കേരള സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി ഓര്‍ത്തഡോക്സ് സഭ സുപ്രീംകോടതിയില്‍

ഓര്‍ത്തഡോക്സ് വിഭാഗം, സംസ്ഥാനസര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. 2017ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കാതെ, സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ മന്ത്രിസഭ സമിതി രൂപീകരിക്കുകയാണ് ചെയ്തതെന്നാണ് ഹര്‍ജിയില്‍ പറഞ്ഞത്.കേന്ദ്രസേനയുടെ സഹായത്തോടെ കോടതിവിധി നടപ്പാക്കുവാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ഓര്‍ത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം നില നില്‍ക്കുന്ന പള്ളികളില്‍ പൊലീസിന്റെ സഹകരണത്തോടെ സര്‍ക്കാര്‍ സമാന്തര ഭരണം നടത്തുകയാണെന്നും 2018ലും 2019ലും പാത്രിയര്‍ക്കീസ് ബാവ മാര്‍ അപ്രേം ദ്വിതീയന്‍ കേരളത്തില്‍ എത്തിയപ്പോള്‍ സംസ്ഥാന അതിഥിയാക്കി. ഇത് സമാന്തര ഭരണം ഉറപ്പാക്കാന്‍ ആണെന്നും ഓര്‍ത്തോഡോക്‌സ് വിഭാഗം ഹര്‍ജിയില്‍ ആരോപണം ഉന്നയിച്ചു.

കേരളത്തില്‍ ഒമ്പത് പള്ളികള്‍ പൂട്ടി കിടക്കുകയാണ്. പള്ളികള്‍ വിട്ടു തരണമെന്ന ആവശ്യമുന്നയിച്ച് ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ കത്ത് മന്ത്രിസഭാ ഉപസമിതിക്ക് കൈമാറുകയാണ് ചെയ്തത്. യാക്കോബായ വിഭാഗത്തിന്റെ 2002 ലെ ഭരണഘടന സുപ്രീംകോടതി അസാധുവാക്കിയിരുന്നു. നിയമവിരുദ്ധമായിട്ടാണ് യാക്കോബായ സഭ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്, ഓര്‍ത്തഡോക്സ് സഭ ഹര്‍ജിയില്‍ ആരോപിച്ചു.