സാമൂഹിക അസമത്വത്തിന്റെ ആകെ തുകയായ കേരളത്തിലെ കോളനിവാസികൾക്ക് ഇന്ന് അയ്യങ്കാളി ജയന്തി

കേരളത്തില്‍ മധു എന്ന ആദിവാസിയെ തല്ലിക്കൊന്നപ്പോഴും എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടാൻ പാടില്ലയെന്ന നയപരമായ തീരുമാനം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചപ്പോഴും അയ്യന്‍കാളിയുടെ ജന്‍മദിനത്തില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും പ്രാദേശിക സര്‍വീസ് ബേങ്കുകള്‍ക്കും അവധി നല്‍കാന്‍ മടിക്കുമ്പോഴും പ്രതികരിക്കാതെ കക്ഷി രാഷ്ട്രീയ ബാധയില്‍ കഴിയുന്ന സംവരണ മണ്ഡലങ്ങളില്‍ നിന്ന് ജയിച്ചു കയറി സംവരണ വിഭാഗത്തിന്റെ അവകാശങ്ങളെ വിസ്മരിക്കുന്ന ആധുനിക ജനാധിപത്യ ക്രമത്തിലെ സംവരണ വിഭാഗ ദളിത് ജനപ്രതിനിധികള്‍ക്ക് ഒരു അപവാദമായിരുന്ന അയ്യന്‍കാളിയുടെ ജന്മദിനമാണ് ഇന്ന്.

ചരിത്രമറിയുന്നവര്‍ക്ക് മാത്രമേ ചരിത്രം സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂവെന്ന് അയ്യന്‍കാളി നിരീക്ഷിച്ചിട്ടുണ്ട്. തത്ഫലമായി തന്റെ ജനതയെ സംഘബോധമുള്ളവരും വിജ്ഞാനികളുമാക്കി മാറ്റാന്‍ അദ്ദേഹം പരിശ്രമിച്ചു. 1907ല്‍ സാധുജന പരിപാലന സംഘമെന്ന ഒരു സംഘടനക്ക് രൂപം നല്‍കുകയും ആ സംഘടനയുടെ നേതൃത്വത്തില്‍ ദളിതര്‍ക്ക് ഏറ്റവും അനിവാര്യമായിരുന്ന സ്‌കൂള്‍ പ്രവേശനത്തിനായി പോരാട്ടം സംഘടിപ്പിക്കുകയും ചെയ്തു. ഞങ്ങളുടെ കുഞ്ഞുങ്ങളെ പള്ളിക്കൂടങ്ങളില്‍ പ്രവേശിപ്പിച്ചില്ലായെങ്കില്‍ കാണായ പാടങ്ങളിലെല്ലാം ഞങ്ങള്‍ മുട്ടിപ്പുല്ല് കിളിപ്പിക്കുമെന്ന പ്രഖ്യാപനം ആദ്യത്തെ സംഘടിത സമരത്തിന്റെ നാന്ദികുറിക്കലായിരുന്നു. ഒക്ടോബര്‍ വിപ്ലവത്തിന് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് അയ്യന്‍കാളിയുടെ നേതൃത്വത്തിലുള്ള കാര്‍ഷിക സമരം നടക്കുന്നത്.

