ശബ്ദം തന്റേത് തന്നെ എന്നാല്‍ എഡിറ്റിംഗ് നടത്തിയെന്ന് നാസില്‍ അബ്ദുല്ല

ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ തന്റെ ശബ്ദരേഖ പുറത്തായതില്‍ പ്രതികരണവുമായി പരാതിക്കാരന്‍ നാസില്‍ അബ്ദുല്ല. പുറത്തുവന്ന ശബ്ദരേഖ തന്റേത് തന്നെയാണ്. എഡിറ്റ് ചെയ്ത് അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ മാത്രം പുറത്തുവിട്ടു. സംശയം ജനപ്പിക്കുന്നതിന്റെ ഭാഗാമാണിത്- നാസില്‍ അബ്ദുല്ല പറഞ്ഞു.

കേസിന്റെ രേഖകള്‍ താന്‍ പണം കൊടുക്കാനുള്ള ഒരാളുടെ കൈവശമായിരുന്നു. ഇത് തിരിച്ചെടുക്കുന്ന കാര്യമാണ് സംഭാഷണത്തിലുള്ളത്. ഈ ഡോക്യുമെന്റും ചെക്കും വെച്ച് ഞാന്‍ കുറച്ച് പണം കടംവാങ്ങിയിരുന്നു. ഈ ഡോക്യുമെന്റ് അയാളുടെ അടുത്തായിരുന്നു. ഇത് തിരിച്ചെടുക്കാന്‍ വേണ്ടി അയാള്‍ പൈസ ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ഭാഗമായി ഞാന്‍ പൈസ അറേഞ്ച് ചെയ്യാന്‍ വേണ്ടി വിളിച്ച കൂട്ടത്തില്‍ ഇവനെ വിളിച്ചതാണ്. ഈ വോയിസിന്റെ നല്ലൊരു ഭാഗവും അവര്‍ കട്ട് ചെയ്തു. ഞാന്‍ ഇതൊക്കെ വിശദമായി അവനോട് പറയുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് വേണ്ട ഭാഗം മാത്രമെടുത്ത് ബാക്കിയെല്ലാം കട്ട് ചെയ്ത് ശബ്ദം പുറത്തുവിടുകയായിരുന്നെന്നും നാസില്‍ കൂട്ടിച്ചേര്‍ത്തു.