‘ഗര്‍ഭവിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്ര’യും ‘ഗര്‍ഭ സന്‍സ്‌കാര്‍‘ ഉം ‘പന്നിപ്പേറി’ന്റെ വേവലാതികളും

ലിബി. സിഎസ്

ഉത്തമ കുറുവടി സന്തതികൾ ഉണ്ടാകാൻ വിവാഹിതരായ സ്ത്രീകൾക്ക് ക്യാമ്പും പതിനഞ്ചു കഴിഞ്ഞ കൗമാരക്കാരായ പെൺകുട്ടികളെ വീര പ്രസവിനികളാക്കാൻ പഠന ക്യാമ്പുമൊക്കെ നടത്തിയത് ദേശീയ മാധ്യമങ്ങളിലടക്കം വർത്തയായതിൽ യാതൊരു അസ്വസ്ഥതയും കാട്ടാതിരുന്ന സ്വതതന്ത്രചിന്തകയും നവനാസ്തിക ബുദ്ധിജീവിയുമായ കെ ആർ. ഇന്ദിര എന്തിനാണ് മുസ്ളീം സ്ത്രീകളുടെ പന്നിപ്പേറിൽ ഉദ്ഘണ്ഠപ്പെടുന്നത്?

ആർ എസ് എസ്സിന്റെ ആരോഗ്യ ഭാരതിയുടെ ഗർഭ വിഗ്യാൻ സംസ്കാർ

ഉത്തമ സന്താനത്തെ ലഭിക്കാൻ കുറുവടി പ്രയോഗവുമായി രംഗത്തെത്തിയ ആർ എസ്. എസ് ഗർഭ വിഗ്യാൻ കഴിഞ്ഞ വർഷം ദേശീയ മാധ്യമങ്ങളിൽ എല്ലാം വർത്തയാവുകയും കേസാവുകയും ചെയ്തതാണ്.സമയവും കാലവും നോക്കി ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടാൽ കസ്റ്റമയ്സ്ഡ് കൊച്ചുങ്ങളെ കിട്ടുമെന്നാണ് ആർ എസ് എസ്സിന്റെ ആരോഗ്യ ഭാരതിയുടെ ഗർഭ വിഗ്യാൻ സംസ്കാർ നടത്തിപ്പുകാർ പറഞ്ഞത്. ആനന്ദലബ്ധിക്കിനി ഇതിൽ കൂടുതൽ എന്തു വേണം? അനപത്യ ദു:ഖമനുഭവിക്കുന്ന ദമ്പതികൾ സംഘി ചട്ട പ്രകാരം ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടാൽ ഉത്തമ കുഞ്ഞുങ്ങൾ പത്തു മാസം കഴിയുമ്പോ എത്തുമെന്ന് ഗ്യാരന്റി യും നൽകിയിരുന്നു.

ഗുജറാത്തിലാണ് ഈ പദ്ധതി ആരംഭിച്ചത്. ഇപ്പോ രാജ്യമാകെ വ്യാപിപ്പിക്കുന്നു. ആരോഗ്യ ഭാരതിയുടെ ഗർഭ വിഗ്യാൻ സംസ്കാർ അവതരിപ്പിക്കുന്ന സംഘി പദ്ധതി പ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ കറുത്ത് കുളളമാരായ തന്തയ്ക്കും തള്ളയ്ക്കും പോലും നല്ല അമിതാഭ് ബച്ചനെ പോലെ പൊക്കമുള്ള നല്ല വെളു വെളാ ഇരിക്കുന്ന മക്കളുണ്ടാവും – ഫെയർ ആന്റ് ലവ് ലി പോലുള്ള ക്രീമുകൾ തേച്ച് വെളുപ്പിക്കേണ്ടി വരില്ല .

