മരണക്കിണറിൽ മോട്ടോർ സൈക്കിൾ ഓടിക്കുന്നത് കണ്ടുനിൽക്കുന്നവർക്ക് സുരക്ഷ ഒരുക്കാനാവുമോ?

ലിബി. സിഎസ്

സിസ്റ്റർ ലൂസിക്കൊപ്പം പൊതുസമൂഹം ഉണ്ടെന്ന് സഭയെയും ഭരണകൂടത്തെയും ബോധ്യപ്പെടുത്തേണ്ടതുണ്ട്. എന്നകാര്യത്തിൽ എനിക്ക് എതിർ അഭിപ്രായമില്ലെങ്കിലും ഞാൻ വ്യക്തിപരമായി സിസ്റ്റർ ലൂസിക്കൊപ്പമല്ല ജെസ്മിക്കൊപ്പമാണ്.

കത്തോലിക്കാസഭയുടെ തടവറയിൽ നിന്ന് പുറത്തുകടക്കാൻ തയ്യാറാവാത്ത ഒരാൾക്ക് എങ്ങനെയാണു പൊതു സമൂഹത്തിന് സുരക്ഷ ഒരുക്കാൻ കഴിയുക? സിസ്റ്റർ ലൂസിക്കുവേണ്ടി പൊതുസമൂഹത്തിലെ സ്ത്രീകൾക്ക് ആകെ ചെയ്യാനാവുന്നത് അവർ പോലീസിൽ കൊടുത്തിരിക്കുന്ന പരാതിയ്ക്ക് നീതി ലഭ്യമാക്കുക എന്നത് മാത്രമാണ്.അത് ലഭിച്ചില്ലെങ്കിൽ പോലീസ് ആസ്ഥാനത്തേക്കോ സെക്രട്ടറിയേറ്റിലേക്കോ വയനാട്‌ എസ്പി ഓഫീസിലേക്കോ മാർച്ചോ സമരമോ സംഘടിപ്പിക്കാനോ അതല്ലെങ്കിൽ നിയമനടപടിക്കോ തയ്യാറാവുന്ന ആർക്കൊപ്പവും ഞാനുണ്ടാകും. എന്നാൽ സിസ്റ്ററെ സോഷ്യൽമീഡിയയിലൂടെ അപമാനിച്ച ഫാദർ നോബിളിനെ നാളിതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അതിനെതിരെ എന്തെങ്കിലും ഇടപെടൽ ആരെങ്കിലും നടത്തുന്നതായും കാണുന്നില്ല. അതല്ലാതെ സിസ്റ്റർക്കൊപ്പം കെട്ടിപ്പിടിക്കാൻ പുറത്തുനിൽക്കുന്ന നമുക്ക് ജയിലിലേതുപോലെ അവർ പുറത്തു വരുമ്പോഴേ നമുക്കാവൂ. അല്ലെങ്കിൽ അവിടെ ചെന്നുകണ്ടാലും അവരുടെ പെർമിഷനോടെ അവർ അനുവദിക്കുന്ന സമയത്തേക്ക് മാത്രം.

അവർ അതു എന്നെന്നേക്കുമായി ഉപേക്ഷിച്ചാൽ സാമൂഹ്യ സുരക്ഷ ഒരുക്കാൻ പൊതുസമൂഹത്തിനാവും. അതേസമയം അത്തരത്തിൽ ഒരു പീഡനകേന്ദ്രത്തിൽ തുടരുന്ന ഒരാളെ എങ്ങനെ ആർക്കാണ് സംരക്ഷിക്കാൻ കഴിയുക? സമ്പത്തും അധികാരവും ആൾബലവും രാഷ്ട്രീയ നേതാക്കൾ അവരുടെ ചെരുപ്പു നക്കികളുമാകുമ്പോൾ ലൂസിക്ക് വേണ്ടി നമുക്ക് എന്ത് ചെയ്യാനാവും ?

പട്ടണങ്ങൾ തോറും ലൂസിക്കൊപ്പം എന്നപേരിൽ ആഘോഷം സംഘടിപ്പിച്ചാൽ കത്തോലിക്കാ സഭയ്ക്ക് പ്രത്യേകിച്ച് എന്താണ് കുഴപ്പം? അല്ലെങ്കിൽ ലൂസിക്ക് എന്താണ് നേട്ടം? കത്തോലിക്കാസഭയ്ക്ക് എന്തെങ്കിലും സംഭവിക്കണമെങ്കിൽ ആലുവയിലെ സിസ്റ്റർക്ക് 12 ലക്ഷം നഷ്ടപരിഹാരം നൽകിയതുപോലെ അവരുടെ പണം നഷ്ട്ടപ്പെടണം. അത് ആലുവയിലെ സിസ്റ്ററുടെ കാര്യത്തിൽ സംഭവിച്ചതുപോലെ സഭയ്ക്കുള്ളിൽ നിസാരതുകയ്ക്ക് തീർക്കാതെ സഭയെ തള്ളിപ്പറഞ്ഞ് വൻതുകകൾ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസുകൊടുക്കാൻ തയ്യാറുള്ളവർ ഉണ്ടാകണം. ലോകത്തെല്ലായിടത്തും പുരോഹിതന്മാരുടെ പീഡനകേസിൽ നഷ്ടപരിഹാരം കൊടുത്താണ് സഭ തകർന്നത്. കന്യാസ്ത്രീകളും കേസുകൊടുക്കാൻ തയ്യാറാവണം.അവരുടെ വീട്ടിലുള്ളവർ പീഡന വീരന്മാരായ കത്തനാർമാരെ പൊട്ടിക്കാൻ തയ്യാറാകണം ഒപ്പം നമ്മളും കൂടണം. ഒരു അടിപിടിക്കേസിൽ ജാമ്യം എടുക്കേണ്ട കാര്യമേ ഉള്ളൂ നാണവും മാനവുമില്ലാത്ത കത്തോലിക്കാസഭ കാശുപോകുമെന്നും തല്ലുകൊള്ളുമെന്നും ബോധ്യമായാലല്ലാതെ നേരെയാകുമെന്ന് ആരും കരുതെണ്ട.

ഈ മത രാഷ്ട്രീയ കൂട്ടുകെട്ടിനെ തുറന്നുകാട്ടാനും കത്തോലിക്കാസഭയുടെ തേവിടിച്ചിപ്പുരകളായ മഠങ്ങളിൽ എന്താണ് നടക്കുന്നതെന്ന് തുറന്നുകാട്ടിയത് ജെസ്മിമാരാണ്. ജെസ്മി എന്നത് ഒരാളല്ല. ഒരുപാട് ജസ്മിമാർ കന്യാസ്ത്രീയകനായി പോയി തിരിച്ചുവന്നവരുണ്ട് കേരളത്തിൽ..!.ഞങ്ങളുടെ ഫാമിലിയിൽ തന്നെ ഞാനുൾപ്പെടെ പത്തോളം പേരുണ്ട്. അവരെല്ലാം സഭാ വിശ്വാസികളായതിനാൽ അവിടെ നടക്കുന്നതെന്തെന്ന് പൊതുസമൂഹത്തിൽ വിളിച്ച് പറയുന്നില്ലെന്നു മാത്രം..എന്നാൽ സിസ്റ്റർ ജെസ്മി സമൂഹത്തോട് വിളിച്ചുപറയാനും പ്രതികരിക്കാനും അടിമത്വം ഉപേക്ഷിക്കാനും തയ്യാറായി.

അനുസരണ വൃതത്തിന്റെ പേരിൽ സ്വന്തം റൂം മേറ്റ് കൊലപ്പെട്ടാൽ പോലും സാക്ഷിപറയാൻ തയ്യാറാവില്ലാത്ത പീഡകർക്കൊപ്പം നിൽക്കുന്ന വിവരദോഷികളായ കുറെ സ്ത്രീകളോടൊപ്പം ആ തടവറയിൽ കഴിയാനും അടിമത്വം ആസ്വദിക്കാനും തീരുമാനിച്ചവർക്ക് പുറത്തുനിന്നും എങ്ങനെ നീതി ലഭ്യമാക്കും? കുറവിലങ്ങാട് കോൺവെൻന്റിലെ സിസ്റ്റർക്ക് അനുകൂലമായി മൊഴികൊടുത്ത മൂവാറ്റുപുഴക്കാരി സിസ്റ്ററെ ക്രൂരമായി പീഡിപ്പിക്കുമ്പോൾ പോലും അവർ അനുസരണ വൃതമെന്ന അസംബന്ധത്തിന് എത്രമാത്രം അടിമയാണെന്ന് അവർ ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിലെ ഓരോ വാക്കുകൾ പോലും വിളിച്ചുപറയുന്നുണ്ട്.

ലൂസി സിസ്റ്റർക്ക് സന്യാസിനിയായി ജീവിക്കാനോ അല്ലാതെ ജീവിക്കാനോ സ്വാതന്ത്ര്യമുണ്ട്. സന്യാസിനിയായി ജീവിക്കാൻ ഈ മാഫിയാ സംഘത്തിന്റെ ആവശ്യമെന്ത്? അവർക്ക് സ്വന്തമായി ഒരുസഭ സ്ഥാപിച്ചുകൂടെ? അതിന് പകരം മരണക്കിണറിൽ മോട്ടോർ സൈക്കിൾ ഓടിക്കുന്നത് കണ്ടുനിൽക്കുന്നവർക്ക് സുരക്ഷ ഒരുക്കാനാവുമോ?

അടിമത്വവും തടവറയും ആസ്വദിക്കുന്നവർക്കു വേണ്ടിയുള്ള ഇടപെടലല്ല സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർക്കുവേണ്ടിയുള്ള ഇടപെടലാണ് ആവശ്യമെന്നാണ് എനിക്ക് തോന്നുന്നത്.ശബരിമല സ്ത്രീപ്രവേശനം പോലെയോ, മുത്തലാക്ക് പോലെയോ ഒരു വിഷയമല്ല ഇത്. ഇവിടെ അവർ അടിമത്തം സ്വയം വരിക്കുന്നതാണ്.ആരും അടിച്ചെല്പിക്കുന്നതല്ല. സിസ്റ്റർ ലൂസി ഒരു ഹൈസ്‌കൂൾ അദ്ധ്യാപികയാണ് കൃത്യമായ വരുമാനവും വിദ്യാഭ്യാസവും ഉള്ള സ്ത്രീയാണ് അടിമത്വം ആസ്വദിക്കാൻ തീരുമാനിച്ചതിന്റെ പ്രശ്നങ്ങളെ അവർക്കുള്ളൂ. സി ലൂസിയെക്കാൾ വിദ്യാഭ്യാസവും പണവുമില്ലാത്ത രോഗംവന്നാൽ ചികിൽസിക്കാൻ പോലും നിർവാഹമില്ലാത്ത പട്ടിണിയും പരിവട്ടവുമായി കഴിയുന്ന നിരവധി സ്ത്രീകൾ കേരളത്തിലുണ്ടെന്നും വിസ്മരിക്കരുത്.

അതോടൊപ്പം ലൂസിക്ക് പിന്തുണ പ്രഖ്യാപിക്കുന്നവർ കത്തോലിക്കാ സഭയും കന്യാസ്ത്രീ സമൂഹവും കേരളത്തിന് വേണ്ടി എന്തോ ഉലത്തിയ മഹത്തായ പാരമ്പര്യവുമൊക്കെ ആമുഖമായി പറയുന്നതും സി.ലൂസി സംഭവം അതിന് അപമാനമാണെന്നുമൊക്കെ പറയുന്നത് കേൾക്കാം. എന്താണാവോ കത്തോലിക്കാസഭയും കന്യാസ്ത്രീസമൂഹവും കേരള നവോത്ഥാനത്തിനായി ചെയ്തത്? പ്രത്യേകിച്ച് ഈ സീറോമലബാർ സഭ? സിഎസ്‌ഐ സഭയ്ക്ക് കേരള നവോത്ഥാന ചരിത്രത്തിൽ സുപ്രധാനമായ പങ്കുണ്ട്. കോമണായി ക്രിസ്ത്യാനികൾ എന്നുള്ള അർത്ഥത്തിൽ അവരുടെ സേവനങ്ങളെ മറയാക്കി കച്ചവടം നടത്തുകയും അവിടെ കുറെ അടിമവേലക്കാരെ ഉണ്ടാക്കുകയുമല്ലാതെ എന്താണ് കത്തോലിക്കാ സഭ ചെയ്തിട്ടുള്ള ആനമറിക്കൽ?

ബ്രിട്ടീഷ് മിഷനറിമാരായ എൽഎംഎസ് ലെയും സിഎംഎസിലെയും ബാസൽ മിഷനിലെയും ബ്രിട്ടീഷ് അച്ചന്മാർ അന്നൊക്കെ ഏതെങ്കിലും സുറിയാനി പള്ളിയിൽ വന്നിട്ടുണ്ടെങ്കിൽ പുലയന്റെയും പറയന്റെയുമിടയിൽ പ്രവർത്തിക്കുന്ന സായിപ്പച്ചനെ തീണ്ടിയതിന്റെപേരിൽ കുർബാന കഴിഞ്ഞാലുടൻ കുളിക്കാൻ പോകുന്നവരായിരുന്നു കേരളത്തിലെ അച്ചന്മാരെന്ന് എൻ.കെ. ജോസിന്റെ ‘ കേരളത്തിലെ സുറിയാനി സഭയുടെ ചരിത്രം’ ഒന്ന് വായിച്ച് നോക്കിയാൽ മനസിലാകും.അവരാരും ഇവരുടെ രാജാവിനെയോ സാമന്തന്മാരെയോ കിരീടത്തെയോ ചെങ്കോലിനെയോ അംഗീകരിച്ചിരുന്നവരും അല്ല. വെറുതെയല്ല ഇപ്പോഴും ചില നസ്റാണികൾ കേശവൻ നായരും ബ്രഹ്മ ദത്തൻ നമ്പൂതിരിയും ആണെന്നൊക്കെ അഭിരമിക്കുന്നതും തന്തയുടെ പ്രായമുള്ളവരെ ജോയി പെലയൻ എന്ന് വിളിക്കുന്നതും.

സിസ്റ്റർ ലൂസി വാസ്തവത്തിൽ ഒരു ആചാരസംരക്ഷകയായി നിന്നുകൊണ്ട് ചില വ്യക്തിപരമായ സ്വാതന്ത്ര്യങ്ങൾക്ക് ശ്രമിക്കുന്ന ഒരു സ്ത്രീയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇന്ത്യയിലെ ദേവദാസി സമ്പ്രദായം പോലെ നികൃഷ്ടമായ ഒരാചാരത്തിൻറെ ഒപ്പം നിന്ന് അതിൻറെ അടിമത്തം ആസ്വദിച്ചുകൊണ്ട് ജീവിക്കാൻ തീരുമാനിച്ച ഒരാൾക്ക് വേണ്ടി പൊതുസമൂഹത്തിന് ഇടപെടാവുന്നതിന് ചില പരിമിതികൾ ഉണ്ട്. ഈ സിംഹാസനത്തെയും സാമന്തരാജാക്കന്മാരെയും ചെങ്കോലും കിരീടവും അരമനയും അന്തപ്പുരങ്ങളുമൊക്കെ വലിച്ചെറിയാൻ തയ്യാറല്ലാത്ത ഇത്തരം സ്ത്രീകൾ ഉള്ളിടത്തോളം അഭയമാരും ലൂസിമാരും ആവർത്തിക്കപ്പെടും. അതിനുള്ളിൽനിന്ന് ചില ജെസ്മിമാർ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് പുറത്തു വരികയും ചെയ്യും

സി. ലൂസിക്ക് പിന്തുണ പ്രഖ്യാപിക്കുന്നവരെയോ അത്തരം സംഘടനകളെയോ അത്തരം പരിപാടികളെയോ ലൂസി സിസ്റ്ററെയോ അവഹേളിക്കാൻ പറഞ്ഞതല്ല യാഥാർഥ്യം അതല്ലേ? അതുകൊണ്ട് ലൂസിക്ക് ഒരു ഇന്ത്യൻ പൗരയെന്ന നിലയിൽ നീതി നിഷേധിക്കപെട്ടാൽ അത് നേടിയെടുക്കാൻ ഏത് സമരത്തിനും ഒപ്പമുണ്ടാകുമെങ്കിലും ജെസ്മിക്കൊപ്പമാണ് ഞാൻ.