അയ്യൻ‌കാളി ജയന്തിയുടെ അവധിയും നവോത്ഥാന നായകരുടെ കടിയും

ലിബി.സിഎസ്

ആഗസ്റ്റ് 28 മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ദിനം കേരളത്തിൽ പൊതു അവധി ആണ് അന്നേദിവസം സംസ്ഥാനത്തിലെ അൺ-എയ്ഡഡ് സ്കൂളുകൾ പ്രവർത്തി ദിവസം ആക്കി കേരളത്തിലെ സ്വകാര്യ സ്കൂൾ മാനേജ്മെൻറ് തീരുമാനം എടുത്തതായി ഏതോ ഒരു ബ്ലോഗിൽ വാർത്തയടിച്ച് ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.ചില കുയുക്തിവാദികൾ ഇത് ഷെയർ ചെയ്ത് സായൂജ്യം അടയുന്നതും കണ്ടു. സോഷ്യൽ മീഡിയയിലെ തന്നെ ഒബിസി ഇൻഡ്യ, മറ്റുചില ദളിത് കൂട്ടായ്മകൾ എന്നിവയിലും ഇതേക്കുറിച്ച് ചർച്ച നടക്കുന്നതായി കണ്ടു. ഐഐവൈഎഫ് ഉം ഇതിനെതിരെ പ്രതികരിച്ചു കണ്ടു. എന്നാൽ ഏതോ ഒന്നോരണ്ടോ ഇംഗ്ളീഷ്‌മീഡിയം പെട്ടിക്കടകൾ അവധിനൽകുന്നില്ല എന്നവർ തീരുമാനിച്ചു എന്നല്ലാതെ ഈ വാർത്തയിൽ യാതൊരുകാര്യവുമില. യാതൊരു അംഗീകാരവുമില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ തുറന്നാലും അടച്ചാലും വിദ്യാഭ്യാസവകുപ്പിന് അതിൽ പ്രത്യേകിച്ച് റോൾ ഒന്നുമില്ല.തികച്ചും അടിസ്ഥാനരഹിതമായ ഒരു വാർത്തയാണ് ഇത്.

കേരളത്തിലെ ഇന്ന് നിലവിലുള്ള വിദ്യാഭ്യാസ നിയമം കെ ഇ ആർ (കേരളാ എഡ്യൂക്കേഷൻ റൂൾ 1957) പോലും നിലവിൽവന്നത് അയ്യൻകാളിയുടെ സമരത്തെ തുടർന്ന് നിലവിൽവന്ന ട്രാവൻകൂർ എഡ്യൂക്കേഷൻ കോഡ് 1910 എന്ന അധഃകൃതനെ ആദ്യമായി പൊതുപള്ളിക്കൂടത്തിൽ കയറ്റിയ നിയമം പരിഷ്കരിച്ചുകൊണ്ടാണ്. നവോത്ഥാന സമരത്തിലെ പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്നും പൊതുപള്ളിക്കൂടത്തിലെ അധഃകൃത വിദ്യാർത്ഥികളുടെ പ്രവേശനമായിരുന്നു. പൊതു പള്ളികൂടം എന്ന് പ്രത്യേകം ഓർക്കുക. കാരണം നാരായണഗുരുവോ അയ്യങ്കാളിയെ ഒക്കെ ജനിക്കുന്നതിനും അരനൂറ്റാണ്ട് മുൻപ് തന്നെ 1806 ൽ സിഎംഎസ് ന്റെയും എൽഎംഎസ് ന്റെയും ബാസൽ മിഷന്റെയുമൊക്കെ സ്‌കൂളുകളിൽ ജാതിമത പരിഗണനകൂടാതെ കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിച്ചിരുന്നു.