വിവരവും വെള്ളിയാഴ്ചയുമില്ലാത്ത ഭാര്യാ ഭർത്താക്കമാർക്ക് നല്ല ബുദ്ധിയുള്ള പിഎച് ഡി ക്കാരായ മക്കളുണ്ടാകും.ഇമ്മാതിരിയുള്ള 450 പൈതങ്ങൾ മാർക്കറ്റിലിറങ്ങിക്കഴിഞ്ഞു എന്നാണ് കഴിഞ്ഞവർഷം ഇവർ തന്നെ അവകാശപ്പെട്ടത്. ഈ പദ്ധതി കേരളത്തിലും നടപ്പിലായാൽ വരമ്പത്തു കൂലിയുമായി ചെന്നാലും മഹാരാജാസ് കോളജിൽ വാർക്ക പണിക്കും യൂണിവേഴ്സിറ്റി കോളേജിലെ ഇടിമുറിയിലേക്കും പിഎസ്‌സി കോച്ചിങ് സെന്ററിലേക്കും വേറെ ആളെ SFIക്കാർ തേടേണ്ടി വരും.

ശുദ്ധ ആര്യൻ സംസ്കാരമുള്ള, സനാതന സംസ്കാരത്തിലും പുരാണങ്ങളിലും എല്ലാം വിശ്വാസമുള്ളവരും, രാജ്യത്തിൻറെ പരം വൈഭവത്തിനു വേണ്ടി ജീവൻ കൊടുക്കുവാൻ തയ്യാറുള്ളവരും.കടുത്ത അതിദേശീയ വാദികളും,സർവോപരി ബീഫ് വിരോധികളും, ഗോമൂത്രത്തോടും ചാണകത്തോടും ആദരവുള്ളവരും ആയിരിക്കും ഈ സന്തതികൾ എന്ന് തുടങ്ങുന്ന നിരവധി മേന്മകൾ ഉള്ളവരുമായിരിക്കും ഈ കുറു വടി ഗർഭ സന്തതികൾ എന്നാണ് അവകാശവാദം.ലോകത്തിനാദ്യമായി 101 ടെസ്റ്റ് ട്യൂബ് ശിശുക്കളെ സൃഷ്ടിച്ചും ഗണപതിയെ പ്ലാസ്റ്റിക് സർജറിയും നടത്തി റിക്കോർഡിട്ട ആർഷ ഭരത ശാസ്ത്രജ്ഞന്മാരുടെ ദീർഘകാലത്തെ ഗവേഷണ ഫലമായുള്ള കണ്ടുപിടുത്തമാണ് ഈ കുറുവടി സന്തതികൾ.

കുറുവടി സന്തതികളുടെശാസ്ത്രീയത തെളിയിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

എന്നാൽ കൽക്കത്ത ഹൈക്കോടതിക്ക് ഇത് അത്രക്കങ്ങ് സുഖിച്ചില്ല.ആര്‍എസ്എസിന്റെ കീഴില്‍ ‘എങ്ങനെ സമര്‍ത്ഥരായ കുഞ്ഞുങ്ങളെ ഗര്‍ഭം ധരിക്കാം’ എന്ന വിഷയത്തില്‍ ദമ്പതികള്‍ക്കു നടത്തിയ ക്ലാസിന്റെ ശാസ്ത്രീയത ചോദ്യം ചെയ്ത് കൊല്‍ക്കത്ത ഹൈക്കോടതി രംഗത്ത് വന്നിരുന്നു. ആര്‍എസ്എസിന്റെ ആരോഗ്യവിഭാഗമായ ‘ആരോഗ്യഭാരതി’ നടത്തിയ വര്‍ക്ക് ഷോപ്പുകളുടെ ശാസ്ത്രീയത വ്യക്തമാക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടത നിര്‍ദേശം നൽകി.പശ്ചിമ ബംഗാളില്‍ ‘ഗര്‍ഭ സന്‍സ്‌കാര്‍ ‘ എന്ന പേരില്‍ രണ്ട് ദിവസങ്ങളിലായി ആര്‍എസ്എസ് സംഘടിപ്പിച്ച വര്‍ക്ക് ഷോപ്പുകളിലാണ് സമര്‍ത്ഥരായ കുട്ടികളെ ഗര്‍ഭം ധരിക്കാനുള്ള മാര്‍ഗങ്ങള്‍ ഉപദേശിച്ചത്.

