സുനന്ദ പുഷ്‌കറിന്റെ ശരീരത്തില്‍ 15 മുറിപ്പാടുകള്‍;സുനന്ദയെ തരൂര്‍ മാനസികമായും പീഡിപ്പിച്ചതായി ഡല്‍ഹി പോലീസ് കോടതിയില്‍

കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷകറിന്റെ മൃതദേഹത്തില്‍ 15 മുറിപ്പാടുകളുണ്ടായിരുന്നുവെന്ന് ഡല്‍ഹി പോലീസ് കോടതിയെ അറിയിച്ചു. സുനന്ദയുടെ ശരീരത്തില്‍ 12 മണിക്കൂര്‍ മുതല്‍ നാല് ദിവസം വരെ പഴക്കമുള്ള 15ല്‍ അധികം മുറിവുകള്‍ ഉണ്ടായിരുന്നെന്നാണ് പൊലീസ് കോടതിയെ അറിയിച്ചത്.

സുനന്ദ പുഷ്‌കറിന്റെ മരണകാരണം വിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും അവരുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നുവെന്നാണ് കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷ നിയമം 498 അ, 306 വകുപ്പകള്‍ ചേര്‍ത്ത് തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. പാക്ക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറമായി തരൂര്‍ കൈമാറിയ സന്ദേശങ്ങള്‍ സുനന്ദയെ മാനസികമായി തളര്‍ത്തിയിരുന്നതായി പ്രൊസീക്യൂഷന്‍ നേരത്തെ വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുറിവുകളും പ്രൊസിക്യൂഷന്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിരിക്കുന്നത്.

ഇതിന് പിന്നാലെയാണ് എയിംസിലെ ഡോക്ടര്‍മാര്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ 15 ഓളം മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് പബ്ലിക് പ്രൊസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ കോടതിയെ അറിയിച്ചു. വലത് കൈത്തണ്ടിലാണ് കൂടുതല്‍ മുറിവുകള്‍. ഒരു കുത്തിവയ്പ്പിന്റെ പാടും ഉണ്ടെന്നും അദ്ദേഹം വാദിച്ചു.

സുനന്ദ പുഷ്‌കര്‍ നിരന്തരമായി മര്‍ദ്ദിക്കപ്പെട്ടിരുന്നു എന്നതിന് തെളിവുണ്ട് എന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. സുനന്ദ പുഷ്‌കറുമായി ശശി തരൂരിന്റെ വിവാഹ ജീവിതം മൂന്ന് വര്‍ഷവും നാല് മാസവും നീണ്ടത് ആയിരുന്നുവെന്നും രണ്ട് പേരുടേയും മൂന്നാം വിവാഹം ആണെന്നും പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി.