സ്നേഹമുള്ള ലൂസി ചേച്ചിക്ക്, ചേച്ചി ഈ സമരത്തിൽ വിജയിക്കാൻ പോകുന്നില്ല: ഷാനു മുല്ലപ്പള്ളി

പ്രീയമുള്ള ലൂസി ചേച്ചി വായിച്ചറിയുവാൻ നാട്ടുകാര് ഇബ്‌ലീസിന്റെ കുഞ്ഞ് എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഷാനു മുല്ലപ്പള്ളി എഴുതുന്നത്…

ചേച്ചി….

ചേച്ചിയോടുള്ള ഇഷ്ടം മുൻനിർത്തി തന്നെ ഞാൻ പറയട്ടെ…..
ഒരു സന്യാസിനി എന്ന നിലയിൽ എനിക്ക് ചേച്ചിയോട് പ്രത്യേക ബഹുമാനം ഒന്നും തന്നെയില്ല
ഞങ്ങൾ മനുഷ്യർ കുടുംബവും കുട്ടികളും പ്രാരാബ്ധങ്ങളുമായി വിയർപ്പൊഴുക്കി കഴിയുമ്പോൾ നിങ്ങൾ ഈ പാദം പൊള്ളുന്ന മണ്ണിൽ നിന്നും ഓടിയൊളിക്കുകയാണ് ചെയ്യുന്നത്

സെക്സ് അല്ലാതെ മറ്റൊന്നും നിങ്ങൾ വർജിക്കുന്നില്ലതാനും
അതാകട്ടെ ഒരു ചെറിയ ന്യൂനപക്ഷം മാത്രമാണ് എന്നത് ഒരു നഗ്നസത്യവുമാണ്…

മറ്റൊരു വാദം… നിങ്ങളുടെ സന്യാസം ഒരു സേവനമാണ് എന്നാണ്…
നിങ്ങൾ സേവിക്കുന്നത് നിങ്ങളുടെ സഭയെ മാത്രമാണ്…
സോപ്പിനും എണ്ണക്കുമുള്ള പണം മാത്രം കൈപറ്റി നിങ്ങൾ അടിമപ്പണി ചെയ്യുന്ന സഭയുടെ സ്ഥാപനങ്ങളൊക്കെ തന്നെയും ജനങ്ങളുടെ കഴുത്തറുത്താണ് തടിച്ചുകൊഴുത്തിട്ടുള്ളത്…
സഭയുടെ കീഴിലുള്ള ആശുപത്രികളിൽ നിന്നും ലഭിക്കുന്ന ബില്ല് കണ്ട് കണ്ണ് തള്ളുമ്പോൾ “ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട് “എന്ന മറ്റൊരു മികച്ച തള്ളുമായി യേശുവും ക്യാഷ് കൗണ്ടറിന്റെ പുറകിലെ ഭിത്തിയിൽ സഭയോടൊപ്പം നിലകൊള്ളാറുണ്ട്..
ഇവിടെ നിങ്ങളുടെ സേവനത്തിന് എന്താണ് പ്രസക്തി…?

ചേച്ചി എന്ത് വസ്ത്രം ധരിക്കണം, എന്ത് എഴുതണം എങ്ങനെ ജീവിക്കണം എന്നൊക്കെ ചേച്ചിയുമായി യാതൊരുവിധ ബന്ധവും ഇല്ലാത്ത അരമനയിലെ പാതിരിമാരും വത്തിക്കാനിലെ മാറിമാറിവരുന്ന അണ്ണന്മാരുമൊക്കെ ചേർന്ന് തീരുമാനിക്കുന്ന ഒരു നാറിയ വ്യവസ്ഥിതിയെലേക്ക് ചേച്ചി സ്വമേധയാ ചെന്ന് കേറികൊടുത്തതല്ലേ….?
സ്വതന്ത്രസ്ത്രീകളും അടിമസ്ത്രീകളും തമ്മിൽ ഒരുപാട് വെത്യാസങ്ങളുണ്ട് ചേച്ചി…
സത്യത്തിൽ ഇത് വരേ ആചരിച്ചുപോന്ന അതെ അടിമത്വം തന്നെയാണ് ചേച്ചി ഇപ്പോഴും ആഗ്രഹിക്കുന്നത് എന്ന് പറയാതിരിക്കാൻ നിർവാഹമില്ല…

ചേച്ചി ഒരു സുപ്രഭാതത്തിൽ സഭക്കെതിരെ തിരിഞ്ഞു എന്ന് ഞാൻ കരുതുന്നില്ല…
വർഷങ്ങളോളമായി അരുതാത്ത പല കാഴ്ച്ചകൾ കണ്ട് കണ്ട് മനംമടുത്തിട്ട് ആവണമല്ലോ ചേച്ചി ഇപ്പൊ ഈ സാഹചര്യത്തിൽ എത്തി നിൽക്കുന്നത്..

എന്നിട്ടും വീണ്ടും ചേച്ചി സഭയിൽ തന്നെ തുടരണമെന്ന് വാശിപിടിക്കുന്നതിന്റെ യുക്തി എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല… !

സഭക്ക് എതിരെ വരുന്ന ആരോപണങ്ങളെല്ലാം
” ഒറ്റപെട്ട സംഭവങ്ങൾ “എന്ന് ലഘൂകരിക്കലാണ് സഭ എന്നും ചെയ്ത് പോന്നിട്ടുള്ളത് എന്ന് ചേച്ചിക്കും അറിവുള്ള കാര്യമല്ലേ…
സഭയിലിപ്പോൾ ഓരോ മണിക്കൂറിലും ഒറ്റപെട്ട പീഡനങ്ങളാണ് അരങ്ങേറുന്നത്…

ചേച്ചി അണിഞ്ഞിരിക്കുന്ന തിരുവസ്ത്രത്തെയും എനിക്ക് ബഹുമാനിക്കാൻ സാധിക്കില്ല…
കാരണം…
13 വയസ്സുകാരിക്ക് ഗർഭം ഉണ്ടാക്കിയ റോബിൻ എന്ന ഒരു തെമ്മാടിയച്ചനെ രക്ഷിച്ചെടുക്കാൻ എല്ലാവിധ ഒത്താശയും ചെയ്ത് കൊടുത്തത് ഇതേ കന്യാസ്ത്രീകൾ തന്നെയായിരുന്നു…
ആ പെൺകുട്ടിയുടെ അപ്പന്റെ തലയിൽ പിതൃത്വം കെട്ടിവെച്ചതും ദൈവത്തിന്റെ മണവാട്ടികൾ തന്നെയായിരുന്നു…
ഇവരും സെഫിയുമൊക്കെ ധരിക്കുന്ന തിരുവസ്ത്രത്തെ ഞാൻ വെറുപ്പോടെ മാത്രമേ നോക്കി കാണാറുള്ളു ചേച്ചി…

വളരെ വിഷമമുള്ള ഒരു കാര്യംകൂടി ഞാൻ പറയട്ടെ

ചേച്ചി ഈ സമരത്തിൽ വിജയിക്കാൻ പോകുന്നില്ല
അഭയയെ കൊന്ന പാതിരിമാരെ രക്ഷിച്ചെടുക്കാൻ കോടികൾ ആണ് സഭ ഇന്ന് വരേ ചിലവാക്കിയിട്ടുള്ളത് എന്ന വസ്തുത മുൻനിൽക്കെ
കേരള സർക്കാരിനേക്കാൾ ആസ്തിയുള്ള സഭക്ക് ലൂസി കളപ്പുരക്കൽ എന്ന നിഷ്കളങ്കയായ ഒരു പാവം സ്ത്രീയെ നിശബ്ദയാക്കാൻ ഒരുപാടൊന്നും തലപുകക്കേണ്ടി വരില്ല എന്നാണ് ഈ എളിയവന്റെ നിഗമനം…
യുക്തിവാദികളൊഴികെ ചേച്ചിയുടെ കൂടെ ഇപ്പോഴുള്ള സഭാവിശ്വാസികൾ ആരും തന്നെ അവസാനം വരേ കൂടെയുണ്ടാകാനിടയുമില്ല..

ഇനി അഥവാ ചേച്ചി വിജയിച്ചാൽ ചേച്ചിയുടെ വിശ്വാസപ്രകാരം ചേച്ചിക്ക് യുക്തിവാദികളെ അംഗീകരിക്കാനും കഴിയില്ല…
സ്വഭാവികമായും ചേച്ചി യുക്തിവാദികളെ തള്ളിപറയേണ്ടി വരും…
അങ്ങനെയാണ് സമീപകാല ചരിത്രം…
എന്റേത് പോലുള്ള സമാന ചിന്താഗതിക്കാർ ചേച്ചിക്ക് പിന്തുണ നൽകുന്നതിൽ മടിച്ചു നിൽക്കാൻ കാരണവും ഇത് മാത്രമാണ് ചേച്ചി…

മതവിശ്വാസം എന്നാൽ ഒരു മാലിന്യകുഴിയാണ് ചേച്ചി
ആ മാലിന്യകുഴിയിൽ ദീർഘകാലം കഴിയേണ്ടി വന്നവർക്ക് ദുർഗന്ധം തിരിച്ചറിയുവാനുള്ള ശേഷി സ്വഭാവികമായും നഷ്ടപ്പെടും…
അതിൽ നിന്നും കരകയറി കുറച്ച് കാലത്തിന് ശേഷം മൂക്ക് പൊത്തികൊണ്ടല്ലാതെ അതിനരികിലൂടെ നമുക്ക് കടന്ന് പോകാൻ കഴിയില്ല

ജീവിതപ്രശ്ങ്ങളിൽ നട്ടംതിരിഞ്ഞ സഹജീവികൾ ആരെങ്കിലും ചേച്ചിയോട് പ്രധിവിധി തേടിയപ്പോൾ ചേച്ചി കൊടുത്തിട്ടുള്ള മറുപടി പ്രാർത്ഥിക്കുക എന്നായിരിക്കുമല്ലോ…

പ്രാർത്ഥിച്ചിട്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ല ചേച്ചി
കർത്താവിന്റെ മണവാട്ടിയെ പള്ളീലച്ചൻ പീഡിപ്പിക്കുന്നതിന് മുൻപായി പാതിരി അടിവസ്ത്രമൂരി കർത്താവിന്റെ മുഖം മറച്ചിരുന്നു എന്ന വാർത്ത ചേച്ചിയും കേട്ടിരിക്കുമല്ലോ…

മണവാട്ടി പീഡിപ്പിക്കപ്പെടുമ്പോൾ നിർവികാരനായി നോക്കിനിൽക്കേണ്ടി വന്ന ഒരു മണവാളനെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ല ചേച്ചി…

പുള്ളിയോട് പ്രാർത്ഥിച്ചിട്ട് ഒരു കാര്യവുമില്ല ചേച്ചി

കന്യാസ്ത്രീകളും കുലസ്ത്രീകളും ചാക്കിൽകേറിയ സ്ത്രീകളും തമ്മിൽ ഒരു അന്തരവുമില്ല ചേച്ചി…
നിങ്ങളെല്ലാവരും തലവളച്ച് സ്വന്തം നെഞ്ചിലേക്ക് അണിയടിച്ചിറക്കുന്ന ഒരു ചുറ്റിക മാത്രമാണ് ചേച്ചി…

ആദ്യം യുക്തിഉപയോഗിച്ച് ചിന്തിക്കാൻ ധൈര്യപെടുക…
പിന്നീട് പ്രവർത്തിക്കുക…

പറയുകയാണെങ്കിൽ നേരം പുലരുവോളം പറയുവാനുള്ള ആഭാസതരങ്ങളുടെ ചരിത്രമുണ്ട് ചേച്ചി സഭക്ക്…
പക്ഷെ ഞാൻ നിറുത്തുന്നു ചേച്ചി…

സ്നേഹത്തോടെ ഷാനു….