മോഡിയ്ക്ക് ഭീഷണിയുമായി പാക് ഗായിക റബി പിര്‍സാദ

ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ പാക് പ്രധാനമന്ത്രിയും രാഷ്ട്രീയ നേതാക്കളും കലാ കായിക രംഗത്തുള്ളവരും വളരെ പ്രകോപനപരമായ പ്രതികരണമാണ് ഇന്ത്യയ്‌ക്കെതിരെ നടത്തുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ മാത്രമല്ല രാജ്യത്തെ ജനങ്ങളെയാകെ ഭീഷണിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് പാക് ഗായിക റബി പിര്‍സാദ.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കുള്ള സമ്മാനങ്ങളിലൊന്ന് എന്ന തലക്കെട്ടോടു കൂടി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് പാക് ഗായിക ഭീഷണി മുഴക്കിയിരിക്കുന്നത്. മോദി ജമ്മു കാശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിന് തന്റെ വിഷപാമ്പുകള്‍ ആക്രമിക്കുമെന്ന് ഗായിക വീഡിയോയില്‍ പറയുന്നു. കൂടാതെ വിഷപാമ്പുകളെ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടത്തി വിടുമെന്നും ഭീഷണി മുഴക്കുന്നുണ്ട്.

അതേ സമയം, ഇതാദ്യമായല്ല പിര്‍സാദ ഇത്തരത്തില്‍ ഇന്ത്യയ്‌ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നത്. കശ്മീരികളുമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പാട്ടുകളും പിര്‍സാദ വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്.