നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ സ്‌കൂളിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം; സ്‌കൂള്‍ ബസ് കത്തിച്ചു

നെയ്യാറ്റിന്‍കരയില്‍ സ്വകാര്യ സ്‌കൂളിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. കാഞ്ഞിരംകുളം മൗണ്ട് കാര്‍മ്മല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂളിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു സ്‌കൂള്‍ ബസ് അക്രമികള്‍ കത്തിച്ചു.

ഇതിന് പുറമെ, സ്‌കൂളിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും അടിച്ചുതകര്‍ത്തു. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. ഇതിനെത്തുടര്‍ന്ന് സ്‌കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് കാഞ്ഞിരംകുളം പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

സിസിടിവി ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയാനാകൂവെന്ന് പോലീസ് അറിയിച്ചു. മുഴുവന്‍ സമയവും സെക്യൂരിറ്റി ജീവനക്കാര്‍ ഉള്ള സ്‌കൂളില്‍ ഇത്തരമൊരു അതിക്രമം നടന്നതിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്നും പോലീസ് സംശയിക്കുന്നു.