എന്നാൽ സ്വാതന്ത്ര്യാനന്തരം ഭരണം കയ്യാളിയ മനുവാദി പാർട്ടികളുടെ ഭരണകൂടങ്ങൾ നടത്തിയ അശാസ്ത്രീയമായ ഭൂപരിഷ്‌കരണവും കോളനിവത്കരണവും മഹാഭൂരിപക്ഷം വരുന്ന ദളിതരെ പൊതു സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുകയുണ്ടായി. വികസിത രാജ്യങ്ങളോടൊപ്പമാണ് കേരളമെന്ന് മേനി നടിക്കുമ്പോഴും ദളിതരില്‍ ഭൂരിപക്ഷത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ അപ്രാപ്യമാണ്. സംസ്ഥാനത്ത് അഞ്ച് ലക്ഷത്തില്‍പരം ദളിതരില്‍ മൂന്നര ലക്ഷവും അധിവസിക്കുന്നത് കോളനികളിലാണ്. 62 വര്‍ഷങ്ങളായി കോളനി വികസനമെന്നത് പശ്ചാത്തല വികസനത്തില്‍ മാത്രം കേന്ദ്രീകരിച്ചിട്ടുള്ളതാണ്. മാനത്ത് മഴ കാണുമ്പോള്‍ തന്നെ സ്ഥിരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ തേടിപ്പോകേണ്ട ഗതികേടിലാണ് കേരളത്തിലെ ദളിത് കോളനികളെന്നത് നമ്മുടെ വികസന മാതൃകയുടെ അകം പുറമാണ് കാണിക്കുന്നത്. സാമൂഹിക അസമത്വത്തിന്റെ ആകെ തുകയാണ് ഇന്ന് കേരളത്തിലെ കോളനിവാസവും ദളിതരുടെ ജീവിതവും.

ദേശീയതലത്തില്‍ തന്നെ ദളിതരും മത ന്യൂനപക്ഷങ്ങളും സംഘ്പരിവാര്‍ സംഘടനകളുടെ അതിരൂക്ഷമായ കടന്നാക്രമണങ്ങള്‍ക്ക് വിധേയരായി കൊണ്ടിരിക്കുകയാണ്. എന്‍ ഡി എ ഭരണം ആരംഭിച്ചത് തന്നെ രണ്ട് ദളിത് പിഞ്ചുകുട്ടികളെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊണ്ടാണ്. എണ്ണിയാലൊടുങ്ങാത്ത വിധത്തില്‍ ദളിത് പീഡനങ്ങളും പശു സംരക്ഷകരെന്ന വ്യാജേന ദേശവ്യാപകമായി അക്രമങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. അക്രമങ്ങെള ഇല്ലായ്മ ചെയ്യേണ്ട ഭരണകൂടം ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ പുറത്തുവിടുന്നു. അതായത്, ഫാസിസം ഒരു വൈറസ് പോലെ കടന്നു വരികയാണ്. രവിദാസ് ക്ഷേത്രം തകര്‍ത്തെറിഞ്ഞതും അതിനെച്ചൊല്ലി ദേശവ്യാപകമായ സമരങ്ങള്‍ നടക്കുന്നതും നമ്മുടെ രാജ്യത്തിന്റെ പ്രയാണം എങ്ങോട്ടാണെന്ന് സൂചന നല്‍കുന്നു. ഭയപ്പെടുത്തി ഭരിക്കുക എന്ന ഫാസിസ്റ്റു തന്ത്രത്തെ തികഞ്ഞ ആശയ ദര്‍ശനങ്ങളുടെ നേതൃത്വത്തില്‍ വേണം നേരിടാന്‍. അംബേദ്കറിസ്റ്റ് ദര്‍ശനങ്ങളും അയ്യന്‍കാളിയുടെ സംഘടനാ പാടവവും അഭിസംബോധന ചെയ്യുന്ന ഒരു രാഷ്ട്രീയ ശക്തിക്ക് മാത്രമേ സംഘ്പരിവാര്‍ കടന്നാക്രമണങ്ങളെ നേരിടാന്‍ കഴിയുകയുള്ളൂ.