സമര്‍ത്ഥരായ കുഞ്ഞുങ്ങള്‍ ഉണ്ടാകാനുള്ള പരമ്പരാഗത ഗര്‍ഭധാരണ രീതികളാണ് സന്‍സ്‌കാരില്‍ വിശദീകരിക്കുന്നത്. ഈ ക്ലാസിന്റ ശാസ്ത്രീയത സംബന്ധിച്ച് തെളിവ് നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്.

വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുജറാത്തിലാണ് പദ്ധതി തുടങ്ങിയത്. 2015 മുതല്‍ ദേശവ്യാപകമായി വ്യാപിപ്പിച്ചു. ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാല അധ്യാപകനായ ഡോ. കൃഷ്മ നര്‍വിനാണ് ക്ലാസുകള്‍ നയിക്കുന്നത്. 2020 ആകുമ്പോഴേക്കും രാജ്യത്ത് ആയിരക്കണക്കിന്‍ സമര്‍ത്ഥരായ കുഞ്ഞുങ്ങള്‍ എന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കരുത്തുറ്റ ഇന്ത്യയെ ഇത്തരത്തില്‍സൃഷ്ടിക്കാമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.

പദ്ധതി ജര്‍മ്മനിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നടപ്പിലാക്കുന്നത്. ആയുര്‍വേദത്തിന്റെ സഹായത്തോടെ രണ്ടാം ലോകയുദ്ധത്തിന് ശേഷം അവിടുത്തെ കുട്ടികളെ ഇത്തരത്തില്‍ വളര്‍ത്തിയെടുത്തതാണെന്നും ആരോഗ്യഭാരതി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

ഇത്തരത്തില്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് 450 കുട്ടികള്‍ പിറന്നുകഴിഞ്ഞതായാണ് അന്ന് ആരോഗ്യഭാരതി അവകാശപ്പെട്ടത്. 2020 ആകുമ്പോഴേക്കും എല്ലാ സംസ്ഥാനങ്ങളിലും ഇതില്‍ പരിശീലനം നല്‍കുന്ന പ്രത്യേക കേന്ദ്രം ഗര്‍ഭ വിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്ര സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്.

കൗണ്‍സിലിങ്ങിനെതിരെ ബംഗാളിലെ ശിശു അവകാശ സംരക്ഷക കമ്മീഷന്‍ ചെയര്‍മാനാണ് കോടതിയെ സമീപിച്ചത്. ആര്‍എസ്എസിന്റെ കൗണ്‍സലിംഗില്‍ യാതൊരു ശാസ്ത്രീയതയും ഇല്ലെന്നും കൂടാതെ ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും പൊതുതാല്‍പര്യഹര്‍ജിയിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ശാസ്ത്രീയത തെളിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്.

കൊല്‍ക്കത്തിയില്‍ നടന്ന പരിശീലന ശിബിരത്തില്‍ 50 ദമ്പതികളാണ് പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതിനെതിരെ ബംഗാള്‍ ശിശു അവകാശ കമ്മീഷന്‍ കോടതിയെ സമീപിച്ചെങ്കിലും പരിപാടി തടയാന്‍ കോടതി തയ്യാറായില്ല. എന്നാല്‍ ക്ലാസ് നടത്താന്‍ എത്തുന്നവര്‍ ചികിത്സ നടത്താന്‍ പാടില്ല എന്ന നിര്‍ദ്ദേശിച്ചിരുന്നു.

‘അമ്മയാവലാണ് സ്ത്രീകളുടെ ഉത്തരവാദിത്വം’ വിവാഹം കഴിക്കാത്ത കൗമാരക്കാരായ പെണ്‍കുട്ടികളോട് ആര്‍എസ്എസ് വനിതാ വിഭാഗം രാഷ്ട്രീയ സേവിക സമിതി

ഉത്തമ കുറുവടി സന്തതികൾ ഉണ്ടാകാൻ വിവാഹിതരായ സ്ത്രീകൾക്ക് ക്യാമ്പ് നടത്തിയ സംഘ പരിവാർ പതിനഞ്ചു കഴിഞ്ഞ കൗമാരക്കാരായ പെണ്കുട്ടികളെ വീര പ്രസവിനികളാക്കാൻ വേറെയും പഠന ക്യാമ്പുമായി രംഗത്ത് വന്നിരുന്നു.

അമ്മയാവുക എന്നതാണ് സ്ത്രീകളുടെ ഉത്തരവാദിത്വമെന്ന് പെണ്‍കുട്ടികളോട് ഈ ക്യാമ്പിൽ ആര്‍എസ്എസ് വനിതാ വിഭാഗമായ രാഷ്ട്രീയ സേവിക സമിതി നേതാക്കൾ ആവശ്യപ്പെട്ടത് വാർത്തയായിരുന്നു. പുരുഷന്റെ ജോലി പണമുണ്ടാക്കുകയാണെങ്കില്‍ സ്ത്രീയുടെ ഗുണം അമ്മയാവുക എന്നതാണെന്ന് പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പിലാണ് സംഘടന നേതാക്കള്‍ പറഞ്ഞത്. ഡല്‍ഹിയില്‍ 15 ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പാണ് ഇതിനായി സംഘടിപ്പിച്ചത്.പതിനഞ്ച് വയസ്സിനു താഴെയുള്ള സ്‌കൂളുകളില്‍ പോവുന്ന പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പില്‍ മാതൃത്വത്തിന്റെയും കുടുംബ സംവിധാനത്തിന്റെയും ഗുണഗണങ്ങളെ കുറിച്ചാണ് കൂടുതല്‍ പഠിപ്പിച്ചത്. സ്ത്രീകള്‍ ജോലിക്ക് പോകുന്നതിനെ പ്രോത്സാഹിപ്പിക്കാത്ത,വീട്ടമ്മയായി കുടുംബ കാര്യങ്ങള്‍ നോക്കുക എന്നത് മാത്രമാണ് സ്ത്രീയുടെ ഉത്തരവാദിത്വം എന്ന നിലപാടിനാണ് രാഷ്ട്രീയ സേവിക സമിതി ക്യാമ്പില്‍ പഠിപ്പിച്ചത്.

ഒരു പുരുഷന്റെ ജോലി എന്നത് പണമുണ്ടാക്കുക എന്നതാണ്. പുരുഷത്വമാണ് അവന്റെ ഗുണം. എന്നാല്‍ ഒരു സ്ത്രീയുടെ ഗുണം എന്ന് പറയുന്നത് മാതൃത്വമാണ്. അവള്‍ അത് മറക്കരുത് എന്നൊക്കെയാണ് ക്യാമ്പില്‍ പഠിപ്പിക്കുന്നത്. ഇങ്ങനെയുള്ള ദേശസ്നേഹി കളായ സവർക്കർ കുഞ്ഞുങ്ങളെ വാർത്തെടുക്കുമ്പോൾ അതിനിടയിൽ പെറ്റുകൂട്ടുന്ന താത്തമാർ കെ.ആർ.  ഇന്ദിരമാർക്ക് അസഹനീയമായ ഒരുകാര്യമാകാതിരിക്കുമോ?

