തുഷാറിന്റെ കേസില്‍ ഇടപെട്ടിട്ടില്ലെന്നും ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും യൂസഫലി

തുഷാര്‍ വെള്ളാപ്പള്ളി യു എ ഇയില്‍ അറസ്റ്റിലായ കേസില്‍ ഇടപെട്ടിട്ടില്ലെന്നും ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. തുഷാറിന് ജാമ്യത്തുക നല്‍കിയത് മാത്രമാണ് താന്‍ ചെയ്തതെന്നും യൂസഫലിയുടെ ഓഫീസ് അറിയിച്ചു.

അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നുള്ള വിശദീകരണം ഇങ്ങനെ: “തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട കേസ് യു എ ഇയിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു വിഷയമാണ്. വളരെ ശക്തമായ നിയമ സംവിധാനമാണ് യു എ ഇയില്‍ നിലനില്‍ക്കുന്നത്. കേസുകളില്‍ യാതൊരു വിധത്തിലുമുള്ള ബാഹ്യ ഇടപെടലുകള്‍ ഒരു തരത്തിലും സാധ്യമാകില്ല. ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യു എ ഇയുടെ നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ പോവുകയുള്ളൂ. തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യത്തുക നല്‍കി എന്നത് മാത്രമാണ് ഈ കേസില്‍ എം എ യൂസഫലിക്കുള്ള ഏക ബന്ധം. അതല്ലാതെ അദ്ദേഹം ഈ കേസില്‍ ഏതെങ്കിലും തരത്തില്‍ ഇടപെടുകയോ ഇടപെടാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നില്ല.” എന്നാണ് എം എ യൂസഫലിയുടെ ഓഫീസ് അറിയിച്ചത്.