ദേശ വ്യാപകമായ ആക്രമണത്തില്‍ നിന്ന് വലിയ വ്യത്യാസമില്ലാത്ത തരത്തിലുള്ള ആക്രമണങ്ങളാണ് കേരളത്തിലെ ദളിതരും നേരിടുന്നത്. കേരള ചരിത്രത്തിൽ മൂന്ന് ദുരഭിമാന കൊലകൾ വരെ നടന്നുകഴിഞ്ഞ ഒരു സാഹചര്യത്തിലേക്ക് കേരളീയ സമൂഹം മാനസികമായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നുവെന്നത് നവോത്ഥാന മേല്‍കോയ്മക്കേറ്റ തകര്‍ച്ചയെ അറിയിക്കുന്നു. ദളിത് പീഡനങ്ങള്‍ ദേശീയ ശരാശരിയിലേക്ക് എത്തിക്കാന്‍ കേരള പോലീസ് കിണഞ്ഞു പരിശ്രമിക്കുകയാണോയെന്ന് സംശയിക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് പോലീസ് സേനയുടെ ഭാഗത്തു നിന്ന് ദളിതര്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്.

സംവരണം ഇല്ലായ്മ ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാറും സംഘ്പരിവാര്‍ സംഘടനകളും അവരുടെ ആവനാഴിയിലെ എല്ലാത്തരം ആയുധങ്ങളും പുറത്തെടുത്ത് പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ്. വരേണ്യ രാഷ്ട്രീയ വക്താക്കള്‍ എന്ന നിലയില്‍ അവരില്‍ നിന്ന് അത്തരത്തിലുള്ള ഇടപെടലുകള്‍ ദളിതര്‍ പ്രതീക്ഷിച്ചാല്‍ മതി. എന്നാല്‍ കേരളത്തിലാകട്ടെ ആയിരക്കണക്കിന് സംവരണ തസ്തികകള്‍ വര്‍ഷങ്ങളായി സംവരണ ക്വാട്ട നികത്താതെ നിയമനങ്ങള്‍ തടഞ്ഞിട്ടിരിക്കുകയാണ്. ഒരു പൊതു മേഖലാ സ്ഥാപനത്തിലെ റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്ക് മുതല്‍ പട്ടിക ജാതിക്കാരായതിന്റെ പേരില്‍ നിയമനം നടത്താന്‍ തയ്യാറാകുന്നില്ല. സ്വകാര്യ മേഖലയിലെ സംവരണമെന്ന കേരളത്തിലെ ദളിതരുടെ ചിരകാല സ്വപ്‌നത്തിന് ഒരിക്കല്‍ പോലും ചിറക് വിരിക്കാന്‍ കഴിയുകയില്ലായെന്നാണ് ബോധ്യമാകുന്നത്. ഇത്തരത്തിൽ ഉള്ള നവോത്ഥാനമുന്നേറ്റങ്ങളുടെ എല്ലാ അന്തസത്തയെയും പിന്നോട്ടടിച്ച പുനരുത്ഥാന വാദത്തിന്റെ വർത്തമാന കാലത്തിലാണ് നാം അയ്യങ്കാളി ജയന്തി ആഘോഷിക്കുന്നത് എന്ന തിരിച്ചറിവ് കൂടി സ്മൃതിമൂല്യങ്ങൾ അയവിറക്കുന്നതിനപ്പുറം നമുക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.

