രാജീവ് ഗാന്ധി വധം: കുറ്റവാളികളെ മോചിപ്പിക്കണമെന്ന ഹരജി മദ്രാസ് ഹൈക്കോടതി തള്ളി

രാജീവ് ഗാന്ധി വധക്കേസില്‍ 25 വര്‍ഷമായി തടവ് ശിക്ഷ അനുഭവിക്കുന്ന ഏഴ് കുറ്റവാളികളെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി മദ്രാസ് ഹൈക്കോടതി തള്ളി. പേരറിവാളന്‍, നളിനി എന്നിവരുള്‍പ്പടെയുള്ള പ്രതികളെ മോചിപ്പിക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിരുന്നു. ഇത് കണക്കിലെടുത്ത് പ്രതികളുടെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി.

കേസില്‍ എല്ലാ കുറ്റവാളികളെയും വിട്ടയക്കണമെന്ന ആവശ്യവുമായി സെപ്തംബര്‍ ഒമ്പതിന് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ശിപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലാണ്. ശിപാര്‍ശയുടെ തത്സ്ഥിതി തേടാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് നളിനി ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ശിപാര്‍ശയില്‍ തീരുമാനം കൈക്കൊള്ളാന്‍ ഗവര്‍ണറോട് നിര്‍ദേശിക്കാനാകിലെന്നും തത്സ്ഥിതി തേടാനാകില്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

1991 മേയ് 21 നാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. നളിനിയുടെ വധശിക്ഷ 41 പ്രതികളുണ്ടായിരുന്ന കേസില്‍ 26 പേര്‍ക്കും ടാഡ കോടതി 1998 ല്‍ വധശിക്ഷ വിധിച്ചു. 1999ല്‍ മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. റോബര്‍ട്ട് പയസ്, ജയകുമാര്‍, നളിനി, രവിചന്ദ്രന്‍ എന്നിവരുടെത് ജീവപര്യന്തമായി കുറക്കുകയും മറ്റ് 19 പേരെ വെറുതെ വിടുകയും ചെയ്തു. സോണിയാ ഗാന്ധിയുടെ അപേക്ഷ പ്രകാരമാണ് നളിനിയുടെ വധശിക്ഷ 2000ല്‍ തമിഴ്നാട് സര്‍ക്കാര്‍ ജീവപര്യന്തമായി കുറച്ചത്.