ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍

ബി ഡി ജെ എസ് നേതാവും ലോക്സഭാ ഇലക്ഷനിൽ വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന തുഷാര്‍ വെള്ളാപ്പള്ളി യു എ ഇയിലെ അജ്മാനില്‍ അറസ്റ്റില്‍. ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. തുഷാറിനെ പിന്നീട് അജ്മാന്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

ബിസിനസ് പങ്കാളിക്ക് പത്ത് ദശലക്ഷം യു എ ഇ ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കിയെന്നാണ് തുഷാറിനെതിരായ കേസ്. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല നല്‍കിയ പരാതിയിലാണ് അറസ്റ്റ്. തുഷാറിനെ മോചിപ്പിക്കാനുള്ള തീവ്രശ്രമം അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ നടത്തിവരികയാണ്. ഇന്ന് പുറത്തിറക്കാനുള്ള ശ്രമം പരാജയപ്പെട്ടാല്‍ അടുത്ത ദിവസങ്ങളില്‍ പൊതു അവധിയായതിനാല്‍ രണ്ട് ദിവസം കൂടി തുഷാര്‍ ജയിലില്‍ കിടക്കേണ്ടി വരും.

കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മാണ കമ്പനി നടത്തിയിരുന്ന കാലത്ത് കരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് പോലീസ് നടപടി.

പണം നല്‍കാമെന്ന് തുഷാര്‍ പല തവണ ഉറപ്പു നല്‍കിയെങ്കിലും പിന്നീട് സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് പറയുന്നു. ഒടുവില്‍ യു എ ഇ സ്വദേശിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് അറിയിച്ച് തുഷാറിനെ നാസില്‍ ഗള്‍ഫിലേക്ക് ക്ഷണിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.