ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി തുഷാര്‍ അജ്മാന്‍ കോടതിയില്‍

ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കോടതിയില്‍ അപേക്ഷ നല്‍കി.മധ്യസ്ഥ ശ്രമങ്ങള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് തുഷാറിന്റെ പുതിയ നീക്കം. യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് സ്വന്തം പാസ്‌പോര്‍ട്ട് തിരികെ വാങ്ങാനാണ് തുഷാറിന്റെ ശ്രമം. ഇതിനായി യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

തുഷാറിന്റെ അപേക്ഷയില്‍ അജ്മാന്‍ കോടതി രണ്ടു ദിവസത്തിനകം തീരുമാനമെടുത്തേക്കും. അപേക്ഷ കോടതി സ്വീകരിച്ചാല്‍ തുഷാറിന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയും. ചെക്ക് കേസില്‍ വ്യാഴാഴ്ചയാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായത്. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് തുഷാര്‍ അറസ്റ്റിലായത്.

കേസ് ഒത്തുതീര്‍പ്പാക്കാന്‍ ആറു കോടി രൂപയാണ് പരാതിക്കാരനായ നാസിന്‍ അബ്ദുള്ള ആവശ്യപ്പെടുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മൂന്നു കോടി രൂപ നല്‍കാമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നിലപാട്. അറസ്റ്റിലായ തുഷാറിന് ജാമ്യം ലഭിക്കാനുള്ള തുകയും നിയമസഹായവും നല്‍കി സഹായിച്ചത് പ്രവാസി വ്യവസായി എം.എ യൂസഫലിയായിരുന്നു. ചെക്ക് മോഷണം പോയതാണെന്നു പറയുന്ന തുഷാർ .മോഷ്ടിച്ചവൻ അത് തിരികെ തന്നാൽ 3 കോടി കൊടുക്കാമെന്ന് പറയുന്നതിലെ ഔചിത്യവും ഇയാൾക്കുവേണ്ടി സർക്കാർതലത്തിൽ നടത്തിയ ക്ഷിപ്ര ഇടപെടലുകളുടെയും ഔചിത്യം ഒരുപോലെ സോഷ്യൽമീഡിയയിൽ ചർച്ചയാകുകയാണ്.