നൗഷാദ് വധം: രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുതുവീട്ടില്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടു എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ചെറുതുരുത്തി വെട്ടിക്കാട്ടിരി ഇരക്കാട്ടില്‍ മുഹമ്മദ് മുസ്തഫ(37), ചാവക്കാട് പാലയൂര്‍ കരിപ്പയില്‍ ഫാമിസ്(42) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

അറസ്റ്റിലായ മുഹമ്മദ് മുസ്തഫ പോപ്പുലര്‍ ഫ്രണ്ടിന്റെ ജില്ലാ കമ്മിറ്റി അംഗവും ഫാമിസ് പോപുലര്‍ ഫ്രണ്ടിന്റെ ചാവക്കാട് ഡിവിഷന്‍ മുന്‍ പ്രസിഡന്റുമാണെന്ന് പോലീസ് അറിയിച്ചു. എസ് ഡി പി ഐ പ്രവര്‍ത്തകനായ എടക്കഴിയൂര്‍ നാലാംകല്ല് തൈപ്പറമ്പില്‍ മുബിന്‍(26), എസ് ഡി പി ഐ പ്രവര്‍ത്തകനും പോപുലര്‍ ഫ്രണ്ടിന്റെ മന്ദലാംകുന്ന് ഏരിയ പ്രസിഡന്റുമായ പുന്നയൂര്‍ അവിയൂര്‍ വാലിപറമ്പില്‍ ഫെബീര്‍(30) എന്നിവര്‍ കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇപ്പോള്‍ അറസ്റ്റിലായവര്‍ കൊലപാതകത്തിലെ ഗൂഡാലോചനയില്‍ പ്രധാനികളാണെന്നും നൗഷാദിനെ വെട്ടാനെത്തിയ സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്നും ചാവക്കാട് എസ് എച്ച് ഒ, ജി. ഗോപകുമാര്‍ പറഞ്ഞു.

കഴിഞ്ഞ 30 ന് വൈകീട്ട് ആറരക്ക് പുന്ന സെന്ററിലെ മൈതാനത്തിലെ ഷെഡ്ഡില്‍ സംസാരിച്ചുനില്‍ക്കുമ്പോഴാണ് കൊടുവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ബൈക്കുകളിലെത്തിയ സംഘം നൗഷാദ് ഉള്‍പ്പെടെ നാലു പേരെ വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ നൗഷാദ് പിറ്റേന്ന് രാവിലെ ആശുപത്രിയില്‍ മരിച്ചു. സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര നിര്‍ദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.