പത്തനംതിട്ട, റാന്നിയിൽ വനിതാ പൊലീസുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

റാന്നി വലിയകുളത്ത് വനിതാ സിവിൽ പൊലീസ് ഒാഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂർ കെ.എ.പി ക്യാമ്പിലെ ഹണി രാജ് (27) ആണ് മരിച്ചത്. സ്വന്തം വീട്ടിലെ കിടപ്പുമുറിയിലെ ജനാലയിൽ കയറിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു. വലിയകുളം കിഴക്കേതിൽ രാജു-ജഗദമ്മ ദമ്പതികളുടെ മകളാണ്. രണ്ടു വർഷം മുമ്പാണ് പൊലീസിൽ നിയമനം ലഭിച്ചത്. ശബരിമല മാസപൂജയോട് അനുബന്ധിച്ച് അഞ്ചു ദിവസമായി നിലയ്ക്കലിൽ ഡ്യൂട്ടിയിലായിരുന്നു. മരണത്തിന് പിന്നിൽ തൊഴിൽ സംബന്ധമായ പ്രശ്നങ്ങളുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് ചീഫ് ജി.ജയദേവ് പറഞ്ഞു.

കൊല്ലം കുണ്ടറ സ്വദേശിയും റെയിൽവേ ജീവനക്കാരനുമായ സ്വരാജുമായി അഞ്ചുമാസം മുമ്പാണ് ഹണിയുടെ വിവാഹം നടന്നത്. കുടുംബപരമായ പ്രശ്നങ്ങളില്ലായിരുന്നെന്ന് ഹണിയുടെയും സ്വരാജിന്റെയും ബന്ധുക്കൾ പറഞ്ഞു. കിഡ്നി സ്റ്റോണിന് മരുന്ന് കഴിക്കുന്നതല്ലാതെ ആരോഗ്യ പ്രശ്നങ്ങളുമില്ലായിരുന്നു.

നിലയ്‌ക്കലിൽ നിന്ന് ബുധനാഴ്ച രാത്രിയിൽ റാന്നിയിലെ വീട്ടിലെത്തിയ ഹണി കുടുംബാംഗങ്ങൾക്കൊപ്പം ഇന്നലെ രാവിലെ ആറരയ്ക്ക് കാപ്പി കഴിച്ച ശേഷം ഭർതൃവീട്ടിലേക്ക് പോകണമെന്ന് പറഞ്ഞിരുന്നു. തുടർന്ന് ക്ഷീണമുണ്ടെന്നും കിടന്നിട്ടുവരാമെന്നും പറഞ്ഞ് കിടപ്പുമുറിയിൽ കയറി. ഏഴരയോടെ ഹണിയെ വടശേരിക്കര ബസ് സ്റ്റോപ്പിൽ കൊണ്ടുവിടാനായി പിതാവ് രാജു കതകിൽ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. ഫോണിൽ വിളിച്ചപ്പോൾ അറ്റൻഡ് ചെയ്തില്ല. തുടർന്ന് രാജുവും ജഗദമ്മയും വാക്കത്തികൊണ്ട് കതക് വെട്ടിപ്പൊളിച്ച് മുറിയിൽ കടന്നപ്പോഴാണ് ഹണിയെ ജനാലയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. റാന്നിയിലെ സ്വകാര്യ ആശുപത്രയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം പിന്നീട്.