കേരളത്തിലെ ഇന്നത്തെ ഏറ്റവുംവലിയ വിഷയം അയ്യൻ‌കാളി ജയന്തിയുടെ അവധിയാണെന്ന് ധരിച്ചുവശായ ഒരു ടിടിസി പോലും പാസായിട്ടില്ലാത്ത വിദ്യാഭ്യാസ വിചക്ഷണനും പുത്തൻ നവോത്ഥാന നായകരും അറിയാൻ 1806 ൽ സ്വകാര്യസ്‌കൂളും 1816 ൽ കേരളത്തിലെ ആദ്യത്തെ കോളേജ്ഉം (സിഎംഎസ് കോളേജ് കോട്ടയം ) തുടങ്ങിയ ഇപ്പോൾ അൺഎയ്ഡഡ് സ്‌കൂൾമുതൽ ഒരു മെഡിക്കൽ കോളേജ്ഉം ലോകോളേജ്ഉം ഉൾപ്പെടെയുള്ള സിഎംഎസ് എന്ന മാനേജ്‌മെന്റ് നിങ്ങളുടെ കൂട്ടത്തിലുണ്ടോ? അവർക്ക് അയ്യാങ്കളി ജയന്തി അവധിയാണ് എന്നാണ് ഞാൻ ഇന്നുരാവിലെ കോൺടാക്റ്റ് ചെയ്തപ്പോൾ പറഞ്ഞത്.

കേരളത്തിൽ ആദ്യമായി പെട്രോൾ മാക്സ് കത്തിച്ചുവെച്ച് വയോജനവിദ്യാഭ്യാസവും ആദ്യമായി കുട്ടിക്കും അദ്ധ്യാപകനും ഫെലോഷിപ്പും ഏർപ്പെടുത്തിയ നിരവധി എയ്ഡഡും സെൽഫിനാൻസിംഗും ആയ പ്രൊഫഷണൽ കോളേജുകളും സ്‌കൂളുകളും കോളേജുകളും നടത്തുന്ന കേരളത്തിലെ മാനേജ്‌മെന്റ് ആണ് SNDP ഉം എസ്എൻ ട്രസ്റ്റ് ഉം അവരും അയ്യന്കാളിദിനത്തിന് അവധിയാണ്. എൻഎസ്എസും എം ഇ എസ് ഉം അവധിയാണ്. കൂടാതെ എനിക്ക് വ്യക്തിപരമായി അറിയാവുന്ന സ്വകാര്യ വ്യക്തികൾ നടത്തുന്ന ആലപ്പുഴയിലെ അംഗീകാരമുള്ള ഒരു 10 ഓളം സ്കൂളുകളിൽ ഞാൻ കോണ്ടാക്റ്റ് ചെയ്തിരുന്നു അവരും അവരുടെ സ്‌കൂളുകളിൽ അയ്യന്കാളിജയന്തിക്ക് അവധിയാണെന്നാണ് എന്നോട് പറഞ്ഞത്. കേരളത്തിൽ മാത്രമല്ല ലോകത്തെല്ലായിടത്തും സ്റ്റേറ്റ് ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നവരുടെ ഓർമ്മ ദിനങ്ങൾ അവധിയാക്കാറുണ്ട്.

അയ്യങ്കാളിദിനം കേരള സംസ്ഥാനം രൂപംകൊണ്ടപ്പോഴേ അവധിയായിരുന്നില്ല നിരവധി സമരങ്ങൾ നടത്തിയശേഷം ആണ് അത് അംഗീകരിക്കപ്പെട്ടത് 2014 മുതലാണ് അയ്യങ്കാളി ജയന്തി ദിനം പൊതു അവധിയായി പ്രഖ്യാപിച്ചത്.എന്നിട്ടും ഇടയ്ക്ക് ചില സ്ഥാപനങ്ങളും അവയുടെ മേലധികാരികളുമൊക്കെ ഇതുപോലെ കടിമൂത്ത് അവധി ദിവസങ്ങൾ സാധ്യായ ദിവസങ്ങൾ ആക്കുകയും വീണ്ടും പ്രഖ്യാപിക്കുകയും പിൻവലിക്കുകയുമൊക്കെ ഉണ്ടായിട്ടുണ്ട്. അവസാനം എല്ലാസ്ഥാപനങ്ങൾക്കും അവധി പുനഃസ്ഥാപിച്ച് സർക്കാർ ഉത്തരവ് ഇറക്കിയത് 2017 AUGUST 27,ന് ആണ് .

ഇത്തരം ആചാരങ്ങളും ദിനങ്ങളുമൊക്കെ ഉപയോഗിച്ചാണ് ഒരു കൾട്ട് നിലനിർത്തുന്നത്. Cult ഉണ്ടാക്കാനാണ് ഗവണ്മെന്റിനുപോലും ഒരു കൾച്ചറൽ ഡിപ്പാർട്ട്മെന്റ് ഉള്ളത്. ക്രിസ്‍മസോ നബിദിനമോ ശ്രീകൃഷ്‌ണജയന്തിയോ പുന്നപ്ര-വയലാർ ദിനമോ ഒക്കെ ആഘോഷിക്കുന്നത് ആ ഉദ്ദേശത്തിൽ തന്നെയാണ്. ഞായറാഴ്ച പോലും എന്തിനാണവധി ? അതും മതപരമല്ലേ ? മുസ്ലിം രാഷ്ട്രങ്ങളിലെ വെള്ളിയാഴ്ച അവധിയും?