നവോത്ഥാന കാലഘട്ടത്തെ കീഴ്‌മേല്‍ മറിച്ച കീഴാള നവോത്ഥാന സമരങ്ങളില്‍ അസാധാരണവും സമാനതകളില്ലാത്തതുമായിരുന്നു അയ്യങ്കാളിയുടെ വില്ലുവണ്ടിയിലുള്ള യാത്ര. സഞ്ചാര സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സ്വര്‍ണലിപികളാല്‍ രേഖപ്പെടുത്തിയ വില്ലുവണ്ടിയാത്ര തിരുവിതാംകൂറിലെ അടിമവര്‍ഗ്ഗം അയിത്തത്തിനും അടിമത്തത്തിനുമെതിരെ നടത്തിയ ആദ്യത്തെ പ്രത്യക്ഷ പ്രതിരോധമായിരുന്നു. ഈ സമരത്തിലൂടെയാണ് കേരളത്തിന്റെ സ്പാര്‍ട്ടക്കസ്’എന്ന വിശേഷണത്തിനുടമയായ അയ്യങ്കാളി നവോത്ഥാന സമരത്തിന്റെ നേതൃത്വമേറ്റെടുക്കുന്നത്. ജാതി മേധാവിത്വത്തിന്റെയും മേല്‍ക്കോയ്മകളുടെയും ഉരുക്കു കവചങ്ങളില്‍ സുരക്ഷിതമാക്കപ്പെട്ടിരുന്ന സവര്‍ണ്ണാധിപത്യത്തെയാണ് തന്റെ മുപ്പതാമത്തെ വയസില്‍ അയ്യങ്കാളി വെല്ലുവിളിച്ചത്. അതിനുമുമ്പ് യാഥാസ്ഥിതികത്വത്തിന്റെ അടിത്തറയെ ഇതേപോലെ പിടിച്ചുലച്ചത് ശ്രീനാരാണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയാണ് (1888). ജാത്യാചാരങ്ങളെ പുണര്‍ന്നിരുന്ന അക്കാലത്തെ സാമൂഹിക ഘടനയില്‍ വിക്ഷേപിച്ച ഉഗ്രശക്തിയുള്ള രണ്ടുസ്‌ഫോടക വസ്തുക്കളായിരുന്നു അരുവിപ്പുറത്തെ ശിവപ്രതിഷ്ഠയും അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്രയും.

സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി നിരവധി പ്രതിഷേധങ്ങളും സമരങ്ങളും സ്വാതന്ത്ര്യലബ്ധിക്കു മുമ്പും പിമ്പും ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ അരങ്ങേറിയിട്ടുണ്ട്. എന്നാല്‍ കേരള ചരിത്രത്തില്‍ പൊതുവഴികളിലൂടെ സഞ്ചരിക്കാനുള്ള അയിത്തജാതിക്കാരുടെ അവകാശപോരാട്ടം ആദ്യമായി സംഘടിപ്പിക്കുന്നത് അയ്യങ്കാളിയാണ്. ആദ്യത്തെ സമരവാഹനം അയ്യങ്കാളിയുടെ വില്ലുവണ്ടിയും.

വില്ലുവണ്ടി സമരത്തെ ഒരു വീരകഥയായിട്ടാണ് എല്ലാവരും അവതരിപ്പിച്ചിട്ടുള്ളത്. അയ്യങ്കാളിയുടെ സാഹസികതയിലും മെയ്ക്കരുത്തിലും സവര്‍ണ്ണ ധാര്‍ഷ്ട്യത്തെ ധിക്കരിച്ചതിലും അഭിരമിക്കുന്നവര്‍ ചരിത്രത്തിലെന്താണ് സംഭവിച്ചതെന്ന് മനസിലാക്കുന്നില്ല. ഒട്ടും ചലനാത്മകമല്ലാതിരുന്ന തിരുവിതാംകൂറിലെ സാമൂഹ്യാവസ്ഥയ്ക്ക് 1850 കള്‍ മുതലാണ് അടിസ്ഥാനപരമായ മാറ്റമുണ്ടാകുന്നത്. അതായത് കൊളോണിയല്‍ ശക്തികളുടെ ബഹുമുഖമായ ഇടപെടലുകളാണ് നിശ്ചലമായിരുന്ന സമൂഹത്തില്‍ മാറ്റത്തിന്റെ കാറ്റുവീശുന്നതിന് കാരണമായത്. 1860 കളിലാണ് കേരളത്തിലാദ്യമായി ഒരു പൊതുമരാമത്ത് വകുപ്പ് രൂപം കൊള്ളുന്നത്. റോഡ് അഥവാ പൊതുവഴി ആവശ്യമായി വരുന്ന ഒരു ജിവിതരീതി ആയിരുന്നില്ല അക്കാലത്തെ ജനങ്ങളുടേത്. ബഹുഭൂരിപക്ഷം വരുന്ന അയിത്തജാതിക്കാര്‍ക്കും അടിമകള്‍ക്കും റോഡ് ആവശ്യമില്ലായിരുന്നു. നാടുവാഴികളും രാജാക്കന്മാരും പല്ലക്കിലായിരുന്നു യാത്ര.

അയിത്തജാതിക്കാരോടുള്ള സവര്‍ണ്ണ വിഭാഗക്കാരുടെ ദയാരഹിതവും നികൃഷ്ഠവുമായ മനോഭാവത്തെ സംഘടിതവും പ്രായോഗികവുമായ മാര്‍ഗ്ഗങ്ങളിലൂടെ മാത്രമേ ചെറുക്കാനാകൂ എന്ന തിരിച്ചറിവാണ് അയ്യങ്കാളിയെ വില്ലുവണ്ടി യാത്രയ്ക്ക് പ്രേരിപ്പിച്ചത്. സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്ന നിലയും വിലയുമുണ്ടായിരുന്ന സവര്‍ണജാതിക്കാര്‍ മാത്രമാണ് മഹാരാജാവ് കഴിഞ്ഞാല്‍ അക്കാലത്ത് വില്ലുവണ്ടി ഉപയോഗിച്ചിരുന്നത്. സവര്‍ണര്‍ ആഡംബരത്തിന്റെയും അധികാരത്തിന്റെയും ഭാഗമായി ഉപയോഗിച്ച വില്ലുവണ്ടിയെ അയ്യന്‍കാളി അവകാശ സമരത്തിന്റെ അടയാളമാക്കി മാറ്റി.

സവര്‍ണ ധിക്കാരം വിലക്കിയ വഴികളിലൂടെ വെറുതെ സഞ്ചരിക്കുന്നതിനേക്കാള്‍ വില്ലുവണ്ടിയിലെ സഞ്ചാരം ഉയര്‍ത്താവുന്ന അനുരണനങ്ങള്‍ വലുതായിരിക്കുമെന്ന് അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു. പൊതുവഴികളിലൂടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ആരോടും ഇരന്നു വാങ്ങേണ്ടതോ ആരെങ്കിലും കല്‍പിച്ചുതരേണ്ടതോ അല്ലെന്ന ഉറച്ചബോധം അയ്യങ്കാളിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആ ആഖ്യാനത്തിന് പ്രത്യേക ഭാഷയും ഉപകരണവും അദ്ദേഹം തെരഞ്ഞെടുത്തത്. അയിത്തജാതിക്കാര്‍ക്ക് അപ്രാപ്യമായിരുന്ന വില്ലുവണ്ടിയും തലേക്കെട്ടും എളിയില്‍ തിരുകിയ കഠാരയും വെള്ളവസ്ത്രവും പ്രതിഷേധത്തിനുള്ള ഉപകരണമാക്കിയതിലൂടെ നവോത്ഥാന സമരചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രക്ഷോഭകാരിയായി അദ്ദേഹം വേറിട്ടു നില്‍ക്കുന്നു.

ഇന്ന് നവ ഫ്യൂഡൽ കാലത്തെ പുത്തൻ തമ്പുരാക്കന്മാർ നാരായണ ഗുരുവിൻറെയും അയ്യങ്കാളിയുടെയും എല്ലാം നവോത്ഥാന പാരമ്പര്യത്തിന് മേൽ കാർക്കിച്ചു തുപ്പിക്കൊണ്ട് അവർ എന്തിനെയെല്ലാം പടിയടച്ചു പിണ്ണം വെക്കാൻ ശ്രമിച്ചോ അതിനെയെല്ലാം പുനരുജ്ജീവിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ കാല ഘട്ടത്തിൽ ഇവിടുത്തെ കീഴാളരെ മുൻ നിർത്തി വീണ്ടും ഒരു വില്ലുവണ്ടികെട്ടേണ്ട സാഹചര്യത്തിലൂടെയാണ് ഇന്ന് പനരുത്ഥാന കേരളം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.