ശ്രീകാര്യത്ത് ഓട്ടിസം ബാധിച്ച ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന്‍ പിടിയില്‍

ഓട്ടിസം ബാധിച്ച പത്തുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്്റ്റില്‍. തിരുവനന്തപുരം ശ്രീകാര്യത്താണ് സംഭവം. അധ്യാപകനായ സന്തോഷാണ് ശ്രീകാര്യം പോലീസ് പിടിയിലായത്

ജൂലൈയിലാണ് പീഡനം നടക്കുന്നത്. ഇതിന് ശേഷം കുട്ടി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സ്പീച്ച്‌ തെറാപ്പിസ്റ്റ് കുട്ടിയോട് ചോദിച്ചപ്പോഴാണ് സംഭവം പറയുന്നത്. അമ്മയോട് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. അതിനാല്‍ സംഭവം കുട്ടി അമ്മയോട് പറഞ്ഞില്ല.കഴിഞ്ഞ മാസം 27നാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ അദ്ധ്യാപകര്‍ ഉപയോഗിക്കുന്ന ബാത്ത് റൂമില്‍ കൊണ്ട് പോയി നിരവധി തവണ പീഡിപ്പിച്ചതായി കുട്ടിയുടെ അമ്മ അറിയുന്നത്.

തുടര്‍ന്ന് സംഭവം അറിഞ്ഞ വീട്ടുകാര്‍ പോലീസിലും സ്‌കൂളിലും അറിയിച്ചു. പിന്നീട് പോലീസ് പോക്‌സോ കേസ് ചുമത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും അന്വേഷണം വേണ്ട രീതിയില്‍ നടന്നില്ല. തുടര്‍ന്ന് അമ്മ ഡി ജി പിക്ക് പരാതി നല്‍കി. തുടർന്ന് കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമാക്കിക്കൊണ്ട്. പേരൂര്‍ക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡ് ശ്രീകാര്യം പോലീസിന് റിപ്പോര്‍ക്ക് നല്‍കി.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ അദ്ധ്യാപകന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു.പിന്നാലെ ഇന്നലെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.പീഡനവിവരം കുട്ടി ആദ്യം ക്ലാസ് ടീച്ചറോട് പറഞ്ഞെങ്കിലും ക്ലാസ് ടീച്ചര്‍ ബോധപൂര്‍വ്വം മറച്ചു വച്ചു എന്ന മൊഴിയില്‍ നിയമോപദേശം തേടിയ ശേഷം കേസ് എടുക്കുമെന്ന് ശ്രീകാര്യം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് 5.30 ഓടു കൂടി മെഡിക്കല്‍ കോളേജ് പരിസരത്ത് നിന്നാണ് പ്രതിയെ പിടി കൂടിയത്. പോക്‌സോ കേസ് ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.