ഏത് വ്യവസ്ഥിതിയും നിലനിൽക്കുന്നത് അതിന് അനുകൂലമായ കൾട്ട് ഉണ്ടാക്കിയിട്ടാണ്. ശ്രീകൃഷ്‌ണജയന്തിക്കും ശിവരാത്രിക്കും നബിദിനത്തിനും ക്രിസ്മസിനും ഈസ്റ്ററിനുമൊക്കെ ആഘോഷവും അവധിയുമാകാമെങ്കിൽ അയ്യൻ‌കാളി ജയന്തിക്കും അതാകാം എന്നല്ല.അവധി ആക്കിയേ പറ്റൂ.

വെറുതെ ചീപ് പബ്ലിസിറ്റിക്കുവേണ്ടി നാലും മൂന്ന് ഏഴുപേരുള്ള ഏതോ ഇംഗ്ളീഷ്‌മീഡിയം പെട്ടിക്കട തുറന്നു പ്രവർത്തിച്ചാലോ ഇല്ലെങ്കിലോ എന്തുസംഭവിക്കാനാണ്? ഈ പറയുന്ന സ്വകാര്യ സ്കൂൾ മാനേജ്മെന്റിൽ എത്രപേരുണ്ടാവോ?

കേരളത്തിലെ സ്വകാര്യ സ്കൂൾ മാനേജ്മെൻറ് എന്ന പ്രയോഗം തന്നെ തെറ്റല്ലേ ? ആൾ കേരള സെൽഫ് ഫിനാൻസിംഗ് സ്കൂൾ ഫെഡറേഷൻ എന്ന ഈ അന്താരാഷ്ട്ര സംഘടനയിൽ എത്ര മാനേജ് മെന്റുകൾ ഉണ്ടാവോ?

ശ്രീനാരായണ ജയന്തിയോടനുബന്ധിച്ചും ഇത്തരം ചില കാലപരിപാടികൾ പബ്ലിസിറ്റിക്കുവേണ്ടി ചിലർ കാട്ടിക്കൂട്ടിയിരുന്നു. ഇവർ എന്തുകൊണ്ടാണ് ക്രിസ്ത്യാനികൾക്കുവേണ്ടി ആഴ്ചയിലെ എല്ലാ ഞായറാഴ്ചയും അവധിയാക്കുന്നതിനെതിരെ പ്രതികരിക്കാത്തതും അന്ന് സാധ്യായ ദിവസമാക്കി ജീവനക്കാർക്ക് സൗകര്യമുള്ളപ്പോൾ ലീവ് എടുക്കട്ടേ എന്ന് തീരുമാനിക്കാത്തത്?

എന്തിനാണ് ഞായറാഴ്ച തന്നെ അവധി? മൂക്കിൽക്കൂടി ഊതിയിട്ട് ഏഴാം ദിവസം വിശ്രമിച്ച കടമുള്ള ദിവസമായ ഞായറാഴ്ച പള്ളിയിൽ പോകണമെന്നുള്ളവർ ലീവെടുത്ത് പള്ളിയിൽപോകട്ടെ. ആഴ്ചയിലൊരു ദിവസം വീതവും പിന്നെ ഈസ്റ്ററിനും ക്രിസ്മസിന് 10 ദിവസവും അന്ധവിശ്വാസത്തിന്റെ പ്രചാരണത്തിനും ആഘോഷത്തിനും അവധിയാക്കുന്നതിൽ ഒരുകുഴപ്പവും കാണാത്തവർ മനുഷ്യന് വഴിനടക്കാനും തുണിയുടുക്കാനും വിദ്യനേടാനും മനുഷ്യനായി ജീവിക്കാനുവേണ്ടി സമരം നയിച്ച നവോത്ഥാന നായകരുടെ ഓർമ്മദിവസങ്ങളിൽ അവധിനൽകിയത് അരോചകമായി തോന്നുന്നത് സാരമായ എന്തൊ കുഴപ്പമുള്ളതുകൊണ്ടാണ്!