ജെ.എന്‍.യുവിന്റെ പേര് മാറ്റി എം.എന്‍.യു (മോഡി നരേന്ദ്ര യുണിവേഴ്‌സിറ്റി) ആക്കണമെന്ന് ബി.ജെ.പി എം.പി

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയ്ക്ക് (ജെ.എന്‍.യു) പ്രധാനമന്ത്രി മോഡിയുടെ പേര് നല്‍കണമെന്ന് ബി.ജെ.പി എം.പി. ജെ.എന്‍.യുവിന്റെ പേര് മോഡി നരേന്ദ്ര യുണിവേഴ്‌സിറ്റി (എം.എന്‍.യു) എന്നാക്കി മാറ്റണമെന്ന് ബി.ജെ.പി എം.പി ഹന്‍സ് രാജ് ഹന്‍സ് ആവശ്യപ്പെട്ടു. ബി.ജെ.പിയുടെ നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള എം.പിയാണ് ഹന്‍സ് രാജ് ഹന്‍സ്. ജെ.എന്‍.യുവിലെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് ഹന്‍സ് രാജ് ഇക്കാര്യം അഭിപ്രായപ്പെട്ടത്.

മോഡിയുടെ പേരില്‍ എന്തെങ്കിലുമൊക്കെ ഉണ്ടാകണമെന്ന് അഭിപ്രായപ്പെട്ട നെഹ്‌റു ചെയ്ത തെറ്റുകള്‍ക്ക് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോപിച്ചു. പ്രധാനമന്ത്രിയുടെ ഇടപെടലില്‍ ജെ.എന്‍.യുവില്‍ നിരവധി മാറ്റങ്ങളുണ്ടായെന്ന് ഹന്‍സ് രാജ് അവകാശപ്പെട്ടു. താന്‍ ആദ്യമായാണ് ജെ.എന്‍.യുവില്‍ വരുന്നത്. എന്നാല്‍ മോഡിയുടെ ഇടപെടലിനെ തുടര്‍ന്നുണ്ടായ വ്യത്യാസങ്ങള്‍ പ്രകടമാണെന്നും ഹന്‍സ് രാജ് പറഞ്ഞു.

അതേസമയം ഹന്‍സ് രാജിന്റെ പ്രസ്താവന വൈകാരികവും മോഡിയോടുള്ള ആരോധന കാരണവുമാണെന്നും അത് നടപ്പിലാക്കണമെന്നില്ലും ബി.ജെ.പി ഡല്‍ഹി ഘടകം അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു.