എന്താണ് ഈ ‘ജനകീയ നാട്ടു വൈദ്യം?’ ഇതിന് ലൈസൻസ് കിട്ടാൻ ആർക്കാണ് അപേക്ഷിക്കേണ്ടത്?

ലിബി. സി.എസ്

പാരമ്പര്യ നാട്ടുവൈദ്യ ചികിത്സ എന്ന് കേട്ടിട്ടുണ്ട് എന്താണ് ഈ ജനകീയ നാട്ടു വൈദ്യം? അതിന് സർക്കാർ ലൈസൻസ് കിട്ടുമോ? ഒരെണ്ണം എടുക്കാനായിരുന്നു? കേരളത്തിൽ സംസ്ഥാനവ്യാപകമായി ബസ് സ്റ്റാന്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും സെയിൽസ് എക്സിക്യൂട്ടീവുകൾ ഉള്ള നാട്ടുവൈദ്യവും ആയുർവേദവും പാചകവും ഭാഷാസഹായിയും പിഎസ്‌സി ഗൈഡും എഞ്ചുവടിയുമൊക്കെ വെറും 10 രൂപ മുതൽ 50 രൂപ വരെ മാത്രം ഈടാക്കിക്കൊണ്ട് ജനങ്ങളിലെത്തിക്കുന്ന ഞങ്ങളുടെ ചേർത്തലയിലെ ഓക്സ്ഫോഡ് പ്രസ് എന്ന് വിശേഷിപ്പിക്കാവുന്ന ഷാരോൺ ബുക്ക്സ് ഉള്ളതിനാൽ റെഫറൻസ് ഗ്രന്ഥങ്ങൾക്കും പഞ്ഞമില്ലല്ലോ? ഇട്ടി അച്യുതൻവൈദ്യരുടെയും പൊറിഞ്ചി വൈദ്യരുടെയും നാട്ടുകാരിയായി ജനിച്ച പാരമ്പര്യമെങ്കിലും അവകാശപ്പെടാമല്ലോ?

ജനകീയ നാട്ടുവൈദ്യത്തിൽ ഒരു രോഗി അസുഖം ബാധിച്ച് വൈദ്യശാലയിൽ വന്നാൽ ഉടനെ ജനകീയ കമ്മറ്റി വിളിച്ചു കൂട്ടി രോഗമെന്തെന്ന്‌ ചർച്ചചെയ്തു തീരുമാനിച്ചശേഷം രോഗിക്കു നൽകേണ്ടുന്ന മരുന്നുകളുടെ കുറിപ്പടി തയ്യാറാക്കി അത് വോട്ടിനിട്ട് പൂരിപക്ഷ തീരുമാന പ്രകാരമാണോ എന്ത് മരുന്ന് നൽകണമെന്ന് തീരുമാനിക്കുന്നത്.

മോഹനൻ നായരുടെ അച്ഛന് ഒരു ചായക്കടയിൽ ചായ അടിയായിരുന്നു പണി എന്നും എഞ്ചിനീയറിങ്ങും കെമിസ്ട്രിയും ഒരുമിച്ച് പഠിച്ച് കെമിക്കൽ പ്ലാന്റ് ഉണ്ടാക്കലായിരുന്നു ജോലി എന്നുപറയുന്ന മോഹനൻ നായരും താനും ഒരുമിച്ചാണ് സ്‌കൂളിൽ പഠിച്ചതെന്നും ഒൻപതാം ക്‌ളാസുവരെയെ പഠിച്ചിട്ടുള്ളൂ എന്നും വിശദീകരിച്ച് അദ്ദേഹത്തിൻറെ ഒരു സഹപാഠിയായിരുന്ന ബാല്യകാല സുഹൃത്ത് ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നല്ലോ? പിന്നീട് പഠനം നിർത്തി ഏതോബന്ധുവിനോടൊപ്പം പോയതായും പഞ്ചാബിലോ ഹരിയാനയിലോ തവിട് എണ്ണകമ്പനിയിലോ പിന്നീട് ഗുജറാത്തിലോ ഒക്കെ കൺസ്ട്രക്ഷൻ ഫീൾഡിലോ ആണെന്നു പറഞ്ഞുകേട്ടിരുന്നെങ്കിലും ഒരു സുപ്രഭാതത്തിൽ സോഷ്യൽ മീഡിയയിലൂടെയാണ് താൻ ഇദ്ദേഹം ചേർത്തലയിലെ വലിയൊരു പാരമ്പര്യ നാട്ടുവൈദ്യനായി മാറിയ വീരഗാഥ അറിയുന്നതെന്നും ബാല്യകാല സുഹൃത്തിനെ ഓർത്ത് അദ്ദേഹം രോമാഞ്ച കഞ്ചുകിതനായെന്നും കുറിപ്പിൽ പറയുന്നു.

ചിലർക്ക് ആ നയന്റെ നേരെ ചൊവ്വേ കഴുകാത്ത ഗ്ലാസിൽ ഒഴിച്ചു കൊടുക്കുന്ന ചൂടില്ലാത്ത പന്ന ചായ കുടിച്ചില്ലെങ്കിൽ മോഷൻ ശരിആകായ്കയും ചിലർക്ക് തലവേദനയുമൊക്കെ അനുഭവപ്പെടാറുണ്ടെന്ന് സ്ഥിരം കസ്റ്റമേഴ്സ് പറഞ്ഞുകേട്ടിരുന്നു. ആ അർത്ഥത്തിൽ വേണമെങ്കിൽ തലവേദന മലശോധന കുളിര് തുടങ്ങിയ അസുഖനങ്ങൾക്ക് ഒറ്റമൂലിയായി അദ്ദേഹത്തിൻറെ ചായ ഉപയോഗിച്ചിരുന്നതിനാല് ആ നിലയ്ക്ക് ആണോ അദ്ദേഹത്തിന്റെ അച്ഛനെ നാട്ടുവൈദ്യനായി പരിഗണിച്ച് അദ്ദേഹം പാരമ്പര്യ നാട്ടുചികിത്സ തുടങ്ങിയതെന്ന് അറിയില്ല എന്നായിരുന്നു ബാല്യകാല സുഹൃത്തിന്റെ കുറിപ്പിൽ പറഞ്ഞിരുന്നത്.

എന്നാൽ അദ്ദേഹത്തിന് തെറ്റുപറ്റിയതാണ് മോഹനൻ നായരുടേത് പാരമ്പര്യ ചികിത്സാ കേന്ദ്രമല്ല. ആ സ്ഥാപനത്തിന് പാരമ്പര്യ നാട്ടുചികിത്സയ്ക്കുള്ള ലൈസൻസും ഇല്ലെന്നാണ് അന്വേഷിച്ചപ്പോൾ ആരോഗ്യവകുപ്പും ചേർത്തല മുനിസിപ്പാലിറ്റിയും പറയുന്നത്. അത് ഒരു ‘ജനകീയ നാട്ടുചികിത്സാ കേന്ദ്രം’ ആണത്രേ!

ഇതിലേക്ക് ആളുകളെ ചികിത്സയ്‌ക്കെത്തിക്കാൻ ജനകീയരായ ചിലർ ഉണ്ടെന്നു മനസിലായി. നേരത്തെ അത് ചില ജനപ്രതിനിധികളായിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ കത്തായിരുന്നു റെഫറൻസ് ലെറ്റർ. ഇപ്പോൾ അത് ചില ജീവകാരുണ്യന്മാർ ആണ് നിർവഹിക്കുന്നത്.എന്തായാലും അന്നും ഇന്നും ജനകീയ കമ്മറ്റിയുടെ സെക്രട്ടറിയും ട്രഷററും മോഹനൻ നായരുടെ ഭാര്യയും മകളും ആണെന്നാണ് അറിഞ്ഞത്.മോഹനൻ നായരുടെ സോഷ്യൽമീഡിയ അഡ്വൈസറും അഡ്മിനും മകളാണെന്ന്‌ അറിയാൻ കഴിഞ്ഞു. അച്ഛന്റെ കാലശേഷം ജനകീയ നാട്ടുവൈദ്യശാലയായി തുടരുമോ അതോ പാരമ്പര്യ നാട്ടുവൈദ്യ ശാലയായി മാറുമോ എന്നറിയില്ല.

എന്തായാലും ഇപ്പോൾ വളരെ ജനകീയമായ ചികിത്സയും മരുന്നും ഫീസുമായാതിനാൽ വീട്ടിൽച്ചെന്നേ തുറന്നു നോക്കാവൂ എന്നുപറഞ്ഞു മുൻകൂട്ടി ബുക്ക് ചെയ്ത് കഫക്കെട്ടിനു ചികിത്സയ്ക്ക് ചെന്ന എന്റെ ഒരു സുഹൃത്തിന്റെ അമ്മയ്ക്ക് കാശിത്തുമ്പ പൊതിഞ്ഞുകൊടുത്ത് 500 രൂപ വാങ്ങിയത് എനിക്കറിയാം. കുറ്റംപറയരുതല്ലോ തൊട്ടയൽവക്കക്കാർക്കു പോലും മുൻകൂട്ടി ബുക്ക് ചെയ്തേ ജനകീയ അഷ്ഠ വൈദ്യൻ മോഹനൻ നായരെ കാണാൻ പറ്റൂ.

തൊട്ടടുത്തുതന്നെ ആയുർവേദകോളേജിൽ പഠിച്ച ബിഎഎംഎസ് ബിരുദധാരിയും ചേർത്തല ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസറുമായ പുരുഷോത്തമൻ ഡോക്ടറുടെ വീട് ഉണ്ടെങ്കിലും അവിടെയാരും ഇതുപോലെ ക്യു നിൽക്കുന്നത് കാണാറുമില്ല.

ഈ ‘ജനകീയ നാട്ടുവൈദ്യശാല’ തൊഴിൽ രഹിതരായ യുവാക്കളുടെ കരിയറിന് നല്ല ഒരു ഓപ്പർച്യുണിറ്റിയാണ്. എനിക്ക് ഇങ്ങനെ ഒരു സ്ഥാപനം തുടങ്ങാൻ ആരെയാണ് സമീപിക്കേണ്ടത്.ആരാണ് ‘ജനകീയ നാട്ടുവൈദ്യശാല’ യ്ക്ക് ലൈസൻസ് നൽകുന്ന അതോറിറ്റി. ഇതിന്റെ ബയലയുടെ കോപ്പി എവിടെകിട്ടും? ആരെയൊക്കെ ഉൾപ്പെടുത്തിയാണ് ഇതിന് ജനകീയകമ്മറ്റി ഉണ്ടാക്കേണ്ടത്?