലേക്ക് കടക്കുന്ന നേതാജി പിന്നീട് അവിടെ വെച്ച് ബ്രിട്ടീഷ് സൈന്യത്തിന്റെ പിടിയിൽ അകപ്പെടുകയും ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയ അദ്ദേഹത്തെ അവിടത്തെ ഏതോ തടവറയിൽ വെച്ച് ക്രൂരമായ പീഡനങ്ങൾക്ക് വിധേയനാക്കി എന്നും ഒടുവിൽ ബോസ് ബ്രിട്ടീഷ് സൈന്യത്താൽ കൊല ചെയ്യപ്പെടുകയും ചെയ്തു എന്നുമാണ്.

പാരീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫ്രഞ്ച് ചരിത്രകാരൻ ജെബിപി മോർ 1947-ലെ ഫ്രഞ്ച് രഹസ്യപൊലീസ് രേഖകൾ പരിശോധിച്ച് തയ്യാറാക്കിയ പഠനത്തിൽ പറയുന്നത് 1947ൽ ബോസ് ജീവനോടെ ഉണ്ടായിരുന്നു എന്നാണ്. ഇന്ത്യൻ ഇൻഡിപെൻഡൻസ് ലീഗിന്റെ നേതാവും ഹികാകി മകാൻ എന്ന ജാപ്പനീസ് സംഘടനയിലെ അംഗവുമായിരുന്ന ബോസിനെപ്പറ്റി ആ രേഖയിൽ വ്യക്തമായി പറയുന്നുണ്ട്. 1945-ലെ വിമാനാപകടത്തിൽ ബോസ് മരിച്ചു എന്നുള്ള കഥയിൽ ഫ്രാൻസിന് വിശ്വാസമില്ലെന്ന് വേണം കരുതാൻ.

ബോസ് ഇന്ത്യയിലേക്ക് തിരിച്ചുവന്ന് ഗുംനാമി ബാബ എന്നപേരിൽ ഒരു സന്യാസിയായി രഹസ്യജീവിതം നയിച്ചുവെന്നും 1985-ൽ മരണപ്പെട്ടു എന്നു മറ്റൊരു കഥയും നിലവിലുണ്ട്.അദ്ദേഹം തായ്‌വാനിൽ നിന്നും രക്ഷപ്പെട്ടുകടന്ന ബോസ് പിന്നീട് ഒരു സന്യാസിയുടെ വേഷത്തിൽ ഇന്ത്യയിൽ തിരിച്ചെത്തി എന്നും നെഹ്രുവിന്റെ ശവസംസ്കാര ചടങ്ങിൽ ഈ സന്യാസി പ്രത്യക്ഷപ്പെട്ടിട്ടുണ്ട് എന്നും വരെ കഥകൾ പരന്നെങ്കിലും അതിന് ഉപോൽബലകമായി തെളിവുകളൊന്നും തന്നെ പുറത്തുവന്നിരുന്നില്ല. 1999ൽ ജസ്റ്റിസ് കെ.എം. മുഖർജി നേതൃത്വം കൊടുത്ത ‘മുഖർജി കമ്മീഷൻ’ നടത്തിയ അന്വേഷണത്തിലാണ് ഈ ‘സാധു തിയറി’ വീണ്ടും പൊങ്ങി വരുന്നത്. ഉത്തർപ്രദേശിൽ എവിടെയോ രഹസ്യമായി പാർക്കുന്ന ഒരു ‘ഗുംനാമി’ ബാബയെപ്പറ്റി ആ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ഈ റിപ്പോർട്ട് പക്ഷേ ഗവണ്മെന്റ് തിരസ്കരിക്കുകയാണുണ്ടായത്.

2014ൽ NDA ഗവണ്മെന്റ് അധികാരത്തിൽ വന്ന ശേഷം സുഭാഷ് ചന്ദ്ര അഗർവാൾ എന്നൊരു വ്യക്തി നൽകിയ വിവരാവകാശ അപേക്ഷയിൽ ഇതുസംബന്ധിച്ച വിവരങ്ങൾ അടങ്ങിയ രഹസ്യരേഖകൾ പരസ്യമാക്കാൻ വിസമ്മതിച്ചുകൊണ്ടുള്ള മറുപടിയാണ് നൽകപ്പെട്ടത്. ഈ വിവരങ്ങൾ വളരെ ‘സെൻസിറ്റീവ്’ ആണെന്നും മറ്റുരാഷ്ട്രങ്ങളുമായുള്ള ഭാരതത്തിന്റെ നയതന്ത്രബന്ധങ്ങളെ അത് ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഈ നിഷേധം. എന്നാൽ പിന്നീട് 2017-ൽ സായക് സെൻ എന്നൊരു വ്യക്തി സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിൽ കേന്ദ്ര ആഭ്യന്തര വകുപ്പ് ഇങ്ങനെ പറഞ്ഞിരുന്നു, “ഷാനവാസ് കമ്മിറ്റി, ജസ്റ്റിസ് ജി ഡി ഖോസ്‌ലാ കമ്മീഷൻ, ജസ്റ്റിസ് മുഖർജി കമ്മീഷൻ എന്നിവ നടത്തിയ അന്വേഷണങ്ങളുടെ റിപ്പോർട്ടുകൾ പഠിച്ചതിൽ നിന്നും നേതാജി സുഭാഷ് ചന്ദ്രബോസ് 1945-ൽ തായ്‌വാനിൽ നടന്ന വിമാനാപകടത്തിൽ മരണപ്പെട്ടു എന്നുള്ള നിഗമനത്തിൽ ഗവണ്മെന്റ് എത്തിച്ചേരുന്നു” എന്ന് .

1938 -ലും, 1939-ലും രണ്ടു തവണ നേതാജി കോൺഗ്രസ് പ്രസിഡന്റായിരുന്നു. ഗാന്ധിയുമായി അഭിപ്രായം വ്യത്യാസത്തെ തുടർന്ന് 1939-ൽ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. തുടർന്ന് ‘ഫോർവേഡ് ബ്ലോക്ക്’ എന്ന രാഷ്ട്രീയ പാർടി രൂപീകരിച്ചു.

1941-ൽ കൽക്കത്തയിൽ ബ്രിട്ടീഷ് ഗവൺമെന്റിന്റെ വീട്ടുതടങ്കലിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട് ജർമനിയിലെത്തി.1943-ൽ സിംഗപ്പൂരിൽ ഇൻഡിപെൻഡന്റ് ലീഗിന്റെയും, ഇന്ത്യൻ നാഷ്ണൽ ആർമിയുടെയും നേതത്വം ഏറ്റെടുത്ത് സുഭാഷ് ‘ നേതാജി’യായി മാറി. അതേവർഷം അവിടെ ‘ആസാദ് ഹിന്ദ്’ സർക്കാർ സ്ഥാപിച്ചു. ജപ്പാൻ, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങൾ ഈ സർക്കാരിനെ അംഗീകരിച്ചതോടെ ബ്രിട്ടനോടും അമേരിക്കയോടും യുദ്ധം പ്രഖ്യാപിച്ചു.

ഐ.എൻ.എ.യിൽ ബോസ് രൂപീകരിച്ച ‘ത്സാൻസി റെജിമെന്റി’ലെ വനിതാ വിഭാഗത്തിന്റെ ക്യാപ്റ്റനായിരുന്നു മലയാളിയായ ലക്ഷ്മി.1944-ൽ ഐ.എൻ.എ.ഇന്ത്യൻ അതിർത്തിയിൽ എത്തി. സഖ്യകക്ഷികൾ മുന്നേറിയതിനാൽ ഇംഫാലിൽ വച്ച് തടയപ്പെടുകയും റംഗുണിൽ നിന്നും പിന്മാറാനും നിർബന്ധിതമായി.

ഇപ്പോഴും നേതാജിയുടെ തിരോധാനം ഒരു കടങ്കഥയായി തുടരുന്നു. ജനമനസ്സുകളിൽ നേതാജി ഇപ്പോഴും അമരൻ തന്നെ.