വ്യാജ വൈദ്യൻ മോഹനൻ നായർക്കെതിരെ അന്വേഷണം നടത്താൻ ആലപ്പുഴ പോലീസ് സൂപ്രണ്ടിന് നിർദേശം

ചേർത്തലയിലെ കുപ്രസിദ്ധ വ്യാജ പാരമ്പര്യ ചികിത്സകൻ മോഹനൻ നായരുടെ വ്യാജ ചികിത്സയിൽ കുട്ടി മരണപ്പെട്ട സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ ആലപ്പുഴ പോലീസ് സൂപ്രണ്ടിന് AIG (അസിസ്റ്റന്റ് ഇൻസ്പെക്റ്റർ ജനറൽ ഓഫ് പോലീസ്) ടി.എഫ്. സേവ്യർ IPSനിർദേശം നൽകി.സംഭവത്തിൽ രക്ഷിതാക്കൾക്കെതിരെയും കേസെടുക്കേണ്ടി വരുമെന്ന് പോലീസ് AIG പറഞ്ഞു

വ്യാജ വൈദ്യൻ ചേർത്തല മതിലകത്ത് ‘ജനകീയ നാട്ടുവൈദ്യശാല’ എന്ന പേരിൽ അനധികൃത ചികിത്സനടത്തിവരുന്ന മോഹനൻ നായർക്കെതിരെ നരഹത്യക്ക് ഉൾപ്പെടെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് ചികിത്സിക്കുന്ന സ്ഥലമുൾപ്പെടെ പരിശോധിച്ച് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന നൽകിയ പരാതിയിലാണ് നടപടി.

മരിച്ച കുട്ടിയുടെ രക്ഷിതാക്കൾ ഒരു സാമൂഹിക പ്രവർത്തകന്റെ നിർദേശമനുസരിച്ചാണ് അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർമാരുടെ നിർദ്ദേശങ്ങൾ വകവെക്കാതെ മോഹനൻ നായർ എന്ന വ്യാജ വൈദ്യന്റെ അടുത്തേക്ക് കുട്ടിയെ ചികിത്സയ്ക്കായി കൊണ്ടുപോയത്. മരണപ്പെട്ട കുട്ടിയുടെ രക്ഷിതാക്കൾക്കും ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും അവർക്കെതിരെയും കേസെടുക്കണമെന്നും AIG സേവ്യർ IPS പറഞ്ഞു.

സംഭവം കഴിഞ്ഞ ദിവസം വാർത്തകളിൽ നിന്നും അറിഞ്ഞെന്നും പറഞ്ഞ അദ്ദേഹം വ്യാജ വൈദ്യന്മാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന സുപ്രീംകോടതിയുടെ 837/2009 കേസിലെ ഉത്തരവു പ്രകാരം അന്വേഷണം നടത്താൻ ആലപ്പുഴ എസ്പി ടോമി IPS ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി .