അഭയ കേസില്‍ വിചാരണ തുടങ്ങി; നിര്‍ണായക സാക്ഷി സിസ്റ്റര്‍ അനുപമ കൂറുമാറി

സി.അഭയയുടെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ വിചാരണ തുടങ്ങി. സാക്ഷികളുടെ വിസ്താരമാണ് ആദ്യം നടക്കുന്നത്. വിചാരണയുടെ ആദ്യ ദിനം തന്നെ സാക്ഷികളായ കന്യാസ്ത്രീകള്‍ കൂറുമാറി. അഭയയ്‌ക്കൊപ്പം താമസിച്ചിരുന്ന അമ്പതാം സാക്ഷി സിസ്റ്റര്‍ അനുപമയാണ് കൂറുമാറിയത്.

സംഭവ ദിവസം അടുക്കളയില്‍ സി.അഭയയുടെ ചെരുപ്പും ശിരോവസ്ത്രവും കണ്ടിരുന്ന സി.അനുപമ ആദ്യം മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഒന്നും കണ്ടിട്ടില്ലെന്നാണ് വിസ്താരവേളയില്‍ അനുപമ കോടതിയില്‍ പറഞ്ഞിരിക്കുന്നത്. ഇതോടെ സാക്ഷി കൂറുമാറിയതായി കോടതി തുടക്കത്തില്‍ തന്നെ ചൂണ്ടിക്കാട്ടി.

ഇന്ന് മൂന്നു സാക്ഷികളെയായിരുന്നു വിസ്തരിക്കേണ്ടിയിരുന്നത്. മറ്റു രണ്ടു പേര്‍ മരണപ്പെട്ടതിനാല്‍ അനുപമയുടെ വിസ്താരം മാത്രമാണ് നടക്കുന്നത്. 27 വര്‍ഷം മുന്‍പ് നടന്ന കേസില്‍ 10 വര്‍ഷം മുന്‍പാണ് കുറ്റപത്രം സി.ബി.ഐസമര്‍പ്പിച്ചത്. നിര്‍ണായക സാക്ഷിയായ സി.അനുപമയുടെ കൂറുമാറ്റം തുടക്കത്തില്‍ തന്നെ സി.ബി.ഐയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്.