മഠത്തിൽ എന്റെ മുറിക്ക്, ചുറ്റിനും കാമറകൾ,സ്വകാര്യത മാനിക്കുന്നില്ല’: സിസ്റ്റർ ലൂസി കളപ്പുര

മഠത്തിൽ ചെറിയ ഇടനാഴിയോട് ചേർന്നാണ് എന്റെ മുറി. വാതിലിന് കുറച്ച് മാറി സി.സി ടി.വി കാമറയുണ്ട്. ബാത്ത് റൂമിൽ പോകാനും ഈ കോറിഡോറിലൂടെ തന്നെ പോകണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കാമറ എന്തെല്ലാം റെക്കാ‌ർഡ് ചെയ്തിട്ടുണ്ടാകും. മഠത്തിൽ എല്ലായിടത്തും ഇങ്ങനെ കാമറകളാണ്. സ്വകാര്യതയെ പോലും മാനിക്കാത്ത പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് സിസ്റ്റർ ലൂസി കളപ്പുര.

സെപ്തംബർ 23 മുതലാണ് എല്ലാത്തിന്റെയും തുടക്കം.കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത കേസിലെ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരെ എറണാകുളത്തെ വഞ്ചി സ്‌ക്വയറിൽ നടന്ന സമരത്തിൽ പങ്കെടുത്ത് തിരിച്ച് മഠത്തിലെത്തിയത് അന്നാണ്. എത്തിയ ദിവസം മുതൽ തന്നെ എല്ലാവരും ചേർന്ന് ഒറ്റപ്പെടുത്തുന്നതുപോലെ തോന്നി. പക്ഷേ, അതിനെതിരെ പ്രതികരിക്കാനോ ഓർക്കാനോ തുനിഞ്ഞില്ല. എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്ന ഉദ്ദേശമായിരുന്നു ഇതിന് പ്രേരിപ്പിച്ചത്. സഭയ്ക്കുള്ളിൽ നിന്നും കരുതിക്കൂട്ടിയുള്ള ഇടപെടലുകൾ തുടർച്ചയായി. ഇതോടെയാണ് പ്രതികരിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിയത്. മാനന്തവാടി സഭ ഒന്നടങ്കം ഇതിന് പിന്നിലുണ്ടെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. തീരുമാനത്തിൽ ഉറച്ച് മുന്നോട്ട് പോയി. ആ വലിയ സംഘം തന്നെയാണ് ഇപ്പോഴും തനിക്കെതിരെ രംഗത്തുള്ളത്.

എങ്ങനെയെങ്കിലും തന്നെ മഠത്തിൽ നിന്നും പുറത്ത് ചാടിക്കുകയാണ് അവരുടെ ലക്ഷ്യം. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സി.സി ടി.വി. ദൃശ്യങ്ങൾ ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തിയത്. ദൃശ്യങ്ങൾ നവമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് മാത്രമല്ല, നേരത്തെയും ഇത്തരം അപവാദങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്. തുടരെ തുടരെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതോടെ സൈബർ പൊലീസിൽ നേരിട്ടെത്തി പരാതി നൽകി. അന്വേഷിച്ച് നടപടിയെടുക്കാമെന്ന് പൊലീസ് അറിയിക്കുകയും ചെയ്തു. എന്നാൽ ഈ കേസിൽ പിന്നീട് ഒന്നും നടന്നില്ല.

ഇത്രയും വിഷയങ്ങൾ ഉണ്ടായിട്ടും വനിതാ കമ്മിഷൻ വിളിച്ചില്ല. നമ്മൾ അങ്ങോട്ട് പോയി പരാതി നൽകിയാൽ മാത്രമാണോ വനിതാ കമ്മിഷൻ ഇടപെടുക?​ ഇത്രയും പ്രശ്‌നങ്ങൾ നേരിടുന്ന ഒരു സ്ത്രീയെ ചേർത്ത് നിറുത്തുകയല്ലേ വേണ്ടത്. മഠത്തിൽ നിന്നും പുറത്താക്കിയത് മുതൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് അപമാനിക്കാൻ ശ്രമിച്ച സംഭവങ്ങളുണ്ടായിട്ടും വനിതാ കമ്മിഷനിൽ നിന്ന് ആരും വിളിച്ചില്ല. കുറേ നാളുകൾക്ക് മുമ്പ് വനിതാ കമ്മിഷൻ അംഗം എന്നെ വിളിച്ചിരുന്നു. മാനന്തവാടിയിൽ വച്ച് നേരിട്ട് കാണാമെന്ന ഉറപ്പും നൽകിയിരുന്നു. ദൗർഭാഗ്യവശാൽ എനിക്ക് അവിടേക്ക് പോകാൻ സാധിച്ചില്ല. ഇത് അവരെ അറിയിക്കുകയും ചെയ്തിരുന്നു. വനിതാ കമ്മിഷൻ ഇടപെടുമെന്നാണ് പ്രതീക്ഷ.എന്നും സിസ്റ്റർ ലൂസി കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം വീണ്ടും മുൻപ് ഒരിക്കൽ മാദ്ധ്യമ പ്രവർത്തകർ തന്നെ കാണാൻ മഠത്തിലെത്തിയതിന്റെ സി.സി ടി.വി. ദൃശ്യങ്ങൾ ഉപയോഗിച്ച് അപവാദ പ്രചാരണം നടത്തിയതോടെയാണ് മാനന്തവാടി രൂപതയുടെ പി.ആർ ടീമിൽ അംഗമായ വൈദികൻ നോബിൾ പാറയ്ക്കലിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതിയിന്മേൽ നടപടിയുണ്ടായത് ആശ്വാസം നൽകുന്നു. കേസുമായി മുന്നോട്ട് പോകും. പൊലീസ് കമ്മിഷണർ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടിക്കാഴ്ചയിൽ പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കമ്മിഷണറെ ധരിപ്പിക്കുമെന്നും സിസ്റ്റർ ലൂസി വ്യക്തമാക്കി.

അതിനിടയിൽ മാനന്തവാടി രൂപത പിആർഒ ആയ വൈദികനെ സഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടു വിശ്വാസികളും പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. കാത്തലിക് ലേമെൻ അസോസിയേഷൻ ഭരവാഹികളാണ് മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടത്തിന് പരാതി നൽകിയത്.

മാനന്തവാടി ബിഷപ്പ് ഹൗസിൽ എത്തിയാണ് കാത്തലിക് വിശ്വാസികളുടെ കൂട്ടായ്മയായ കാത്തലിക് ലേമെന്‍ അസോസിയേഷന്‍ ഫാദർ നോബിൾ തോമസ് പാറക്കലിനെതിരെ പരാതി നൽകിയത്. സ്ത്രീകളെ സമൂഹമാധ്യത്തിലൂടെ അപമാനിച്ച വൈദികനെതിരെ കർശന നടപടി വേണമെന്നാണ് പരാതിയിൽ പറയുന്നത്. കൊട്ടിയൂർ പീഡന സംഭവത്തിനു ശേഷവും രൂപത ഇത്തരം വൈദികർക്കെതിരെ നടപടിയെടുക്കുന്നില്ല. സിസ്റ്റർ ലൂസിക്കെതിരായ അതിക്രമത്തിൽ ബിഷപ്പ് തുടരുന്ന മൗനം സംശയകരമാണെന്നും പരാതിയിൽ പറയുന്നു.