പഠിക്കാത്തതിന് മുത്തശ്ശി വഴക്ക് പറഞ്ഞതിന് വീട് വിട്ടിറങ്ങിയ വിദ്യാര്‍ഥി സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ കുട്ടനാട് പഠിക്കാതിരുന്നതിനു അമ്മുമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് വീടുവിട്ടിറങ്ങിപ്പോയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. രാമങ്കരി ഗ്രാമപഞ്ചായത്ത് വേഴപ്ര കാപ്പില്‍ചേരി വീട്ടില്‍ ജീവന്റെ മകന്‍ ജീവന്‍ ഗിരീഷാ (15) ണ് മരിച്ചത്. ഇന്നലെ രാത്രി ഒന്‍പതോടെയാണ് കാവാലം ഗവ.ടെക്‌നിക്കല്‍ സ്‌കൂളിലെ ക്ലാസ് മുറിയിലാണ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടത്. ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ജീവന്‍ ഗിരീഷ്.

സംഭവത്തെപ്പറ്റി പോലീസും, നാട്ടുകാരും പറയുന്നതിങ്ങനെ. ടെക്‌നിക്കല്‍ സ്‌കൂളില്‍ പഠിക്കുന്ന ജീവന്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി മാതാവ് വിദ്യയുടെ കാവാലത്തെ കുടുംബവീട്ടില്‍ നിന്നാണ് പഠിക്കുന്നത്. ഇന്ന് ഓണപ്പരീക്ഷ ആരംഭിക്കാനിരിക്കെ അവധിദിവസമായ ഇന്നലെ പകല്‍സയങ്ങളില്‍ കളിക്കുവാനായി പോയ ജീവന്‍ വൈകുന്നേരത്തോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇതിനുശേഷം ടിവി കണ്ടുകൊണ്ടിരുന്ന വിദ്യാര്‍ഥിയെ പഠിക്കാത്തതിന്റെ പേരില്‍ അമ്മുമ്മ തങ്കച്ചി വഴക്കു പറഞ്ഞു. ഇതില്‍ പ്രകോപിതനായ ജീവന്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയി.

കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് തങ്കച്ചി വിവരമറിയിച്ചതനുസരിച്ച മാതാപിതാക്കളായ ഗിരീഷും, വിദ്യയും കാവാലത്തെ വീട്ടിലെത്തി. തുടര്‍ന്ന് പകല്‍ മുഴുവന്‍ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. സ്‌കൂളിനടുത്തു വച്ചു ജീവനെ കണ്ടെന്ന നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് രാത്രി ഒന്‍പതോടെ സ്‌കൂളിലെത്തിയപ്പോഴാണ് വാതിലുകളില്ലാത്ത ക്ലാസ് മുറിയിലെ മേല്‍ക്കൂരയുടെ ഇരുമ്പു പൈപ്പില്‍ ഉടുത്തിരുന്ന മുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഇന്നു രാവിലെ കൈനടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം, പോസ്റ്റുമാര്‍ട്ടത്തിനായി മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പ്രാഥമിക അന്വേഷണത്തില്‍ വിദ്യാര്‍ത്ഥി സ്വയം ജീവനൊടുക്കിയതാണെന്നാണ് കരുതുന്നതെന്ന് പോലീസ് പറയുന്നു. ജ്യോതിഷ്, ജ്യോതിലക്ഷ്മി എന്നിവര്‍ സഹോദരങ്ങളാണ്.