ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു രൂപ കൊടുക്കരുതെന്ന് പറഞ്ഞ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് 25,000 രൂപ കെട്ടിവെച്ച്‌ ഉപാധികളോടെ ജാമ്യം നേടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം ഇടരുത് എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ട കേസില്‍ കോട്ടയം സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന് 25,000 രൂപ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലും കോടതി ജാമ്യം അനുവദിച്ചു.

ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ഗാന്ധിനഗര്‍ പൊലീസായിരുന്നു സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു രൂപ പോലും കൊടുക്കരുത് എന്നായിരുന്നു ഇയാളുടെ പോസ്റ്റ്. ഇതിനെതിരെ ഡി.വൈ.എഫ്.ഐ കുമാരനല്ലൂര്‍ ഈസ്റ്റ് മേഖലാ കമ്മിറ്റി സെക്രട്ടറിയായിരുന്നു പരാതി നല്‍കിയത്. ഗാന്ധി നഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഐ.പി.സലി 153, കേരള പൊലീസ് ആക്ട് 120 (ഒ) എന്നീ വകുപ്പുകളായിരുന്നു ചുമത്തിയത്. പരാതിയെ തുടര്‍ന്ന് സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് പോസ്റ്റ് പിന്‍വലിച്ചുവെങ്കിലും പരാതിക്കാരന്‍ കേസില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

തുടര്‍ന്ന് ഇന്നലെ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരായ ഇദ്ദേഹത്തിന് 25000 രൂപ ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.