പന്നിപ്പേറിന്റെ കേരളത്തിലെ വേവലാതികൾ

അവർണ്ണരുടെ പ്രസവത്തെ പന്നിപ്പേറിനോട് ഉപമിക്കൽ കേരളത്തിലെ കുലകളും പുരുഷുക്കളും ആദ്യമായി ചെയ്യുന്നതല്ല. ആദ്യമായി വിവാദമായ പന്നി പ്പേർ ഉപമ പന്നിപെറ്റുകൂട്ടുമ്പോലെ പെറ്റുകൂട്ടുന്ന ഈഴവ സ്ത്രീകളെ കുറിച്ച് വേവലാതിപ്പെട്ട മന്നത്ത് പപ്പനാവന്റേതാണ്.(അദ്ദേഹത്തിൻറെ കുപ്രസിദ്ധമായ ശാസ്തമംഗലം പ്രസംഗത്തിൽ.)

അതിനെതിരെ കേരളകൗമുദിയിൽ കെ സുകുമാരൻ എഡിറ്റോറിയൽ എഴുതിതന്നെ മറുപടിയും കൊടുത്തിരുന്നു. കെ.സുകുമാരൻ പറഞ്ഞത്: ‘എൻറെ അച്ഛൻറെ പേര് സി.വി. കുഞ്ഞുരാമൻ എന്നാണ്. എന്റെ തന്തക്കു പറഞ്ഞതിൽ എനിക്കു വിഷമമില്ലെന്നും, എനിക്കു തന്തയുള്ളതുകൊണ്ടാണ്‌ മന്നം തന്തക്കു വിളിച്ചതെന്നും, എന്നാൽ എനിക്കു തിരിച്ചു തന്തക്കു വിളിക്കാൻ മന്നത്തിന്റെ തന്തയെ ആർക്കും അറിയാൻ സാധിക്കാത്തതു കൊണ്ടാണ് തിരിച്ചുവിളിക്കാത്തതെന്നു’മാണ് പിന്നീട് പലരും ഇത്തരത്തിലൊക്കെ പ്രയോഗിച്ചിട്ടുണ്ട്. ഇപ്പോൾ സവർണ്ണനാകാൻ പാടുപെടുന്ന ചില ഈഴവരുൾപ്പെടെയുള്ളവർ ഹിന്ദുപേറിനു വീരപ്രസവിനി അവാർഡ് പ്രഖ്യാപിച്ചവർക്കൊപ്പം കൂടി മുസ്ലിംങ്ങൾക്കെതിരെ ഇങ്ങനെ അധിക്ഷേപം ഉന്നയിക്കുന്നതിൻറെ കാരണം ജനസംഖ്യ വർദ്ധനവിലുള്ള ഉദ്ഘണ്ഡയല്ല അത് വീരപ്രസവിനിയുടെ സവർക്കർ കുഞ്ഞ് ആകില്ലല്ലോ എന്ന ഉദ്ഘണ്ഡ മാത്രമാണ്.

കഴിഞ്ഞ നൂറ്റാണ്ടിൽ ഈഴവർ സവർണ്ണാധികാരത്തെ വെല്ലുവിളിച്ചവർ ആയതുകൊണ്ടാണ് അവരുടെ പേറും ‘പന്നി പേറായി’ തോന്നിയത്.

കെ.ആർ. ഇന്ദിര ഒരു ആർഎസ്എസ് സംഘിയല്ലെന്നാണ് തോന്നുന്നത്. മുസ്ലീങ്ങളെയും കമ്യൂണിസ്റ്റുകളെയും അധിക്ഷേപിക്കുന്നവരൊക്കെ ആർഎസ്എസ് സംഘികൾ മാത്രമാകണമെന്നില്ലല്ലോ? സംഘിസം ഒരാശയമാണ്. അവരെ എല്ലാവിഭാഗത്തിനൊപ്പവും കാണാം. ഈ സ്ത്രീയെ പുതുതായി അവതരിച്ചിട്ടുള്ള അരാഷ്ട്രീയവാദികളായ നവനാസ്തികരുടെ പരിപാടികളിൽ കണ്ടിട്ടുണ്ട്.